സീറോ മലങ്കര മാർച്ച് 30 മത്തായി 8: 14-17 യേശു പത്രോസിന്റെ ഭവനത്തിൽ

കഫർണാമിലെ പത്രോസിന്റെ ഭവനം യേശു നിരന്തരം സന്ദർശിച്ചിരുന്നുവെന്ന് സുവിശേഷത്തിൽ പല പ്രാവശ്യം നാം വായിക്കുന്നു. ഇന്നത്തെ സുവിശേഷഭാഗത്ത് എന്തു കാരണത്താലാണ് യേശു അവിടെ വന്നത് എന്ന് മത്തായി ശ്ലീഹാ പറയുന്നില്ല. പക്ഷേ, യേശു വരുമ്പോൾ എന്തു സംഭവിച്ചു എന്നു പറയുന്നു. യേശുവിന്റെ സാന്നിധ്യമുള്ള ഭവനത്തിന് എല്ലാവിധമായ അനുഗ്രഹങ്ങളും ഉണ്ടാവും. മാത്രമല്ല, ഒരു കാരണവുമില്ലാതെ യേശുവിന് കടന്നുവരാമായിരുന്ന ഒരു ഭവനവുമായിരുന്നു ഇത്. എന്നാൽ, ഇപ്രാവശ്യം യേശു വന്നപ്പോൾ പത്രോസിന്റെ അമ്മായിയമ്മ പനി പിടിച്ചു സുഖമില്ലാതെ കിടപ്പിലായിരുന്നു. യേശു സ്വന്തം താല്‍പര്യത്താല്‍ നടത്തുന്ന, മത്തായിയുടെ സുവിശേഷത്തിലെ ആദ്യത്തെ അത്ഭുതമാണിത്. ഇവിടെ യേശുവിന്റെ സ്പർശനത്താൽ തന്നെ അവൾ സൗഖ്യം പ്രാപിക്കുന്നു. രോഗമുക്തി നേടിയ അവരുടെ ആദ്യ പ്രവൃത്തി യേശുവിനെ ശുശ്രൂഷിക്കുക എന്നതായിരുന്നു.

തന്റെ ശിഷ്യസമൂഹത്തെ രൂപപ്പെടുത്തുകയും സുവിശേഷം പ്രസംഗിക്കുകയും രോഗികളെ സൗഖ്യമാക്കുകയും ചെയ്യുന്ന യേശുവിന്റെ എല്ലാ പ്രവർത്തനങ്ങളെക്കുറിച്ചും ഒരുപക്ഷേ, കഫർണാമിലുള്ളവർക്ക്
നല്ല അറിവുണ്ടായിരുന്നിരിക്കണം. വൈകുന്നേരം ആകുമ്പോഴേയ്ക്കും ആ പ്രദേശത്തുള്ള രോഗികളേയും പിശാചുബാധിതരായ ആളുകളേയും സൗഖ്യത്തിനായി യേശുവിന്റെ അടുത്ത് കൊണ്ടുവരുന്നു. ഇവിടെ വചനം കൊണ്ട് പിശാചുക്കളെ പുറത്താക്കുകയും അങ്ങനെ തന്റെ ദൈവീകമായ അധികാരം യേശു പ്രകടമാക്കുകയും ചെയ്യുന്നു. മത്തായി ശ്ലീഹാ ഇത് ഏശയ്യാ പ്രവാചകന്റെ ഒരു പ്രവചനം നിവർത്തിയാകുന്ന പ്രവൃത്തിയായിട്ടാണ് പറഞ്ഞിരിക്കുന്നത്: “നമ്മുടെ വേദനകളാണ് യഥാർത്ഥത്തിൽ അവൻ വഹിച്ചത്. നമ്മുടെ ദുഖങ്ങളാണ് അവൻ ചുമന്നത്” (53:4). പഴയനിയമത്തിൽ പറയുന്ന ഇസ്രയേൽ ജനത്തിന്റെ വേദനകൾ എടുത്തുമാറ്റുകയും അവരുടെ സഹനങ്ങളിൽ പങ്കുചേരുകയും ചെയ്യുന്ന മിശിഹാ ഇവിടെ സന്നിഹിതമായിരിക്കുന്നുവെന്ന് യേശുവിന്റെ പ്രവൃത്തികൾ സാക്ഷിക്കുന്നു.

ഇസ്രായേൽ പ്രതീക്ഷിക്കുന്ന മിശിഹായാണ് യേശുവെന്ന് മറ്റുള്ളവർക്ക് കാണിച്ചുകൊടുക്കുക അവിടുത്തെ പ്രവർത്തനങ്ങളാണ്. അതുപോലെ തന്നെ യേശു ഇപ്പോൾ നൽകുന്ന ശാരീരികസൗഖ്യം അവിടുത്തെ കുരിശുമരണത്തിലൂടെ നേടിയെടുക്കാൻ പോകുന്ന ആത്മീയനന്മകളുടെ പ്രതിഫലനവുമാണ്. ശാരീരികസൗഖ്യത്തിനുവേണ്ടി മാത്രമല്ല, എപ്പോഴും ദൈവത്തിൽ ആശ്രയിച്ച് പ്രത്യാശയോടെ കഴിയേണ്ടുന്നവരാണ് നാം. എന്നാൽ ആത്മീയവും ശാരീരികവുമായ സൗഖ്യവും നമ്മോടൊത്തുള്ള ദൈവസാന്നിധ്യത്തിന്റെ അടയാളമാണ്. കഫർണാമിലെ പത്രോസിന്റെ ഭവനം പോലെ യേശുവിന്റെ സാന്നിധ്യം എപ്പോഴുമുള്ള ഭവനങ്ങളായി നമ്മുടെ ഭവനങ്ങൾ മാറുമ്പോൾ അവിടെ ദൈവീകാനുഗ്രഹങ്ങൾ ഉണ്ടാവും. നമ്മുടെ ഭവനത്തിലുള്ള യേശുസാന്നിധ്യം മറ്റുള്ളവർക്കും അനുഗ്രഹത്തിനു കാരണമാവും.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍