സീറോ മലങ്കര നവംബർ 14 യോഹ. 14: 7-14 യേശു പിതാവിലേയ്ക്കുള്ള വഴി

യേശുവിൽ പിതാവായ ദൈവത്തെ നമുക്ക് കണ്ടെത്താൻ സാധിക്കും. മനുഷ്യനോട് സംവദിക്കാൻ ദൈവം ഇന്ന് യേശുവിലൂടെ അവതരിച്ചിരിക്കുന്നു. അതുകൊണ്ട് യേശുവിനെ സ്വീകരിക്കുന്നവർ ദൈവത്തെ സ്വീകരിക്കുന്നു. യേശുവിനെ നിരസിക്കുന്നവർ ദൈവത്തെ നിരസിക്കുന്നു. ക്രിസ്തീയജീവിതത്തിന്റെ അടിസ്ഥാനം എന്നത് ദൈവം പല രീതിയിൽ വെളിപ്പെടുത്തിയ സത്യങ്ങളിലുള്ള വിശ്വാസമാണ്. ആ വെളിപാടിന്റെ പൂർണ്ണത നാം കാണുന്നത് യേശുവിന്റെ വാക്കുകളിലും പ്രവർത്തികളിലുമാണ്.

പഴയ നിയമത്തിൽ സീനായ് മലയിൽ പ്രാർത്ഥനയിലും ഉപവാസത്തിലുമായിരുന്ന മോശ, ദൈവസംസർഗ്ഗം കഴിഞ്ഞ് ഇറങ്ങിവന്നപ്പോൾ ദൈവീകശോഭ അവന്റെ മുഖത്ത് പ്രതിഫലിച്ചു. എന്നാൽ, ദൈവത്തിന്റെ മഹത്വം യഥാർത്ഥത്തിൽ പൂർണ്ണമായും വെളിപ്പെടുത്താൻ സാധിക്കുന്നത് ദൈവപുത്രനായ യേശുവിനു മാത്രമാണ്. “ദൈവത്തെ ആരും കണ്ടിട്ടില്ല. പിതാവുമായി ഗാഢബന്ധം പുലർത്തുന്ന ദൈവം തന്നെയായ ഏകജാതൻ ആണ് അവിടുത്തെ വെളിപ്പെടുത്തിയത്” (യോഹ. 1:18).

യേശുവിന്റെ എല്ലാ പ്രവർത്തനങ്ങളിലൂടെയും ദൈവത്തിന്റെ മഹത്വം വെളിപ്പെട്ടെങ്കിലും, രൂപാന്തരീകരണം പോലെയുള്ള ചുരുക്കം ചില സന്ദർഭങ്ങളിൽ കൂടെയുണ്ടായിരുന്ന ശിഷ്യന്മാർക്ക് അതിന്റെ പൂർണ്ണതയുടെ പ്രതിഫലനം കാണാൻ സാധിച്ചു. ബെനഡിക്ട് 16-ാമൻ മാർപ്പാപ്പ എഴുതുന്നു: “മോശയ്ക്ക് ഭാഗീകമായി ലഭിച്ച അനുഗ്രഹം യേശുവിൽ പൂർണ്ണമായി വെളിപ്പെടുത്തപ്പെട്ടു. കാരണം, യേശു ദൈവസന്നിധിയിൽ ജീവിക്കുന്നു. അത് ഒരു സുഹൃത്ത് എന്ന തലത്തിലല്ല, പുത്രനായതുകൊണ്ട് അവൻ പിതാവുമായുള്ള ഗാഢ ഐക്യത്തിലാണ് ജീവിക്കുന്നത്” (നസറെത്തിലെ യേശു, വാല്യം I, 6).

ക്രിസ്തുവിന്റെ അനുയായികൾക്കും യേശുവിനെ അനുകരിക്കുന്നതു വഴി ഈ ഭൂമിയിൽ ദൈവത്തിന്റെ മഹത്വം പ്രതിഫലിപ്പിക്കാൻ സാധിക്കും. യേശുവിന്റെ നാമത്തിൽ ചോദിക്കുന്നതെന്തും നമുക്ക് ചെയ്തുതരാൻ കഴിവുള്ളവനാണ് നമ്മുടെ ദൈവം. വിശുദ്ധന്മാർ ദൈവമഹത്വത്തിനായി തങ്ങളെ സമർപ്പിക്കുകയും, യേശുവിന്റെ നാമത്തിൽ അത്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്തു. അവരുടെ പാത പിന്തുടർന്ന് യേശുനാമ മഹത്വത്തിനായി നമ്മെത്തന്നെ നമുക്കും സമർപ്പിക്കാം. ദൈവനാമം മഹത്വപ്പെടുന്നതിനും സ്വർഗ്ഗരാജ്യം ഭൂമിയിൽ സംജാതമാക്കുന്നതിനും യേശുവിന്റെ പ്രവർത്തനങ്ങൾ നമുക്ക് തുടർന്നുകൊണ്ടേയിരിക്കാം.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍