സീറോ മലങ്കര ഫെബ്രുവരി 26 മത്തായി 7: 13-20 ഇടുങ്ങിയ വാതിൽ, വ്യാജപ്രവാചകന്മാർ

ജീവിതത്തിൽ എന്തെങ്കിലുമൊക്കെ ലക്ഷ്യം വച്ച് യാത്ര ചെയ്യുന്നവരാണ് നമ്മൾ. ദൈവത്തിൽ എത്തിച്ചേരുക എന്നതാണ് നമ്മുടെ ആത്യന്തികലക്ഷ്യം. ഇന്ന് യേശു നമ്മോടു പറയുന്നത്, നിത്യജീവനിലേയ്ക്ക് പ്രവേശിക്കുന്നതിനുള്ള വാതിൽ ഇടുങ്ങിയതാണെന്നാണ്. പഴയകാലത്ത് ശത്രുക്കളുടെ പെട്ടെന്നുള്ള ആക്രമണങ്ങളിൽ നിന്നും മറ്റും രക്ഷ നേടുന്നതിന് നഗരത്തിനുചുറ്റും കോട്ടകൾ നിർമ്മിച്ചിരുന്നു. ഇത്തരം നഗരങ്ങളിലെ മതിലുകളുടെ പ്രധാനഭാഗങ്ങളിൽ മനുഷ്യനും മൃഗങ്ങൾക്കും കച്ചവടക്കാർക്കും കടന്നുപോകാവുന്ന വലിയ വാതിലുകളുണ്ട്. എന്നാൽ, അതിനു വശങ്ങളിൽ കാൽനടക്കാർക്കുവേണ്ടി ചെറിയ വാതിലുകളും ഉണ്ടായിരുന്നു. ഇതറിയാമായിരുന്ന യേശുവിന്റെ ശ്രോതാക്കൾക്ക് ഈ ഉപമയുടെ അർത്ഥം പെട്ടെന്ന് മനസ്സിലായിരുന്നു. എന്നാൽ, ഇവിടെ യേശു ഉദ്ദേശിക്കുന്നത് രണ്ടു വിധത്തിലുള്ള സ്ഥലങ്ങളിലേയ്ക്ക് പോകുന്നതിനായി തുറക്കപ്പെടുന്ന വാതിലുകളെക്കുറിച്ചാണ്.

സൃഷ്ടിയുടെ ആരംഭം മുതൽ മനുഷ്യജീവിതം രണ്ടു തരത്തിലുള്ള തിരഞ്ഞെടുപ്പുകളുടെ ആകെത്തുകയാണ്. അനുസരണത്തിന്റെയും അനുസരണക്കേടിന്റേതുമായ തിരഞ്ഞെടുപ്പുകളാണ് ആദത്തിന്റെയും ഹവ്വയുടെയും (മനുഷ്യകുലത്തിന്റെ തന്നെയും) ഭാവി നിശ്ചയിക്കുന്നത്. ജീവന്റെ വൃക്ഷവും നന്മ-തിന്മകളെ വിവേചിച്ചറിയുന്ന വൃക്ഷവും എപ്പോഴും നമ്മോടു കൂടെയുണ്ട്. ഏതു മനുഷ്യന്റെയും വിജയത്തിന്റെയോ, പരാജയത്തിന്റെയോ അടിസ്ഥാനം ഒരുവൻ നടത്തുന്ന തിരഞ്ഞെടുപ്പുകളെ ആശ്രയിച്ചാണിരിക്കുന്നത്. ഇവിടെ നമുക്ക് തിരഞ്ഞെടുക്കാനുള്ളത് ഒന്നുകിൽ ദൈവത്തിന്റെ വഴി അല്ലെങ്കിൽ തിന്മയുടെ വഴി. എന്നാൽ ഇവ രണ്ടും തമ്മിൽ വലിയ അന്തരമുണ്ട്!

തന്റെ ശിഷ്യന്മാർ, അധികമാരും പോകാൻ തയ്യാറാകാത്ത ഇടുങ്ങിയ വാതിലിൽക്കൂടി പ്രവേശിക്കുന്നവരാകണമെന്ന് യേശു ആഗ്രഹിക്കുന്നു. ചിലപ്പോൾ കഷ്ടപ്പാടും പ്രയാസവും പീഡനങ്ങളും നിറഞ്ഞതാണ് ഈ പാത. വിശാലമെന്നു നാം കരുതുന്ന വഴിയിൽക്കൂടിയും നമുക്ക് യാത്ര ചെയ്യാം. യഥാർത്ഥത്തിൽ ആ പാതയിലൂടെയാണ് മിക്കവരും യാത്ര ചെയ്യുന്നത്. പക്ഷേ, അത് അവസാനിക്കുന്നത് നാശത്തിലാണെന്നു മാത്രം. അതുകൊണ്ടാണ് വ്യാജപ്രവാചകന്മാരെക്കുറിച്ച് നാം ബോധവാന്മാരായിരിക്കണം എന്ന് യേശു പറയുന്നത്. കാരണം, ആളുകളെ പറഞ്ഞു വഴിതെറ്റിച്ച് വിശാലവഴിയിലൂടെ നയിച്ച് നാശത്തിലേയ്ക്കു കൊണ്ടുപോകുന്നവരാണവർ. അവർ ധരിച്ചിരിക്കുന്നത് ആടുകളുടെ വസ്ത്രമായിരിക്കുന്നതിനാൽ അവരെ തിരിച്ചറിയുന്നത് ബുദ്ധിമുട്ടായിരിക്കും. എന്നാൽ, ചെന്നായ്ക്കളുടെ സ്വഭാവമായതിനാൽ അവരുടെ പെരുമാറ്റത്തിൽ നിന്നും നമുക്കവരെ തിരിച്ചറിയാം. യേശുവിന്റെ പാതയിലൂടെ നിത്യം സഞ്ചരിച്ച് സ്വർഗ്ഗകവാടത്തിലൂടെ അകത്ത് പ്രവേശിക്കുന്നതിനുള്ള അനുഗ്രഹം ഈ നോമ്പനുഷ്ഠാനത്തിലൂടെ നമുക്കും സമ്പാദിക്കാം (കൂടുതൽ വിശദീകരണത്തിന് നവംബർ 19-ലെ വിചിന്തനം കാണുക).

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍