സീറോ മലങ്കര നവംബർ 13 മത്തായി 13: 44-52 നിധിയുടെയും, രത്നത്തിന്റെയും, വലയുടെയും ഉപമകൾ

വി. മത്തായിയുടെ സുവിശേഷത്തിൽ മാത്രം കാണുന്ന സ്വർഗ്ഗരാജ്യത്തെക്കുറിച്ചുള്ള മൂന്ന് ചെറിയ ഉപമകളാണിത്. വലിയ നിധി വയലിൽ ഒളിഞ്ഞിരിപ്പുണ്ട്. പക്ഷേ, അത് കണ്ടുപിടിച്ച്‌, തന്റെ കയ്യിലുള്ള മറ്റു സമ്പാദ്യങ്ങളൊക്കെ വിറ്റ് ഇതു വാങ്ങിയാലേ അതുകൊണ്ട് പ്രയോജനമുള്ളൂ. ഇന്നത്തെ കാലത്തെപ്പോലെ ബാങ്കിങ് സംവിധാനങ്ങൾ ഒന്നും ഇല്ലാതിരുന്ന പഴയകാലത്ത് ആളുകൾ തങ്ങളുടെ സമ്പാദ്യങ്ങൾ, ആരും കാണാതെ ഭൂമിയിൽ കുഴിച്ചിട്ടിരുന്നു. കാലാന്തരത്തിൽ ആർക്കെങ്കിലുമൊക്കെ ഇത് കിട്ടുന്നത് ഇക്കാലത്ത് ഭാഗ്യക്കുറി അടിക്കുന്നതുപോലെയാണ്. ഇത് വാങ്ങാൻ വേണ്ടി ബാക്കിയൊക്കെ വിൽക്കുന്നത് ത്യാഗമല്ല. പിന്നെയോ, സന്തോഷമുള്ള കാര്യമാണ്. രണ്ടാമത്തെ ഉപമയിലെ വ്യാപാരി വിലയേറിയ പവിഴം സ്വന്തമാക്കാൻ വേണ്ടി തനിക്കുള്ളതെല്ലാം വിൽക്കുന്നു. എന്നാൽ, അത് വീണ്ടും കൂടിയ വിലക്ക് വിറ്റില്ലെങ്കിൽ അയാൾ പട്ടിണിയിലാകും.

വിലയേറിയ രത്നം പോലെയാണ് സ്വർഗ്ഗരാജ്യം. അതിന്റെ വലിയ മൂല്യം മനസ്സിലാക്കിക്കഴിഞ്ഞാൽ, മറ്റൊന്നിനെയും ഇതുമായി താരതമ്യം ചെയ്യാൻ കഴിയില്ല. നമുക്ക് ലഭിച്ചിരിക്കുന്ന സുവിശേഷഭാഗ്യങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്‌ക്കേണ്ടതാണ്. കടലിൽ എറിയപ്പെട്ട വലയിൽ എല്ലാത്തരത്തിലുള്ള മത്സ്യങ്ങളും വന്നുപെടും. വലയിൽ അകപ്പെട്ടതുകൊണ്ടു മാത്രം മത്സ്യം വിലയുള്ളതായിത്തീരുന്നില്ല. അതിൽ ചിലതൊക്കെ ഭക്ഷ്യയോഗ്യമല്ലാത്തതിനാൽ എടുത്തുകളയേണ്ടി വരും. മാമ്മോദീസാ സ്വീകരിച്ചതുകൊണ്ടു മാത്രം ഒരുവനും സ്വർഗ്ഗരാജ്യത്തിന് അവകാശിയാകുന്നില്ല. ആ വിളിയോട് ചേരുന്ന വിധത്തിൽ വിശ്വസ്തതയോടെ ജീവിക്കണം. അല്ലെങ്കിൽ, അന്തിമവിധി സമയം യോഗ്യമല്ലാത്തതിന്റെ കൂട്ടത്തിൽ “അഗ്നികുണ്‌ഠത്തിലേയ്ക്ക്” എറിയപ്പെടും.

സ്വർഗ്ഗരാജ്യത്തെ നമ്മുടെ ജീവിതത്തിന്റെ ആത്യന്തികലക്ഷ്യമാക്കി മാറ്റണമെന്ന് യേശു ആവശ്യപ്പെടുന്നു. കർത്താവിന്റെ ശിഷ്യന്മാരെ സംബന്ധിച്ച് ഇത് യാഥാർത്ഥ്യമായിക്കഴിഞ്ഞ സത്യമാണ്. യേശുവിനെ കണ്ടെത്തിക്കഴിഞ്ഞപ്പോൾ തങ്ങൾക്കുള്ളതെല്ലാം കളഞ്ഞ് അവന്റെ പിന്നാലെ പോയവരാണിവർ. സ്വർഗ്ഗരാജ്യം എന്ന വലിയ നിധി മറ്റെന്തിനേക്കാളും വിലയുള്ളതായിക്കണ്ട് അതിന് തങ്ങളുടെ ജീവൻ കൊടുക്കാൻ തയ്യാറാകുന്നവരാണ് യേശുവിന്റെ യഥാർത്ഥ ശിഷ്യർ.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍