

ഇന്ന് നമ്മുടെ വിചിന്തനത്തിനായി നല്‍കിയിരിക്കുന്ന വചനഭാഗം വി. ലൂക്കായുടെ സുവിശേഷം നാലാം അദ്ധ്യായം 16 മുതല്‍ 30 വരെയുള്ള തിരുവചനങ്ങളാണ്. വി. ലൂക്കോസിന്റെ സുവിശേഷം രചിക്കപ്പെട്ടത് വിജാതീയ ക്രിസ്ത്യാനികള്‍ക്കു വേണ്ടിയാണ്.
യേശു നാല്പതു ദിവസം മരുഭൂമിയില്‍ ഉപവസിച്ച് പ്രാര്‍ത്ഥിച്ചതിനുശേഷം പരിശുദ്ധ റൂഹായുടെ ശക്തിയോടു കൂടി, താന്‍ ജനിച്ചുവളര്‍ന്ന സ്ഥലമായ നസ്രത്തിലെത്തി തന്റെ പരസ്യശുശ്രൂഷ ആരംഭിക്കാന്‍ തുടങ്ങുന്നതാണ് സുവിശേഷപശ്ചാത്തലം. എന്നാല്‍ നസ്രത്തിലെത്തിയ യേശുവിനെ ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. മാത്രമല്ല, അവര്‍ യേശുവിന്റെ വചനങ്ങള്‍ കേട്ട് കോപാകുലരായി അവനെ പട്ടണത്തില്‍ നിന്ന് പുറത്താക്കുകയും മലയുടെ ശൃംഗത്തില്‍ നിന്ന് താഴേക്ക് തള്ളിയിട്ട് കൊല്ലാന്‍ വരെ ശ്രമിക്കുകയും ചെയ്തു. ഇപ്രകാരം യേശു അവഗണിക്കപ്പെട്ടതായി സുവിശേഷഭാഗം ചിത്രീകരിക്കുന്നു.
ഒരു ക്രിസ്ത്യാനി എന്ന നിലയില്‍ നാമും നമ്മുടെ ജീവിതത്തിലൂടെ യേശുവിന്റെ സുവിശേഷം പ്രഘോഷിക്കുമ്പോള്‍ തീര്‍ച്ചയായും നമ്മുടെ ബന്ധുക്കളുടെ മുമ്പിലും സ്വന്തക്കാരുടെ മുമ്പിലും അവഗണിക്കപ്പെട്ടേക്കാം. കാരണം നല്ല ഫലമുള്ളപ്പോള് കല്ലേറ് നേരിടേണ്ടിവരും. ഈ കാലഘട്ടം ക്രിസ്തുവിനേയും അവന്റെ സഭയേയും ചോദ്യം ചെയ്യാന്‍ തയ്യാറാകുമ്പോള്‍ എനിക്കു വേണ്ടി അവഗണിക്കപ്പെട്ട ഒരു ക്രിസ്തു നമുക്കുണ്ട് എന്ന ചിന്ത കൊണ്ട് നമ്മുടെ ഹൃദയത്തെ നിറയ്ക്കുവാന്‍ നമുക്ക് സാധിക്കണം. അവന് എനിക്കു വേണ്ടി അവഗണിക്കപ്പെട്ടതാണ് എന്ന ചിന്ത നമ്മില്‍ ഉണ്ടെങ്കിൽ അവനെപ്രതി അവഗണിക്കപ്പെടുമ്പോള്‍ നാം നിരാശരാകില്ല. അപ്പോള്‍ വി. പൗലോസിനെപ്പോലെ നമുക്കും പറയാന്‍ സാധിക്കും, എനിക്ക് ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണ്.
ഫാ. അജോ ജോസ്