സീറോ മലങ്കര നവംബർ 22 , ലൂക്കോസ് 6:43-45 ഫലത്തിൽനിന്ന് വൃക്ഷത്തെ അറിയുക  

തന്റെ ശ്രോതാക്കൾക്ക് മനസ്സിലാകുന്ന, പ്രകൃതി നമുക്ക് നൽകുന്ന ചില  ഉദാഹരണങ്ങളിലൂടെ, യേശു ജനങ്ങളെ ചില നിത്യസത്യങ്ങൾ പഠിപ്പിക്കുന്നു. നല്ല ഫലവും ചീത്ത ഫലവും നൽകുന്ന വൃക്ഷങ്ങളുണ്ട്. ഉല്പത്തി പുസ്തകത്തിൽ ജീവന്റെ വൃക്ഷത്തെക്കുറിച്ചും,  നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തെക്കുറിച്ചും വിവരിക്കുന്നുണ്ട് (ഉല്പത്തി 2:9). ഉൽകൃഷ്ട ഫലങ്ങൾ പുറപ്പെടുവിക്കുന്ന വൃക്ഷങ്ങളാണവ. ഒരു  വൃക്ഷത്തിന്റെ ഫലം നോക്കിയാണ് ഏതു തരം വൃക്ഷമാണെന്നു  തിരിച്ചറിയുന്നത്. ഇങ്ങനെ മനുഷ്യരെയും വിവേചിച്ചറിയാൻ സാധിക്കുമെന്ന് യേശു പഠിപ്പിക്കുന്നു. മനുഷ്യരിലുള്ള നന്മതിന്മകൾ ഉത്ഭവിക്കുന്നത് മനസിൽനിന്നാണ്. അവിടെ തുടങ്ങുന്ന ചിന്തകൾ നമ്മുടെ പ്രവർത്തന മേഖലകളെയെല്ലാം സ്വാധീനിക്കും.

ഇനിയും എങ്ങനെയാണു നമുക്ക് എപ്പോഴും സൽഫലങ്ങൾ പുറപ്പെടുവിക്കുന്ന വൃക്ഷംപോലെ നന്മകൾ പുറപ്പെടുവിക്കുന്ന മനുഷ്യരായി തീരാൻ സാധിക്കുക? ഏറ്റം പ്രധാനമായും നന്മയുടെ യഥാര്‍ത്ഥ ഉറവിടം ഏതെന്നു നാം കണ്ടെത്തണം.  നമ്മെ സംബന്ധിച്ചു അത് നമ്മുടെ  ദൈവം തന്നെയാണ്. സങ്കീര്‍ത്തകൻ മനോഹരമായി പറഞ്ഞിരിക്കുന്നു: “ദുഷ്ടരുടെ ഉപദേശം സ്വീകരിക്കുകയോ പാപികളുടെ വഴിയിൽ വ്യാപാരിക്കുകയോ പരിഹാസകാരുടെ പീഠങ്ങളിൽ ഇരിക്കുകയോ ചെയ്യാത്തവൻ ഭാഗ്യവാൻ…നീർച്ചാലിനരികെ നട്ടതും  യഥാകാലം ഫലം തരുന്നതും ഇല കൊഴിയാത്തതുമായ വൃക്ഷംപോലെയാണവൻ” (സങ്കീര്‍ത്തനങ്ങൾ 1:1,3).  ദൈവമാകുന്ന നീർച്ചാലിനരികിൽ നിന്നും നിരന്തരം നന്മകൾ സ്വീകരിച്ചു വളരുന്നവരാകണം നമ്മൾ. അതുപോലെ തന്നെ എല്ലാതിന്മകളുടെയും  ഉറവിടം പിശാചാണ്. വി.യോഹന്നാൻ ശ്ലീഹ എഴുതുന്നു: “പാപം ചെയ്യുന്നവൻ പിശാചിൽ നിന്നുള്ളവനാണ്. എന്തെന്നാൽ, പിശാച് ആദിമുതലേ പാപം ചെയ്യുന്നവനാണ്” (1 യോഹന്നാൻ 3:8). പിശാചിൽനിന്നും അവന്റെ പ്രലോഭനത്തിൽനിന്നും നിരന്തരം നാം ഓടിയൊളിക്കണം.

ആന്തരിക സുകൃതങ്ങളും, പുണ്യങ്ങളും  ഉള്ളവർക്ക് മാത്രമേ ആത്യന്തികമായി  ക്രിസ്തീയ നന്മകൾ പ്രസരിപ്പിക്കാൻ സാധിക്കൂ. പൊയ്മുഖങ്ങൾ എന്നെങ്കിലും പൊളിഞ്ഞു വീഴും. അതുകൊണ്ടു ബാഹ്യമായ പ്രകടനങ്ങളെക്കാൾ അന്തരീകമായൊരു മാറ്റമാണ് നമുക്ക് അനിവാര്യമായിരിക്കുന്നത്. വൈകല്യങ്ങളുടെ വേരുകൾ പാടെ പിഴുതെറിഞ്ഞു  പ്രാർത്ഥനയിലൂടെയും, തപസ്സിലൂടെയും  ശക്തമായ  ആത്മീയജീവിതം പടുത്തുയർത്തി സത്‌ഫലങ്ങൾ  പുറപ്പെടുവിക്കുന്നവരായി നമുക്കിന്നു മാറാം.

ഫാ. മാത്യു ചാർത്താക്കുഴിയിൽ