സീറോ മലങ്കര ജൂലൈ 31 മർക്കോ. 8: 34-38 വി. ഇഗ്‌നേഷ്യസ് ലയോള

ഈശോസഭ സന്യാസ സമൂഹസ്ഥാപകൻ വി. ഇഗ്‌നേഷ്യസ് ലയോളയുടെ തിരുനാളാണ് ഇന്ന്. കത്തോലിക്കാ സഭയുടെ ആത്മീയ-വിദ്യഭ്യാസ-സാമൂഹികമേഖലകളിൽ ലോകവ്യാപകമായി വലിയ സംഭാവന നൽകുന്ന ഈ സമൂഹം അതിന്റെ ആരംഭകാലഘട്ടത്തിൽ പാശ്ചാത്യസഭയെ പിടിച്ചുലച്ച പ്രോട്ടസ്റ്റന്റ് നവീകരണത്തെ പ്രതിരോധിക്കുന്നതിൽ നിർണ്ണായകപങ്കു വഹിച്ചു. സന്യാസ സമൂഹവ്രതങ്ങളായ അനുസരണം, ദാരിദ്ര്യം, ബ്രഹ്മചര്യം എന്നിവ കൂടാതെ മിഷൻ പ്രവർത്തനങ്ങൾക്കുവേണ്ടി മാർപ്പാപ്പയെ പൂർണ്ണമായും അനുസരിക്കുക എന്ന നാലാമതൊരു വ്രതം കൂടി ഈശോസഭാംഗങ്ങൾ എടുക്കുന്നു. കത്തോലിക്കാ സഭയുടെ ഇപ്പോഴത്തെ പരമാദ്ധ്യക്ഷനായിരിക്കുന്ന ഫ്രാൻസിസ് മാർപ്പാപ്പ ഈ സന്യാസ സഭയിൽ നിന്നുള്ള ആദ്യത്തെ പാപ്പയാണ്.

സ്പെയിനിലെ ബാസ്‌ക് പ്രദേശത്തുള്ള ലയോള എന്ന കൊച്ചുഗ്രാമത്തിലാണ് 1491 ഒക്ടോബർ 23-ന് ഇഗ്‌നേഷ്യസിന്റെ ജനനം. വലുതാകുമ്പോൾ ഒരു പട്ടാളക്കാരനായി വീരോചിതമായ കാര്യങ്ങൾ ചെയ്ത് പ്രശസ്തനാകാൻ ഇഗ്‌നേഷ്യസ് ആഗ്രഹിച്ചു. പതിനേഴാമത്തെ വയസ്സിൽ സൈന്യത്തിൽ ചേരുകയും വളരെ വേഗം അധികാരികളുടെ ശ്രദ്ധയാകർഷിക്കുകയും ചെയ്തു. എന്നാൽ പാമ്പിലോണ എന്ന സ്ഥലത്തു വച്ചുണ്ടായ യുദ്ധത്തിൽ വലതുകാലിൽ പീരങ്കിയുണ്ട തുളച്ചുകയറി ആശുപത്രിയിലായി. തുടർന്നു നടന്ന ശസ്ത്രക്രിയകളുടെ ഫലമായി വലതുകാലിന്റെ നീളം കുറയുകയും ജീവിതകാലം മുഴുവൻ മുടന്തിനടക്കുകയും സൈന്യസേവനം അസാധ്യമാവുകയും ചെയ്തു. രോഗക്കിടക്കയിൽ യേശുവിന്റെയും വിശുദ്ധന്മാരുടെയും ജീവചരിത്രം വായിക്കാനിടയായത് ഫ്രാൻസിസ് അസ്സീസിയെപ്പോലെയുള്ള വിശുദ്ധനാകണമെന്ന ആഗ്രഹത്തിലെത്തിച്ചു. രോഗം ഭേദമായതിനുശേഷം വിശുദ്ധ നാട്ടിലേയ്ക് തീർത്ഥാടനം നടത്തി. ഇക്കാലയളവിൽ മാതാവിന്റെയും ഉണ്ണിയീശോയുടെയും ഒരു ദർശനം ഉണ്ടാവുകയും ചെയ്തു.

ഇഗ്‌നേഷ്യസിന്റെ ആത്മീയപരിവർത്തനത്തിനുശേഷം മോണ്ടസെറാത്ത എന്ന ബനഡിക്ടിൻ ആശ്രമത്തിൽ കുറേനാൾ താമസിക്കുകയും മൻറേസ എന്ന സ്ഥലത്തുള്ള ഗുഹയിൽ ദിവസം ഏഴ് മണിക്കൂർ പ്രാർത്ഥനയിൽ ചിലവഴിക്കുകയും ചെയ്തു. ചാക്ക് വസ്ത്രം ധരിച്ച്, ഭിക്ഷ യാചിച്ച്, തപസ്സനുഷ്ടിച്ചാണ് ഇക്കാലയളവിൽ അദ്ദേഹം ജീവിച്ചത്. അങ്ങനെ അദ്ദേഹം രൂപപ്പെടുത്തിയ ധ്യാനരീതിയാണ് പിന്നീട് പ്രസിദ്ധമായിത്തീർന്ന ഇഗ്‌നേഷ്യസിന്റെ അദ്ധ്യാത്മിക അനുഷ്ടാനങ്ങൾ. തുടർന്ന് പാരീസിൽ സർവ്വകലാശാല പഠന കാലയളവിൽ സഹപാഠികളായ ഫ്രാൻസിസ് സേവ്യർ ഉൾപ്പെടെയുള്ളവർ ചേർന്ന് രൂപീകരിച്ചതാണ് ഈശോസഭ. ഇതിന് വളരെ വേഗം മാർപ്പാപ്പയുടെ അംഗീകാരം ലഭിക്കുകയും ഇഗ്നേഷ്യസിനെ ആദ്യത്തെ സുപ്പീരിയർ ജനറലായി നിയമിക്കുകയും ചെയ്തു. 1556 ജൂലൈ 31-ന് അന്തരിച്ച അദ്ദേഹത്തിന്റെ ഭൗതീകശരീരം അടക്കം ചെയ്തിരിക്കുന്നത് റോമിലെ യേശുപള്ളിയിലാണ്. വി. ഇഗ്‌നേഷ്യസിന്റെ ആപ്തവാക്യമായ “എല്ലാം ദൈവമഹത്വത്തിനായി ചെയ്യുക” എന്ന ആദർശമനുസരിച്ച് നമുക്കും ജീവിക്കാൻ ശ്രമിക്കാം.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.