സീറോ മലങ്കര നവംബർ 11 യോഹ. 8: 31-38 സത്യം നിങ്ങളെ സ്വതന്ത്രരാക്കും

യഹൂദരുമായുള്ള സംവാദത്തിൽ പാപത്തിന്റെ അടിമത്വവും ദൈവമക്കളുടെ സ്വാതന്ത്ര്യവും തമ്മിലുള്ള വ്യത്യാസമെന്തെന്ന് യേശു പ്രതിപാദിക്കുന്നു. സത്യം അറിയുന്നതും സത്യത്തിൽ ജീവിക്കുന്നതുമാണ് യഥാർത്ഥ സ്വാതന്ത്ര്യം. യേശുവിന്റെ ശിഷ്യന്മാരായി അവനെ അനുഗമിക്കുന്നവർ ദൈവമക്കൾ എന്ന നിലയിൽ സ്വതന്ത്രരാണ്. പാപം ചെയ്യുന്നതാണ് അടിമത്വം. പുണ്യജീവിതം നയിക്കുന്നതാണ്‌ യഥാർത്ഥ സ്വാതന്ത്ര്യം. വി. ജോൺപോൾ രണ്ടാമൻ മാർപ്പാപ്പ പറയുന്നു: “സ്വാതന്ത്ര്യം എന്നത് നമുക്ക് ഇഷ്ടമുള്ളത് ചെയ്യുന്നതല്ല. പിന്നെയോ, നാം ചെയ്യേണ്ടുന്നതായ കാര്യങ്ങൾ ചെയ്യാനുള്ള അവകാശമാണ്.”

ആത്മീയ വിമോചനത്തെക്കുറിച്ച് യേശു സംസാരിക്കുമ്പോൾ പലപ്രാവശ്യം രാഷ്ട്രീയ അടിമത്വത്തിലായിരുന്ന അവർ യേശുവിനോട്, “തങ്ങൾ ഒരിക്കലും ആരുടേയും അടിമകൾ ആയിരുന്നില്ല” എന്നു പറയുന്നു. അബ്രാഹത്തിന്റെ സന്തതികൾക്ക് സത്യദൈവത്തിനെയല്ലാതെ മറ്റൊന്നിനേയും ആരാധിക്കാനോ, മറ്റാർക്കും വിധേയപ്പെടാനോ സാധിക്കില്ല എന്നാണ് അവർ അർത്ഥമാക്കുന്നത്. അബ്രാഹത്തിന്റെ മക്കൾ എന്നത് അവകാശം എന്നതുപോലെ തന്നെ വലിയ ഉത്തരവാദിത്വവുമാണ്. “കൂടുതൽ നന്മ ചെയ്യുന്നതിലൂടെ വലിയ സ്വാതന്ത്ര്യം നാം അനുഭവിക്കുന്നു. നല്ലതും നീതിയുക്തമായതും ചെയ്യുന്നതിനേക്കാൾ വലിയ സ്വാതന്ത്ര്യമില്ല. അനുസരണക്കേടും, തിന്മയും ചെയ്യാനുള്ള വ്യഗ്രത സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗമാണ്. അത് ‘പാപത്തിന്റെ അടിമത്വത്തിലേയ്ക്ക്’ ഒരുവനെ നയിക്കുന്നു” (Catechism of the Catholic Church 1733). ദൈവമക്കളെന്ന നിലയിൽ നാം നീതിപൂർവ്വം പ്രവർത്തിക്കാൻ ശ്രമിക്കുന്നത് ഭയത്താലല്ല. പിന്നെയോ, പരിശുദ്ധാത്മാവിൽ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിലും സ്നേഹത്തിലുമാണ്.

യേശുവിനെക്കുറിച്ചുള്ള അറിവും (സത്യം അറിയുന്നതും) യേശുവിനോടുള്ള സ്നേഹവും (സത്യം ജീവിക്കുന്നതും) നമ്മെ യഥാർത്ഥത്തിൽ സ്വതന്ത്രരാക്കുന്നു. യേശുക്രിസ്തുവിന്‌ മാത്രമേ നമ്മെ സ്വതന്ത്രരാക്കാനും ദൈവമക്കളാക്കി രൂപപ്പെടുത്തിയെടുക്കാനും സാധിക്കൂ. പാപത്തിന്റെ അടിമത്വത്തിൽ നിന്നും വിമോചനം പ്രാപിച്ച് ക്രിസ്തുവിൽ സ്വാതന്ത്ര്യം അനുഭവിക്കുന്ന ദൈവത്തിന്റെ മക്കളാണ് നാം. നാം അറിഞ്ഞു അനുഭവിക്കുന്ന സത്യത്തിലേയ്ക്ക് മറ്റുള്ളവരെയും നയിക്കുന്നതിന് അനുദിനം നമുക്കും ശ്രമിക്കാം.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍