സീറോ മലങ്കര നവംബർ 10 മത്തായി 7: 21-28 യഥാർഥ ശിഷ്യർ

സ്വർഗസ്ഥനായ പിതാവിന്റെ ഇഷ്ടം ഭൂമിയിൽ നിറവേറ്റുന്നവരാണ് യഥാർഥത്തിൽ സ്വർഗരാജ്യത്തിൽ പ്രവേശിക്കുന്നത്. യേശു നമ്മെ പഠിപ്പിച്ച “സ്വർഗസ്ഥനായ പിതാവേ” എന്ന പ്രാർഥന ദിവസവും പലതവണ ചൊല്ലുന്ന നാം, “അവിടുത്തെ ഇഷ്ടം സ്വർഗത്തിലെപ്പോലെ ഭൂമിയിലും നിറവേറണേ” എന്ന് ദൈവത്തോട് അപേക്ഷിക്കേണ്ടതുണ്ട്. പ്രാർഥനയിലൂടെമാത്രമേ നമ്മെക്കുറിച്ചുള്ള ദൈവഹിതം എന്തെന്ന് പൂർണ്ണമായും അറിയുന്നതിന് നമുക്ക് സാധിക്കൂ. ദൈവഹിതം എവിടെ പൂർണ്ണമായും നടപ്പാക്കുന്നുവോ അവിടമാണ് സ്വർഗം. അങ്ങനെ ദൈവേഷ്ടം  ഭൂമിയിൽ നടപ്പാക്കുന്നവർ ഭൂമിയിൽ ‘സ്വർഗം’ സൃഷ്ടിക്കുന്നു.

പാറമേൽ ഭവനംപണിയുക എന്നാൽ, ദൈവത്തെ നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാനമാക്കുക എന്നതാണ്. ഏശയ്യാ പ്രവാചകൻ പറയുന്നു: “കർത്താവിൽ എന്നേക്കും ആശ്രയിക്കുവിൻ; ദൈവമായ കർത്താവ് ശാശ്വതമായ അഭയശിലയാണ്” (ഏശയ്യ 26:4). തന്റെ ജീവിതത്തിന്റെ അടിസ്ഥാനം ദൈവത്തിൽ ഉറപ്പിച്ചുനിർത്തിയവർക്ക് കാറ്റിനെയും കോളിനെയും പ്രധിരോധിക്കാനുള്ള ശക്തി ദൈവംതന്നെയാണ് നൽകുന്നത്. മണലിൽ വീട് പണിയുന്നവൻ, തന്റെ ജീവിതത്തെ അസ്ഥിരവും നൈമിഷികവുമായ കാര്യങ്ങളിൽ പടുത്തുയർത്തുന്നവനാണ്. ധനം, ഭൗതികമായ വിജയങ്ങൾ, അധികാരസ്ഥാനങ്ങൾ എന്നിവ ജീവിതത്തിന്റെ ആത്യന്തികലക്ഷ്യമാക്കുമ്പോൾ ചെറിയ പരീക്ഷണങ്ങൾപോലും ജീവിതത്തെ ഇല്ലാതാക്കിക്കളയും.

2018 -ൽ സഭ വിശുദ്ധനായി പ്രഖ്യാപിച്ച എൽ സാൽവദോറിലെ ആർച്ചുബിഷപ്പ്  ഓസ്കാർ റൊമേറോയെ, പാവങ്ങൾക്കുവേണ്ടി ഇനിയും സംസാരിച്ചാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയ മിലിറ്ററി ഭരണാധികാരികളോട് അദ്ദേഹം പറഞ്ഞു: “ക്രിസ്തുവിന്റെ അനുയായി എന്ന നിലയിൽ, പുനരുത്ഥാനമില്ലാത്ത മരണത്തിൽ ഞാൻ വിശ്വസിക്കുന്നില്ല. നിങ്ങൾ എന്നെ കൊന്നാൽ, ഞാൻ എൽസാൽവദോറിലെ പാവപ്പെട്ട ജനതയിൽ ഉയിർത്തെഴുന്നേൽക്കും.” ഇതാണ് യഥാർഥ ദൈവേഷ്ടം ചെയ്യുന്ന ക്രിസ്തുശിഷ്യൻ.

ജീവിതത്തിലെ പലവിധമായ തിരക്കുകൾക്കിടയിൽ നമ്മെക്കുറിച്ചുള്ള ദൈവഹിതം എന്തെന്ന് പ്രാഥനയിലൂടെ നാം അന്വേഷിക്കാറുണ്ടോ? നമുക്ക് ഇഷ്ടവും ആകർഷകവുമായ കാര്യങ്ങൾ കാണുമ്പോൾ, ദൈവേഷ്ടം നാം സൗകര്യപൂർവം വിസ്മരിക്കാറുണ്ടോ? ദൈവഹിതം അനുനിമിഷം ചെയ്യുന്നതിനുപകരം,  ദൈവത്തെക്കൊണ്ട് എന്റെ ഹിതം നടത്തിച്ചുകിട്ടുന്നതിനുള്ള പരിശ്രമം മാത്രമായി എന്റെ പ്രാർഥനകൾ ഞാൻ മാറ്റിയിട്ടുണ്ടോ?

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍