സീറോ മലങ്കര നവംബർ 15 മത്തായി 5: 13-16 ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവും

മനുഷ്യന്റെ നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു പദാർത്ഥമാണ് ഉപ്പ്. ഭക്ഷണത്തിന് രുചി കൂട്ടാനും അത് കേട് കൂടാതെ സൂക്ഷിക്കാനും ചിലപ്പോഴൊക്കെ കൃഷിക്ക് വളമായും പ്രാചീനകാലം മുതൽ തന്നെ മനുഷ്യൻ ഉപ്പ് ഉപയോഗിച്ചു വരുന്നു. ഉപ്പിന്റെ ഉറ നഷ്ടപ്പെടുന്നത്, അതുപയോഗിച്ച് ചെയ്യുന്ന മറ്റെല്ലാ കാര്യങ്ങളെയും ബാധിക്കും. ശിഷ്യന്മാരെ രസതന്ത്രം പഠിപ്പിക്കാൻ വേണ്ടിയല്ല യേശു ഈ ഉപമ പറയുന്നത്. ലോകത്തിൽ നന്മയും കരുണയും പ്രദാനം ചെയ്ത് ലോകത്തിലുള്ള എല്ലാത്തിനെയും അനുഗ്രഹപ്രദമാക്കിത്തീർക്കുന്ന അംശമായി ക്രിസ്തുശിഷ്യന്മാർ മാറണം. “മണവും ഗുണവും ആർക്കും ഉപകാരവും” ഇല്ലാത്ത വിശ്വാസി ആകരുത് എന്നാണ് യേശു ഉദ്ദേശിക്കുന്നത്. നമ്മുടെ ക്രിസ്തീയജീവിതത്തിന് ഒരു വൈശിഷ്ട്യവും ഇല്ലെങ്കിൽ എങ്ങനെ മറ്റുള്ളവരെ ദൈവത്തിലേയ്ക്ക് ആകർഷിക്കാൻ പറ്റും.

ഉപ്പിന്റെ പ്രവർത്തനം ആന്തരികമാണെങ്കിൽ, പ്രകാശത്തിന്റെ പ്രവർത്തനം കൂടുതലും ബാഹ്യമായിട്ടുള്ളതാണ്. സത്യവെളിച്ചമായ യേശുവിന്റെ വരവോടുകൂടി മനുഷ്യരാശിക്ക് പുതിയ പ്രത്യാശ കൈവന്നിരിക്കുന്നു. യേശുവാകുന്ന വെളിച്ചത്തിൽ നടക്കുമ്പോഴാണ് വഴിതെറ്റാതെയും വീഴാതെയും നടക്കുവാൻ നമുക്ക് സാധിക്കുന്നത്. ഇരുട്ടിൽ ഇടറിവീഴുന്ന അനേകർക്ക്‌ ഇന്ന് സുവിശേഷ വെളിച്ചം അനിവാര്യമാണ്. ഈ സുവിശേഷ വെളിച്ചം മറച്ചുവയ്ക്കാനുള്ളതല്ല. യേശുവിന്റെ ശിഷ്യന്മാർ അവിടുത്തെ പ്രകാശത്തിന്റെ പ്രതിഫലനമായി ലോകത്തിൽ പരിണമിക്കുമ്പോൾ അജ്ഞതയുടെയും പാപത്തിന്റെയും അന്ധകാരം ലോകത്തിൽ ഇല്ലാതാകുന്നു.

അലിഞ്ഞില്ലാതായി ആന്തരിക നന്മ പുറപ്പെടുവിക്കുന്ന ഉപ്പായും, കത്തിജ്വലിച്ച് പ്രകാശം പ്രസരിപ്പിച്ച് ലോകത്തിന്റെ ആത്മീയാന്ധകാരം അകറ്റുന്ന വിളക്കായും മാറാൻ നമുക്ക് ശ്രമിക്കാം. നിരർത്ഥകമെന്നു കരുതിയ ഒരുപാട് മനുഷ്യജീവിതങ്ങളിൽ സുവിശേഷത്തിന്റെ ഉറയാൽ ജീവിതത്തിന് സ്വാദ് പകർന്നു നൽകുന്നവരാണ് യഥാർത്ഥ ക്രിസ്തുശിഷ്യർ. അന്ധകാരം പടരുമ്പോൾ ഒരു കൊച്ചു മെഴുതിരിനാളമായി മാറി അനേകരെ വീഴ്ചയിൽ നിന്നും കൈപിടിച്ച് ഉയർത്തുന്നവരാണ് യഥാർത്ഥ വിശ്വാസികൾ.

“മറഞ്ഞിരിക്കാൻ ആഗ്രഹിക്കുന്ന ഒരു ക്രിസ്തീയസമൂഹം യേശുവിനെ അനുധാവനം ചെയ്യുന്നത് അവസാനിപ്പിച്ചു എന്ന് കരുതാം” (ഡീട്രിച്ച് ബോൺഹോഫർ).

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍