സീറോ മലങ്കര നവംബർ 18 മത്തായി 23: 1-12 നിയമജ്ഞരുടെയും ഫരിസേയരുടെയും കപടനാട്യം

നിയമജ്ഞരും, ഫരിസേയരും ദൈവീക നിയമങ്ങളും അനുശാസനങ്ങളും നന്നായി അറിയാവുന്നവർ എന്ന നിലയിലും അത് ജനങ്ങൾക്ക് വിശദീകരിച്ചു കൊടുക്കുന്നവർ എന്ന നിലയിലും യഹൂദ സമൂഹത്തിൽ വലിയ ബഹുമാനം നേടിയിരുന്നു. യേശുവിന്റെ പ്രാരംഭവാക്കുകൾ അവരുടെ അധികാരത്തെ അംഗീകരിക്കുന്നതായി കാണിക്കുന്നു. അതേസമയം, അവരുടെ വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരം കാരണം അവരെ ഒരിക്കലും മാതൃകയാക്കരുതെന്നും യേശു ജനത്തെ ഉപദേശിക്കുന്നു. അതു മാത്രമല്ല, സാധാരണക്കാരുടെ ജീവിതാവസ്ഥ മനസ്സിലാക്കുന്നതിൽ അവർ പരാജയപ്പെടുകയും, ബാഹ്യമായ അനുഷ്ഠാനങ്ങൾക്ക് അമിതപ്രാധാന്യം നൽകി ആന്തരീകമായതിനെ അവഗണിക്കുകയും ചെയ്യുന്നു. ഫലത്തിൽ അവരുടെ പെരുമാറ്റം അവരെ “മോശയുടെ കസേരയില്‍” ഇരിക്കാൻ അയോഗ്യരാക്കുന്നു.

യേശു, തന്റെ ജനങ്ങളുടെ ഭാരങ്ങൾ ഏറ്റെടുക്കുമ്പോൾ നിയമജ്ഞരും, ഫരിസേയരും കൂടുതൽ ഭാരങ്ങൾ അവരുടെമേൽ വച്ചുകൊടുക്കുന്നു. അവരുടെ പെരുമാറ്റം നേതൃത്വത്തിന്റെ അപചയമാണ് കാണിക്കുന്നത്. മാത്രമല്ല, തങ്ങളുടെ മതാചാരങ്ങൾ അവർ രൂപകൽപന ചെയ്തിരിക്കുന്നതും വിശദീകരിക്കുന്നതും മറ്റുള്ളവരുടെ അംഗീകാരം നേടുന്നതിനാണ്. ദൈവനിയമം അക്ഷരാർത്ഥത്തിൽ നിറവേറ്റുന്നുവെന്ന് കാണിക്കാനായി നെറ്റിയിലും കൈയ്യിലും അവർ ചെറിയ തുകല്‍ കൊണ്ടുള്ള പെട്ടികളിൽ നിയമത്തിൽ ഏറ്റവും പ്രധാനപ്പെട്ട “ഷേമാ പ്രാർത്ഥന” കെട്ടിത്തൂക്കിയായിരുന്നു നടന്നിരുന്നത് (നിയമാ. 6:8; 11:18). മറ്റുള്ളവർ അത് ശ്രദ്ധിക്കാൻ വേണ്ടി അതിന്റെ നീളവും, വലിപ്പവുമൊക്കെ ആവശ്യാനുസരണം അവർ കൂട്ടിയിരുന്നു.

നിയമജ്ഞരുടെ ഈ മനോഭാവത്തിൽ നിന്നും മാറി മാനുഷീക അംഗീകാരത്തിനും, സ്ഥാനപ്പേരുകൾക്കും പുറകെ പോകാതെ ദൈവത്തിൽ നിന്നുള്ള പ്രശംസയ്ക്കായി ജീവിക്കാൻ യേശു നമ്മെ ആഹ്വാനം ചെയ്യുന്നു. പറയുന്നത് ഒന്നും ചെയ്യുന്നത് മറ്റൊന്നും ആകുമ്പോഴാണ് ജീവിതം കപടനാട്യമാവുന്നത്. ഏതെങ്കിലുമൊക്കെ അധികാര സ്ഥാനത്തിരിക്കുന്നവരാണ് നാമെല്ലാം. യേശുവിന്റെ ഉപദേശത്തിന്റെ അർത്ഥം മനസ്സിലാക്കി എളിമയോടെ ജീവിക്കാനും പെരുമാറാനും നമുക്ക് ശ്രമിക്കാം. വി. ഫ്രാൻസിസ് അസീസി പറഞ്ഞതായി പറയപ്പെടുന്ന ഈ വാചകം ഇവിടെ പ്രസക്തമാണ്. “എല്ലായ്‌പ്പോഴും സുവിശേഷം പ്രസംഗിക്കുക; ആവശ്യമെങ്കിൽ മാത്രം വാക്കുകൾ ഉപയോഗിക്കുക.”

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍