സീറോ മലങ്കര ഡിസംബർ 04 മത്തായി 5: 21-26 സഹോദരനുമായി രമ്യതപ്പെടുക

കൊല്ലരുത് എന്ന ആറാം കല്പനയ്ക്ക് യേശു ഇവിടെ ഒരു പുതിയ വ്യാഖാനം നൽകുന്നു. യഥാർത്ഥത്തിൽ കൊലപാതകം എന്ന വലിയ അകൃത്യം ഒരാളുടെ ആന്തരിക മനോഭാവത്തിന്റെ ബാഹ്യപ്രകടനം മാത്രമാണ്. ആദ്യം ഒരുവന്റെ ചിന്തയിലും പിന്നീട് വാക്കിലുമാണ് മിക്കപ്പോഴും “കൊലപാതകം” രൂപം കൊള്ളുന്നത്. അതുകൊണ്ടാണ് അയൽക്കാരനെയും സഹോദരങ്ങളെയും വെറുക്കുന്നത് കൊലപാതക തുല്യമാണെന്ന് യേശു ഇവിടെ പറയുന്നത്. ദൈവം സാമുവേൽ പ്രവാചകനിലൂടെ അരുളിച്ചെയ്തു: “മനുഷ്യൻ ബാഹ്യരൂപത്തിൽ ശ്രദ്ധിക്കുന്നു; കർത്താവാകട്ടെ ഹൃദയഭാവത്തിലും” (1 സാമു. 16:7).

ഇത്തരത്തിലുള്ള വലിയ തിന്മ ചെയ്യുന്നവർ നരകാഗ്നിക്ക് ഇരയാകും. നരകം എന്ന് മലയാളത്തിൽ വിവർത്തനം ചെയ്തിരിക്കുന്നത് “ഗേഹന്ന” എന്ന ഹീബ്രു വാക്കാണ്. യെറുശലേമിനു പുറത്തുള്ള ഹിന്നോം താഴ്‌വരയിലുള്ള (ഗേ ഹിന്നോം) ഒരു ചെറിയ സ്ഥലമായിരുന്നു ഗേഹന്ന. ഒരു കാലത്ത് പുറജാതികളുടെ ദൈവമായ മോളോക്കിന് നരബലി നടത്തിയിരുന്ന പ്രത്യേകിച്ച്, കുഞ്ഞുങ്ങളെ തീയിലിട്ടു ബലിയർപ്പിച്ച, സ്ഥലമായിരുന്നു ഇത് (2 രാജാ. 23:10; ജറ. 7:31). അതുകൊണ്ട് എപ്പോഴും തീയും പുകയും വമിക്കുന്ന, ആരും പോകാൻ ഭയപ്പെടുന്ന ഈ സ്ഥലം നരകതുല്യമായ പ്രതീതി ഉളവാക്കിയിരുന്നു.

ഇസ്രായേൽക്കാരൻ ബലിയർപ്പിക്കുന്ന ഒരേയൊരു സ്ഥലം ജെറുസലേം ദേവാലയമായിരുന്നു. യേശു ഈ ഉപദേശം നൽകുന്ന ഗലീലിയയിൽ നിന്നും ഏകദേശം എൺപതു കിലോമീറ്റർ ദൂരത്തിലായിരുന്നു ദേവാലയം. അപ്പോൾ ബലിമൃഗത്തെ അവിടെ വച്ചിട്ട് തിരികെപ്പോയി സഹോദരനോട് രമ്യപ്പെട്ട് വീണ്ടും വന്നു ബലിയർപ്പിക്കുക എന്നത് വളരെ ദുഷ്കരവും അപ്രായോഗികവുമായ കാര്യമാണ്. ഇത്തരം അസാധാരണമായ സ്വഭാവരീതികളും പുണ്യങ്ങളും നമുക്ക് വലിയ ദൈവീക അനുഗ്രഹങ്ങൾ വാങ്ങിത്തരും. പൗലോസ് ശ്ലീഹ പറയുന്നു: “നിങ്ങളുടെ കോപം സൂര്യൻ അസ്തമിക്കുന്നു വരെ നീണ്ടുപോകാതിരിക്കട്ടെ” (എഫേ. 4: 26).

പ്രതിയോഗിയോട് കോടതിക്ക് പുറത്തുവച്ചു രമ്യതപ്പെടാൻ യേശു ആവശ്യപ്പെടുന്നത് മോശമായ ബന്ധങ്ങളും സ്വഭാവരീതികളും ജീവിതത്തിൽ നിന്ന് വേഗം നീക്കിക്കളയണം എന്ന അർത്ഥത്തിലാണ്. നമ്മുടെ ജീവിതത്തിലെ പിണക്കങ്ങളെയും മുറിഞ്ഞുപോയ ബന്ധങ്ങളെയും വീണ്ടും ക്രിസ്തുവിൽ വിളിക്കിച്ചേർത്ത്‌ നമ്മുടെ നിത്യരക്ഷ ലക്ഷ്യമാക്കി നിരന്തരം പ്രവൃത്തിക്കാം.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ