സീറോ മലങ്കര ഫെബ്രുവരി 20 മര്‍ക്കോ. 9: 33-37 സ്വർഗ്ഗരാജ്യത്തിലെ വലിയവൻ

കഫർണാമിൽ എത്തുമ്പോഴെല്ലാം യേശു, പത്രോസിന്റെയും അന്ത്രയോസിന്റെയും ഭവനം സന്ദർശിച്ചിരുന്നു. അവിടെ ശിഷ്യന്മാരുടെ കൂടെ തനിച്ചായിരിക്കുമ്പോൾ വഴിയിൽ അവരുടെ സംസാരവിഷയം എന്തായിരുന്നുവെന്ന് യേശു ആരായുന്നു. വഴിയിലെ ഈ സംഭാഷണത്തിനു തൊട്ടുമുമ്പാണ് യേശു തന്റെ പീഡാസഹനത്തെക്കുറിച്ചും കുരിശുമരണത്തെക്കുറിച്ചും സംസാരിക്കുന്നത്. അതുകൊണ്ടു തന്നെ സംഭാഷണവിഷയമായ “അധികാരത്തർക്കം” എന്ന ഉള്ളടക്കം യേശുവിനോട് വെളിപ്പെടുത്താതെ അവർ മിണ്ടാതിരുന്നു. എന്നാൽ, അവരുടെ എല്ലാ ഹൃദയവിചാരങ്ങളും യേശു അറിയുന്നുണ്ടായിരുന്നു.

പിന്നീട്, യേശു ഒരു ഗുരുവിന്റെ ആധികാരികത വെളിപ്പെടുത്തുന്നതിനും താൻ പറയാൻ പോകുന്ന കാര്യത്തിന്റെ പ്രാധാന്യം കാണിക്കുന്നതിനുംവേണ്ടി ഇരുന്നുകൊണ്ട് അവരെ പഠിപ്പിക്കുന്നു. ലോകത്തിൽ “വലിയവരായിരിക്കുന്നവർക്ക്” മറ്റുള്ളവരുടെ മുമ്പിൽ സ്വാധീനവും പ്രശസ്തിയും അധികാരവും ഒക്കെയുണ്ട്. യേശുവിന്റെ കാലത്ത് സേവകൻ എന്നത് ആരും മനസ്സാലെ ആഗ്രഹിക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്ന ഒരു പദവിയായിരുന്നില്ല. ഇവിടെ ലോകത്തിന് അപ്രായോഗികവും വൈരുദ്ധ്യവുമെന്നു തോന്നുന്നത് യേശുവിന്റെ സത്യവും യുക്തിയുമായി മാറുന്നു. സേവനത്തിലൂടെ ഒരാൾ വലിയവനായിത്തീരുന്ന പുതിയ ശൈലിയാണ് തന്റെ ശിഷ്യന്മാർക്ക് നേതൃത്വത്തിന് അനുകരണീയ മാതൃകയായി യേശു നൽകുന്നത്. എപ്പോഴും സമൂഹത്തിൽ ഉന്നതമായ സ്ഥാനങ്ങളും അധികാരവും ഉള്ളവർക്കാണ് വിലയുള്ളത്. എന്നാൽ, യേശുവിന്റെ ഈ ആശയം ക്രിസ്തീയസഭ ആദ്യനൂറ്റാണ്ടു മുതൽ നടപ്പാക്കിയത് (ഫിലി. 2:3-4; 1 പത്രോ. 5:3) ക്രിസ്തീയസമൂഹങ്ങളിലൂടെ ലോകത്തിൽ വലിയ മാറ്റത്തിനു കാരണമായിത്തീർന്നു.

യേശു ഇവിടെ പ്രതീകാത്മകമായ ഒരു പ്രവർത്തിയിലൂടെ, ഒരു ശിശുവിനെയെടുത്തു അവരുടെ മുമ്പിൽ നിർത്തി പ്രവചനാത്മകമായ ഒരു പ്രഖ്യാപനം നടത്തുന്നു. അറമായ, ഗ്രീക്ക് ഭാഷകളിൽ ‘ശിശു’ എന്ന വാക്കിന് സേവകൻ എന്നുകൂടി അർത്ഥമുള്ളത് “ഈ ശിശുവിനെപ്പോലെയാകണം” എന്ന് പറയുന്നതിനെ കൂടുതൽ വിശാലമായ അർത്ഥത്തിൽ നാം മനസ്സിലാക്കണമെന്നാണ്. സമൂഹത്തിലെ ബലഹീനരോടും ദുർബലരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ഒരു പ്രവൃത്തി കൂടിയാണിത്. പിന്നീട്, യേശു ഒരുപടി കൂടി കടന്ന് ശിശുവിന്റെ സ്ഥാനത്ത് തന്നെത്തന്നെ പ്രതിഷ്ഠിച്ചുകൊണ്ട് അവരെ സ്വീകരിക്കുന്നവർ എന്നെ സ്വീകരിക്കുന്നുവെന്നും വീണ്ടും, അത് പിതാവായ ദൈവത്തെ സ്വീകരിക്കുന്നതിനു തുല്യമാണെന്നും പറയുന്നു. പാവങ്ങളെയും പരിത്യക്തരെയും ബലഹീനരെയും തന്റെ പ്രതിനിധികളായി യേശു ഇവിടെ അവതരിപ്പിച്ചിരിക്കുന്നു. ശിഷ്യന്മാരുടെ ‘ബലഹീനത’ നമ്മോടു പറയുക എന്നതിനേക്കാൾ, മനുഷ്യപ്രകൃതിയിലുള്ള ദൈവത്തിന്റെ പദ്ധതികൾക്ക് തടസ്സം നിൽക്കുന്ന മനോഭാവത്തിൽ നിന്നും നാം മോചിതരായി മറ്റുള്ളവർക്ക് നന്മ ചെയ്യുന്നവരായി മാറണം എന്നാണ് ഈ സുവിശേഷംഭാഗം നമ്മോടു പറയുന്നത് (കൂടുതൽ വിശദീകരണത്തിന് ജനുവരി 31-ലെ വിചിന്തനം കാണുക).

ഫാ. മാത്യു ചാർത്താക്കുഴിയിൽ