സീറോ മലങ്കര ഡിസംബർ 11 മത്തായി 10: 26-33 നിർഭയം സാക്ഷ്യം നൽകുക

സുവിശേഷത്തിന് ഭയം കൂടാതെ സാക്ഷിയാകുന്നതിന് ശിഷ്യന്മാർക്ക് ആത്മധൈര്യം പകർന്നുനൽകുന്ന ക്രിസ്‌തോപദേശങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. യേശുവിന്റെ ശിഷ്യന്മാരുടെ എതിരാളികൾ യേശുവിന്റെ പ്രതിയോഗികൾ തന്നെയാണ്. അവർക്കുവേണ്ടി പടപൊരുതാൻ ദൈവം എപ്പോഴും കൂടെയുണ്ടാവും. അതിനർത്ഥം അവർക്ക് കഷ്ടപ്പാടും പ്രയാസവും ഉണ്ടാകില്ലെന്നല്ല. ചിലർക്കെങ്കിലും അങ്ങനെയുള്ള അവസരങ്ങളിൾ കർത്താവ് കൂടെയില്ലെന്നു കരുതി സുവിശേഷം പ്രസംഗിക്കുന്നത് അവസാനിപ്പിക്കാനുള്ള പ്രലോഭനമുണ്ടാകാം. മറ്റു ചിലർക്ക് തങ്ങളുടെ സൗകര്യാർത്ഥം ക്രിസ്തുസന്ദേശം വെള്ളം ചേർത്ത് മയപ്പെടുത്തി പകർന്നുകൊടുക്കാനും തോന്നാം. ശിഷ്യന്മാരെ ഏല്പിച്ചിരിക്കുന്ന ഈ വലിയ ദൗത്യം മടിയും കലർപ്പും കൂടാതെ നല്കാൻ അവർക്ക് കഴിയണം. കാരണം, അനേകരുടെ ആത്മരക്ഷ നമ്മുടെ സുവിശേഷപ്രഘോഷണത്തെ ആശ്രയിച്ചാണിരിക്കുന്നത്.

ഗുരുവിനോട് ചെയ്തതു തന്നെ ലോകം ശിഷ്യന്മാരോടും ചെയ്യും. ഭയപ്പെടാതെ സുവിശേഷം പ്രസംഗിക്കുന്ന സമീപനങ്ങൾ രക്തസാക്ഷിത്വത്തിലേയ്ക്ക് നയിച്ചേക്കാം. നമ്മുടെ ശത്രുക്കൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം ശരീരത്തെ കൊല്ലുക എന്നതാണ്; പക്ഷേ, അവർക്ക് ആത്മാവിനെ കൊല്ലാൻ കഴിയില്ല. അതിനാൽ നമ്മെ പീഡിപ്പിക്കുന്നവരേക്കാൾ ദൈവത്തെയാണ് നാം ഭയപ്പെടേണ്ടത്. കാരണം, ശരീരത്തിനും ആത്മാവിനും മേൽ ദൈവത്തിനു മാത്രമേ അധികാരമുള്ളൂ. യേശുവിനെ ശത്രുക്കളുടെ മുമ്പാകെ ഏറ്റുപറയുന്ന ശിഷ്യനെ യേശു തന്റെ സ്വർഗ്ഗീയപിതാവിന്റെ മുമ്പാകെ ഏറ്റുപറയും. നേരെ മറിച്ചും സംഭവിക്കാം, ഭൂമിയിൽ തന്റെ ജീവൻ രക്ഷിക്കാൻ ശിഷ്യത്വം ഉപേക്ഷിക്കുമ്പോൾ ന്യായവിധി ദിവസം അവനെ പ്രതിരോധിക്കാൻ യേശുവിനും കഴിയില്ല.

ക്രിസ്തുശിഷ്യന്റെ ആത്യന്തികലക്ഷ്യം സ്വർഗ്ഗം പ്രാപിക്കുക എന്നതാണ്. സുഭാഷിതങ്ങളിൽ നാം ഇപ്രകാരം വായിക്കുന്നു: “ദൈവഭക്തിയാണ് ജ്ഞാനത്തിന്റെ ഉറവിടം; പരിശുദ്ധനായവനെ അറിയുന്നതാണ് അറിവ്” (9:10). യേശുവിന്റെ പ്രബോധനത്തിന്റെ അർത്ഥം ശരിയായി മനസിലാക്കിയതുകൊണ്ടാണ് പത്രോസും മറ്റു ശിഷ്യന്മാരും തങ്ങളെ കാരാഗ്രഹത്തിലാക്കിയവരോട് പറയുന്നത്: “മനുഷ്യരേക്കാൾ ദൈവത്തെയാണ് അനുസരിക്കേണ്ടത്” (അപ്പ. 5:29). ഈ ദൈവഭയം ദൈവത്തിന്റെ വാഗ്ദാനത്തിലുള്ള വിശ്വാസത്തെയും കാണിക്കുന്നു. മനുഷ്യൻ വലിയ വിലയില്ലെന്നു കരുതുന്ന പറവകളെപ്പോലും ദൈവം മനോഹരമായി സംരക്ഷിക്കുന്നുവെങ്കിൽ, ദൈവതിരുമുമ്പിൽ വലിയ വിലയുള്ളവരായ നമ്മെ ദൈവം എത്രമാത്രം കരുതുന്നുണ്ടെന്നും യേശു പറയുന്നു. നമുക്കു പോലും എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്ത നമ്മുടെ മുടിയിഴയുടെ എണ്ണം പോലും ദൈവം അറിയുന്നുവെന്നു പറയുമ്പോൾ നാമോരോരുത്തരുടെയും ജീവനിലുള്ള ദൈവത്തിന്റെ ശ്രദ്ധ എത്ര വലുതായിരിക്കും.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍