സീറോ മലങ്കര ഫെബ്രുവരി 22 മത്തായി 24: 45-51 വിശ്വസ്തനും വിവേകിയുമായ ഭൃത്യൻ

തന്റെ ശിഷ്യന്മാർക്ക് എങ്ങനെയാണ് വിശ്വസ്തരും വിവേകികളുമായ സേവകന്മാർ ആകുവാൻ സാധിക്കുന്നതെന്ന് ഇന്നത്തെ സുവിശേഷത്തിൽ യേശു നമ്മോടു പറയുന്നു. സ്വർഗ്ഗരാജ്യത്തിന്റെ രഹസ്യങ്ങൾ അറിയാൻ അനുഗ്രഹം ലഭിച്ചവരാണ് ക്രിസ്തുശിഷ്യർ. യേശുവിന്റെ അസാന്നിധ്യത്തിലും, ദൈവവചനം പകർന്നു കൊടുക്കുന്നവാനും ദൈവജനത്തിന്റെ ആത്മീയകാര്യങ്ങൾ കൃത്യനിഷ്ഠയോടെ നിവർത്തിക്കുവാനും അവർക്കു സാധിക്കണം. രണ്ടായിരം വർഷമായി അനേകം വിശ്വസ്തരും വിവേകികളുമായ സേവകന്മാർ ഉണ്ടായിരുന്നതിനാലാണ് നമ്മുടെ സഭ ഇന്നും നിലനിൽക്കുന്നത്.

ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്റററിനു നേരെ 2001 സെപ്റ്റംബർ 11-നുണ്ടായ ഭീകരാക്രമണത്തിൽ മൂവായിരത്തിലധികം സാധാരണക്കാരായ മനുഷ്യരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇപ്പോൾ അവിടെയുള്ള സ്മാരകത്തിൽ അവരുടെയെല്ലാം പേരുകൾ എഴുതിവച്ചിട്ടുണ്ട്. ഇവിടെ രേഖപ്പെടുത്തിയിരിക്കുന്ന ഒന്നാമത്തെ ഔദ്യോഗിക മരണം ന്യൂയോർക്ക് അഗ്നിശമന വകുപ്പിന്റെ ചാപ്ലെയിനായി സേവനമനുഷ്ഠിച്ച 68 വയസുള്ള ഫ്രാൻസിസ്കൻ വൈദികൻ മൈക്കൽ ജഡ്ജിന്റേതാണ്. ഭീകരർ ഒന്നാമത്തെ ടവറിൽ വിമാനം ഇടിച്ചിറക്കിയപ്പോൾ ഫാ. മൈക്കിൾ അവിടെ ഓടിയെത്തി അപകടത്തിൽപ്പെട്ടവരെ ശുശ്രൂഷിക്കുന്ന സമയത്ത് മുകളിൽ നിന്നും തലയിൽ വീണ അവശിഷ്ടങ്ങൾക്കിടയിൽപ്പെട്ട് അദ്ദേഹം മരിക്കുകയായിരുന്നു. ഫാ. മൈക്കിൾ അവസാനം ഉച്ചരിച്ച വാക്ക് ‘യേശു’ എന്നായിരുന്നു.

1992 മുതൽ ഫാ. മൈക്കിൾ, ന്യൂയോർക്ക് അഗ്നിശമന വകുപ്പിന്റെ ചാപ്ലെയിനായി സേവനമനുഷ്ഠിക്കുകയായിരുന്നു. പ്രത്യേകിച്ചും, കഷ്ടപ്പെടുന്നവരെയും ദുരിതമനുഭവിക്കുന്നവരെയും ആശ്വസിപ്പിക്കുന്നതിൽ അദ്ദേഹം അതിയായ ആനന്ദം കണ്ടെത്തി. അഗ്നിശമന സേനാംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും മാത്രമല്ല, നഗരത്തിലെ ഭവനരഹിതർ, വിശക്കുന്നവർ, മദ്യപാനികൾ, എയ്ഡ്‌സ് ബാധിതർ, രോഗികൾ, കുടിയേറ്റക്കാർ തുടങ്ങിയവർക്കെല്ലാം അദ്ദേഹം മറ്റൊരു ഫ്രാൻസിസ് അസീസിയായി മാറി. ഒരിക്കൽ എയ്ഡ്‌സ് ബാധിച്ച് മരിച്ചുകൊണ്ടിരുന്ന ഒരാൾക്ക് അന്ത്യകൂദാശ കൊടുക്കുന്ന സമയത്ത് അയാൾ ചോദിച്ചു: “ദൈവം എന്നെ വെറുക്കുന്നുവെന്ന് അങ്ങ് കരുതുന്നുണ്ടോ?” ഫാ. മൈക്കിൾ ഒരു വാക്കു പോലും പറയാതെ അയാളെ എടുത്ത് ചുംബിച്ചു. നിശബ്ദമായി അവന്റെ കരം ഗ്രസിച്ചു. വാക്കുകളേക്കാൾ കൂടുതൽ തന്റെ പ്രവൃത്തിയിലൂടെ അദ്ദേഹം വിശ്വസ്തനും വിവേകിയുമായ ദാസനാണെന്നു തെളിയിച്ചു. നമ്മുടെ സഹോദരങ്ങൾക്ക് മറ്റൊരു യേശുവായിത്തീർന്ന് കർത്താവിന്റെ രണ്ടാമത്തെ വരവിൽ അവിടുന്ന് ഒരുക്കിയിരിക്കുന്ന പ്രതിഫലം സന്തോഷത്തോടെ ഏറ്റുവാങ്ങുന്നതിന് നമുക്ക് പരിശ്രമിക്കാം (കൂടുതൽ വിശദീകരണത്തിന് ജനുവരി 18, ഫെബ്രുവരി 9 തീയതികളിലെ വിചിന്തനം കാണുക).

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍