സീറോ മലങ്കര നവംബർ 10 യോഹ. 2: 13-22 ഹുദോസ് ഈത്തോ ഞായർ (സഭയുടെ  നവീകരണം)

യേശു ദൈവത്തിന്റെ നാമത്തിൽ ചെയ്യുന്ന വളരെ അർത്ഥവത്തും, പ്രവചനാത്മകവുമായ ഒരു പ്രവൃത്തിയാണ് ദേവാലയ ശുദ്ധീകരണം. യഹൂദരെ സംബന്ധിച്ച്, ദൈവം ഭൂമിയിൽ തന്റെ വാസസ്ഥലമാക്കാൻ തിരഞ്ഞെടുത്ത ഏറ്റവും പരിശുദ്ധമായ സ്ഥലമാണ് ദേവാലയം. അതുകൊണ്ടു തന്നെ ദേവാലയത്തിന്റെ യഥാര്‍ത്ഥ ഉടമ ദൈവമാണ്. സ്വർഗത്തെയും ഭൂമിയെയും ബന്ധിപ്പിക്കുന്ന ശ്രീകോവിൽ (ആന്തരിക സങ്കേതം)- ഏറ്റവും പവിത്രവും, ദേവാലയത്തിലെ ആരാധന- സ്വർഗത്തിൽ അനുഭവിക്കുവാൻ പോകുന്ന ദൈവാനുഭവത്തിന്റെ മുന്നാസ്വാദനവുമാണ്. ലോകത്തെ മുഴുവൻ സത്യദൈവ ആരാധനയിൽ നയിക്കാനുള്ള പ്രത്യേകവിളി ലഭിച്ചിരിക്കുന്ന ഇസ്രായേൽ ജനം തന്നെ ഇപ്പോൾ തങ്ങളുടെ ദൗത്യത്തിൽ നിന്നും വ്യതിചലിച്ചു (സങ്കീ. 105:1; യെശ. 2:2-3; ജെറ. 3:17). ദൈവജനം വിശുദ്ധീകരിക്കപ്പെടാനും പുറജാതിക്കൾക്ക് സത്യദൈവത്തെ ആരാധിക്കുവാനുമായി നീക്കിവച്ചിരിക്കുന്ന സ്ഥലം പോലും കൈയ്യേറി അശുദ്ധമാക്കിയിരിക്കുന്നു.

നമ്മെ സംബന്ധിച്ചിടത്തോളം, സ്വർഗ്ഗത്തെയും ഭൂമിയെയും ബന്ധിപ്പിക്കുന്ന കണ്ണി യേശുവാണ്. തന്റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും യേശു പുതിയ ആലയമായിത്തീർന്നു. ബെനഡിക്ട് 16-ാമന്‍ മാർപാപ്പ പറയുന്നു: “പഴയ ആലയത്തിന്റെ യുഗം അവസാനിച്ചു. മനുഷ്യനിർമ്മിതമല്ലാത്ത ഒരു ആലയത്തിൽ പുതിയ ആരാധന അർപ്പിക്കപ്പെടുന്നു. ഈ ദേവാലയം യേശുവിന്റെ ഉയർപ്പിക്കപ്പെട്ട   ശരീരമാണ്. തന്റെ ശരീര-രക്തങ്ങളുടെ പങ്കുവയ്ക്കലിലൂടെ സകലതിനെയും അവൻ ഒന്നിപ്പിക്കുന്നു. അവൻ തന്നെയാണ് മനുഷ്യരാശിയുടെ പുതിയ ആലയം” (നസറെത്തിലെ യേശു, വാല്യം II, 21-22).

പൗലോസ് ശ്ലീഹ എഴുതുന്നു: “നിങ്ങൾ നിങ്ങളുടെ സ്വന്തമല്ല. നിങ്ങളിൽ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിന്റെ ആലയമാണ് നിങ്ങളുടെ ശരീരമെന്ന് നിങ്ങൾക്ക്‌ അറിഞ്ഞുകൂടേ?” (1 കോറി 6:19). നാം ക്രിസ്തുവിനെ ലോകത്തിനു  പ്രദാനം ചെയ്യുന്നതിനു പകരം ലോകത്തിന്റെ പ്രവണതകളെ സഭയ്ക്കുള്ളിലേയ്ക്കു കൊണ്ടുവരികയാണോ ചെയ്യുന്നത്? നമ്മുടെ ശരീരത്തെ ദേവാലയമായാണോ അതോ കച്ചവടസ്ഥലമായാണോ നാം സൂക്ഷിക്കുന്നത്? സഭയും, നമ്മുടെ ഇടവക ദേവാലയവും, നാം തന്നെയും വിവിധ തലത്തിൽ ക്രിസ്തുവിന്റെ ഭൂമിയിലെ കാണപ്പെടുന്ന ഗാത്രങ്ങളാണ്. ക്രിസ്തുവിനെ ലോകത്തിനു പ്രദാനം ചെയ്യുന്ന  ജീവനുള്ള ദേവാലയങ്ങളായി നമുക്ക് മാറാം.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍