സീറോ മലങ്കര നവംബർ 09 മർക്കോ. 12: 41-44 വിധവയുടെ കാണിക്ക

ജെറുസലേം ദേവാലയത്തിലെ വലിയ സംഭാവനപ്പെട്ടികളുടെ  സമീപമായിരുന്നു യേശു ഇരുന്നത്. ലോഹനിർമ്മിതമായ ഈ പേടകത്തിലേയ്ക്ക് ധനികർ വിലയുള്ള നാണയങ്ങൾ ഇടുമ്പോൾ വലിയ ശബ്ദം കേട്ടിരുന്നു, അത് എല്ലാവരും ശ്രദ്ധിച്ചിരുന്നു. വിധവയുടെ ജീവിതം പോലെ തന്നെ അവള്‍ ഇട്ട നാണയത്തിനും വലിയ വിലയോ ആരും കേൾക്കാൻതക്ക ശബ്ദമോ ഇല്ലായിരുന്നു. പക്ഷെ, ഇപ്പോൾ ദൈവം അത് കാണുകയും അതിന്റെ വില തിരിച്ചറിയുകയും ചെയ്തു.

പഴയനിയമത്തിൽ പാവങ്ങൾ എപ്പോഴും അവരുടെ സന്തോഷം ദൈവത്തിൽ മാത്രമാണ് കണ്ടെത്തിയിരുന്നത്. “എളിയവർക്ക് കർത്താവിൽ നവ്യമായ സന്തോഷം ലഭിക്കും; ദരിദ്രർ ഇസ്രായേലിന്റെ പരിശുദ്ധനിൽ ആഹ്ലാദിക്കും” (ഏശയ്യ 29:19). കർത്താവിൽ മാത്രം ആശ്രയിക്കാൻ കഴിയുന്ന ഇസ്രയേലിലെ പാവങ്ങളുടെ പ്രതീകമാണ് ഈ വിധവ. യേശുവിന്റെ കാലത്തെ  ഇസ്രായേലിലെ സാമൂഹികചുറ്റുപാടിൽ വിധവകൾക്ക് വലിയ സ്വാതന്ത്ര്യവും അവകാശങ്ങളുമില്ലായിരുന്നു. ഭർത്താവിന്റെ മരണശേഷം ആൺമക്കളെയോ, പുരുഷബന്ധുക്കളെയോ, ജീവകാരുണ്യ സ്ഥാപങ്ങളെയോ അതിജീവനത്തിനായി ആശ്രയിക്കേണ്ടിയിരുന്നു. ഈ വിധവയെ ദാരിദ്ര്യത്തിലാക്കിയ വ്യവസ്ഥിതിക്കെതിരായുള്ള ഒരു വിധി കൂടിയാണ് ഏറ്റവും വിലകുറഞ്ഞ ചെമ്പു നാണയത്തിന് വലിയ വിലയിട്ടതു വഴി യേശു ചെയ്യുന്നത്. അവളുടെ ജീവിതം തന്നെ ദൈവത്തിനു കൊടുത്തുകൊണ്ട്, തന്നെ ദൈവം സംരക്ഷിച്ചുകൊള്ളും എന്ന് അവൾ പൂർണ്ണമായും വിശ്വസിക്കുന്നു. “മനുഷ്യൻ കാണുന്നതു പോലെയല്ല കര്‍ത്താവ്‌ കാണുന്നത്‌. മനുഷ്യൻ ബാഹ്യരൂപത്തില്‍ ശ്രദ്ധിക്കുന്നു; കര്‍ത്താവാകട്ടെ ഹൃദയഭാവത്തിലും” (1 സാമു. 16:7). ‍

എല്ലാക്കാര്യത്തിലും പൂർണ്ണമായും ദൈവത്തിൽ ആശ്രയിക്കുന്ന ആത്മീയ  ഉന്നതിയിലേയ്ക്ക് വളരുന്നതിന് നമുക്ക് ശ്രമിക്കാം. “പാവങ്ങൾക്കു വേണ്ടിയുള്ള ഒരു പാവപ്പെട്ട സഭ” ആയിരിക്കണം നമ്മുടേതെന്ന് ഫ്രാൻസിസ് മാർപ്പാപ്പ പറയുന്നു. ദൈവത്തില്‍ മാത്രം ആശ്രയിച്ചു കഴിയേണ്ടുന്ന നമ്മുടെ ഇടയിലുള്ള പാവപ്പെട്ടവരുടെയും, നിരാലംബരുടെയും മദ്ധ്യേ ഒരു ദൈവസാന്നിധ്യമായി നമുക്ക് മാറാം. ബലഹീനരെ ചൂഷണം ചെയ്യുന്ന സാമൂഹിക വ്യവസ്ഥിതികൾ കൂട്ടായ പ്രവർത്തനത്തിലൂടെ ഇല്ലാതാക്കാൻ നമുക്ക് പരിശ്രമിക്കാം.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍