സീറോ മലങ്കര നവംബർ 12 മർക്കോ. 4: 6-29 വിത്തിന്റെ ഉപമ

മർക്കോസിന്റെ സുവിശേഷത്തിൽ മാത്രം കാണുന്ന സ്വർഗ്ഗരാജ്യത്തെക്കുറിച്ചുള്ള ചെറിയ ഒരു ഉപമയാണിത്. വിതക്കാരൻ വളരെ ഉദാരമായി വിത്ത് വിതയ്ക്കുകയും, തന്റെ അനുദിന ജീവിതത്തിൽ മുഴുകിക്കഴിയുകയും ചെയ്യുന്നു. ദൈവം നിക്ഷേപിച്ചിരിക്കുന്ന ആന്തരികശക്തിയാൽ, വിതച്ചവൻ അറിയാതെ തന്നെ വിത്ത് മുളക്കുന്നു. വിത്തിന്റെ വളരുന്ന പ്രക്രിയ അതിന്റെ സ്വാഭാവികഘട്ടങ്ങൾ അനുസരിച്ച് മുന്നോട്ടുപോകുന്നു. കൃഷി ഫലവത്താകണമെങ്കിൽ വിശ്വാസത്തോടെയും ക്ഷമയോടെയും കർഷകൻ കാത്തിരിക്കണം. കൂടാതെ, കാലാകാലങ്ങളിൽ ആവശ്യാനുസരണം വെള്ളവും, വളവും ഒക്കെ നൽകി അതിനെ പരിചരിക്കുകയും വേണം.

ദൈവരാജ്യനിർമ്മിതി പലപ്പോഴും നമുക്ക് അദൃശ്യമായ ഒരു ദൈവിക പ്രവൃത്തിയാണ്. വിശ്വസ്തനായ കൃഷിക്കാരനെപ്പോലെ ദൈവം ഏല്പിച്ചിരിക്കുന്ന ഉത്തരവാദിത്വം മനുഷ്യൻ നിറവേറ്റണം. ഈ തത്വം നന്നായി മനസ്സിലാക്കിയ പൗലോസ് ശ്ലീഹ പറയുന്നു: “ഞാന്‍ നട്ടു; അപ്പോളോസ്‌ നനച്ചു; എന്നാല്‍, ദൈവമാണ് വളര്‍ത്തിയത്‌. അതുകൊണ്ട്‌, നടുന്നവനോ നനയ്‌ക്കുന്നവനോ അല്ല വളര്‍ത്തുന്നവനായ ദൈവത്തിനാണ്‌ പ്രാധാന്യം” (1 കോറി 3: 6-7). ക്രിസ്തുവിന്റെ സ്നേഹസുവിശേഷ സന്ദേശം എല്ലായിടത്തും എത്തേണ്ടിയിരിക്കുന്നു. ഈ ഉത്തരവാദിത്വം ദൈവത്താൽ ഭരമേല്പിക്കപ്പെട്ടവരാണ് നമ്മൾ. പലപ്പോഴും നാം ചിന്തിക്കാം, “ഞാൻ എന്ത് ചെയ്തിട്ടും വലിയ ഫലം ഉണ്ടാകുന്നില്ലല്ലോ, പിന്നെന്തിനാണ് വീണ്ടും ഇതൊക്കെ ചെയ്യുന്നത്.” വിതയ്ക്കപ്പെട്ട വചനം ഒരിക്കലും പാഴായിപ്പോവില്ല. എന്നാൽ അത് എങ്ങനെ, എപ്പോൾ ഫലം പുറപ്പെടുവിക്കണമെന്നത് ദൈവത്തിന്റെ പ്രവർത്തിയാണ്.

നമ്മിലുള്ള വിശുദ്ധിയുടെയും, മറ്റു നന്മകളുടെയും ആന്തരിക വളർച്ചയാണ് വിളവെടുപ്പിനായി നമ്മെ ഒരുക്കുന്നത്. ദൈവരാജ്യത്തിനായുള്ള നമ്മുടെ ശ്രമങ്ങൾ പരാജയപ്പെടുന്നു എന്ന് കരുതുന്നവർക്ക് ഈ ഉപമ ഒരു പ്രോത്സാഹനമാണ്. മാത്രമല്ല, സ്വന്തം പദ്ധതികളിലൂടെയും, പരിപാടികളിലൂടെയും ഒക്കെ ദൈവരാജ്യം കൊണ്ടുവന്നുകളയാമെന്നു ചിന്തിക്കുന്നവർക്ക് ഇത് ഒരു മുന്നറിയിപ്പും നൽകുന്നുണ്ട്. നമ്മുടെ കർമ്മത്തിന് ഫലം നൽകുന്നവൻ ദൈവമാണെന്ന ചിന്തയോടെ നിർമ്മലതയോടും തീക്ഷ്ണതയോടും യേശുവിന്റെ സുവിശേഷത്തിന്റെ വിത്തുകൾ നമുക്ക് വിതച്ചുകൊണ്ടേയിരിക്കാം.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.