സീറോ മലങ്കര നവംബർ 17 ലൂക്കാ 1: 5-25 സ്നാപകയോഹന്നാന്റെ ജനനത്തെക്കുറിച്ചുള്ള അറിയിപ്പ്

സ്നാപകയോഹന്നാന്റെ പിതാവായ സഖറിയ, അബിയായുടെ ഗണത്തിൽപ്പെട്ട പുരോഹിതനും, മാതാവായ എലിസബേത്ത് അഹറോന്റെ പുത്രിമാരിൽപ്പെട്ടവളുമായിരുന്നു. ദൈവസന്നിധിയിൽ പ്രാര്‍ത്ഥനയ്ക്കും നേർച്ചകാഴ്ച സമർപ്പണത്തിനുമായി വരുന്നത് അവരുടെ അവകാശവും ഉത്തരവാദിത്വവുമായിരുന്നു. രണ്ടുപേരും ദൈവമുമ്പാകെ നീതിമാന്മാരും കർത്താവിന്റെ കല്പനകളും പ്രമാണങ്ങളും കുറ്റമറ്റ രീതിയിൽ അനുഷ്ഠിക്കുന്നവരുമായിരുന്നു. ഇവരുടെ പേര് പോലും അവർക്ക് ദൈവവുമായിട്ടുള്ള അടുത്ത ബന്ധം കാണിക്കുന്നു. സഖറിയാ എന്നാൽ “ദൈവം അനുസ്മരിച്ചു”, എലിസബത്ത് എന്നാൽ “എന്റെ ദൈവം സമൃദ്ധിയാണ്”, യോഹന്നാൻ എന്നാൽ “ദൈവം കൃപയുള്ളവനാണ്”.

ധൂപാർപ്പണത്തിനുള്ള കുറി വീണ സഖറിയ അർപ്പിച്ച ധൂപത്തിൽ അവന്റെ കണ്ണീരും വീണിരുന്നു. മക്കളില്ല എന്ന ദുഃഖവും മറ്റുള്ളവരിൽ നിന്നുള്ള പരിഹാസവും അവന്റെ പ്രാർത്ഥനയിൽ വേദന കലർത്തിയിരുന്നു. പിതാവായ അബ്രഹാം മുതൽ പ്രാർത്ഥന വഴി മക്കളെ ലഭിച്ച ഒരുപാടു പേരുടെ കഥ അറിയാമായിരുന്നെങ്കിലും മാലാഖ പറഞ്ഞത് പെട്ടെന്നു വിശ്വസിക്കാൻ അവന് പ്രയാസമായിരുന്നു. അവൻ നിന്ന സ്ഥലവും സമയവും പോലെ അവനു ദൈവം കൊടുക്കുന്ന മകനും പരിശുദ്ധനായിരുന്നു. മാതാപിതാക്കൾക്ക് വയസുകാലത്ത് ലഭിച്ച ഇസഹാക്കിനെപ്പോലെയും, സാമുവേലിനെപ്പോലെയും യോഹന്നാന്റെ ജനനത്തിലും വലിയ പ്രത്യേകതകൾ ഉണ്ടായിരുന്നു. അവൻ പൂർണ്ണമായും ദൈവത്തിന്റേതാണ്. മാത്രമല്ല, മനുഷ്യരെ ദൈവത്തിലേയ്ക്കു നയിക്കാനായി നിയോഗിക്കപ്പെട്ടവനുമാണ്. എന്നാൽ, ദൈവകൃപയെക്കുറിച്ച് മാസങ്ങളോളം ധ്യാനിക്കാനായി സഖറിയായെ ഊമനാക്കിക്കൊണ്ടാണ് ദൂതൻ തിരികെപ്പോയത്.

നമ്മുടെ ജീവിതത്തിലും ദൈവത്തിന് ഒരുപാട് അത്ഭുതങ്ങൾ പ്രവർത്തിക്കാൻ സാധിക്കും. നമ്മുടെ അനുദിന പ്രാർത്ഥനകളെ ധൂപം പോലെയാക്കിത്തീർത്ത് ദൈവസന്നിധിയിൽ നിന്ന് നമുക്കും മറ്റുള്ളവർക്കും അനേകം അനുഗ്രഹങ്ങൾ വാങ്ങിയെടുക്കുന്നതിനുള്ള മാർഗ്ഗമാക്കി മാറ്റാം.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍