സീറോ മലങ്കര നവംബര്‍ 30 യോഹ. 1: 35-42 ക്രിസ്തുശിഷ്യര്‍

ഫാ. ജോയ്സ് പുതുപ്പറമ്പില്‍

യേശുക്രിസ്തുവിന്റെ പരസ്യജീവിത ശുശ്രൂഷയുടെ രണ്ടാം ദിനത്തില്‍ നടക്കുന്ന സംഭവമാണ് സുവിശേഷഭാഗത്തിന്റെ മുഖ്യപ്രമേയം. അപ്പസ്‌തോലന്മാരായ പത്രോസും അന്ത്രയോസും യേശുവിന്റെ ശിഷ്യന്മാര്‍ ആകുന്നതാണ് സന്ദര്‍ഭം.

യേശുക്രിസ്തു തന്റെ ചാരത്ത് വരുന്നതുകണ്ട് സ്‌നാപകയോഹന്നാന്‍ തന്റെ രണ്ടു ശിഷ്യന്മാരോടുമായി പറയുന്നു: “ഇതാ ദൈവത്തിന്റെ കുഞ്ഞാട്.” പഴയനിയമത്തില്‍ പാപപരിഹാരത്തിനുള്ള ബലയായി അര്‍പ്പിച്ചിരുന്നത് കുഞ്ഞാടിനെയായിരുന്നു. പുതിയനിയമത്തില്‍ ലോകത്തിന്റെ പാപങ്ങള്‍, യേശുവാകുന്ന ദൈവത്തിന്റെ കുഞ്ഞാട് ബലി വഴി പൂര്‍ത്തിയാക്കുമെന്ന് സ്‌നാപകന്‍ ഇതിനാല്‍ സാക്ഷ്യപ്പെടുത്തുന്നു. തുടര്‍ന്ന്, സ്‌നാപകന്റെ രണ്ട് ശിഷ്യന്മാര്‍ യേശുവിനെ അനുഗമിച്ചു.

യേശു തിരിഞ്ഞ് അവരോട് ചോദിക്കുന്നു: “നിങ്ങള്‍ എന്ത് അന്വേഷിക്കുന്നു?” യഹൂദര്‍ എന്നും ഗുരുക്കന്മാരെ അന്വേഷിച്ചിരുന്നു. അന്വേഷണത്തിന്റെ ഉദ്ദേശം എന്താണ് എന്നതാണ് യേശുവിന്റെ ചോദ്യത്തിന്റെ പ്രസക്തി. എന്നാല്‍ ശിഷ്യരുടെ പ്രതികരണം വ്യത്യസ്തമായിരുന്നു. അവര്‍ ചോദിക്കുകയാണ്: “റബ്ബീ, അങ്ങ് എവിടെയാണ് വസിക്കുന്നത്?” യേശു വസിക്കുന്നത് പിതാവിലാണ്. അതിനാല്‍, ശിഷ്യരുടെ പ്രതികരണം ദൈവത്തെ കാണാനുള്ള അവരുടെ ഉല്‍ക്കടമായ ആഗ്രഹമാണ്. ദൈവത്തെ അന്വേഷിക്കാനും സ്വന്തമാക്കാനും ഉള്ളതാണ് ശിഷ്യത്വം. ദൈവത്തെ അറിയുന്നതുവരെ മനുഷ്യന്റെ ദാഹം ശമിക്കുന്നില്ല. അന്വേഷണം പൂര്‍ത്തിയാകുന്നില്ല എന്നതാണ് ഇതിന്റെ അര്‍ത്ഥം.

വി. അഗസ്റ്റിന്‍: “അങ്ങ് അങ്ങേയ്ക്കുവേണ്ടി ഞങ്ങളെ സൃഷ്ടിച്ചു. അങ്ങില്‍ വിശ്രമിക്കുന്നതുവരെ ഞങ്ങളുടെ ഹൃദയം അസ്വസ്ഥമമായിരിക്കും.” യേശു മറുപടി പറഞ്ഞു: “വന്നു കാണുക.” ആയിരം തവണ പറഞ്ഞു മനസ്സിലാക്കുന്നതിനേക്കാള്‍ ഒരുവട്ടം അനുഭവിച്ചറിയുന്നതാണ് ശ്രേയസ്‌ക്കരം. യേശുവിന്റെ ക്ഷണം പരസ്പരം സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒന്നിച്ചുള്ള സഹവാസമാണ്. അവര്‍ യേശു വസിക്കുന്നിടം കാണുകയും അവനോടൊപ്പം താമസിക്കുകയും ചെയ്തു. പിന്നീട് രണ്ടുപേരില്‍ ഒരുവന്‍ അനുഗമിക്കുന്നു. അത് ശിമയോന്‍ പത്രോസിന്റെ സഹോദരന്‍ അന്ത്രയോസ് ആയിരുന്നു.

അന്ത്രയോസ്: ഗലീലിയായിലെ ബെത്സെയ്ദയില്‍ യോനായുടെ മകനായി ജനിച്ചു. പത്രോസ് ശ്ലീഹായുടെ സഹോദരന്‍. സ്‌നാപകയോഹന്നാന്റെ ശിഷ്യന്മാരില്‍ ഒരുവന്‍. മത്സ്യത്തൊഴിലാളി ആയിരുന്നു. പിന്നീട് യേശുക്രിസ്തുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരില്‍ ഒരുവന്‍. പരിശുദ്ധ ഗ്രന്ഥത്തില്‍ അപ്പം വര്‍ദ്ധിപ്പിക്കുന്ന സംഭവത്തില്‍ ജനക്കൂട്ടത്തില്‍ ഒരു ബാലന്റെ പക്കല്‍ അഞ്ച് അപ്പമുണ്ടെന്ന് അറിയിക്കുന്നത് അന്ത്രയോസാണ്. കാനായിലെ കല്ല്യാണവിരുന്നിലും യേശുവിനോട് ഒപ്പം കാണപ്പെട്ടു. റഷ്യയില്‍ വച്ച് കൊല്ലപ്പെട്ടു.

പിന്നീട് അന്ത്രയോസ് മിശിഹായെ – ക്രിസ്തുവിനെ കണ്ടു എന്ന് സഹോദരനായ പത്രോസിനോടു പറയുന്നു. യേശു വിളിച്ച ആദ്യത്തെ ശിഷ്യന്മാര്‍ എല്ലാം കുടുംബത്തിലേയ്‌ക്കോ സുഹൃത്തുക്കളിലോയ്‌ക്കോ ഉടനടി എത്തിച്ചേരുന്നതായി വി. യോഹന്നാന്‍ സുവിശേഷകന്‍ ചിത്രീകരിക്കുന്നു. പിന്നീട് യേശു പത്രോസിനെ കാണുന്നു. സുവിശേഷകന്‍ ക്രിസ്തുശിഷ്യത്വവും പത്രോസും തമ്മിലുളള ബന്ധം അവതരിപ്പിക്കുകയാണ്.

പത്രോസ്: ഗലീലിയില്‍ നിന്നുള്ള മുക്കുവന്‍. അന്ത്രയോസ് സഹോദരന്‍. ശ്ലീഹന്മാരുടെ തലവന്‍. സഭയുടെ അടിത്തറയായി ക്രിസ്തു കണ്ടെത്തിയ പാറയായിരുന്നു ശിമയോന്‍ പത്രോസ്. പാറ ക്രിസ്തുവിന്റെ പ്രതീകമാണ് എന്ന് വി. പൗലോസ് അപ്പസ്‌തോലന്‍ പ്രസ്താവിക്കുന്നുണ്ട്. പത്രോസാകുന്ന പാറയോട് ബന്ധപ്പെട്ടതാണ് ക്രിസ്തുശിഷ്യത്വം. ആയതിനാല്‍, ക്രിസ്തുശിഷ്യത്വം ദൃശ്യമാകുന്നത് പരിശുദ്ധ സഭയിലാണ്.

സ്‌നേഹമുള്ളവരേ, പരിശുദ്ധ സഭയില്‍ ദൈവത്തിന്റെ ശിഷ്യത്വത്തിലേയ്ക്കുള്ള വിളിയാണ് നമുക്കോരോരുത്തര്‍ക്കും ലഭിച്ചിരിക്കുന്നത്. ക്രിസ്തു നമ്മോടും ഇന്ന് ചോദിക്കുന്നു. നിങ്ങള്‍ എന്ത് അന്വേഷിക്കുന്നു? ക്രിസ്തുശിഷ്യത്വം അന്വേഷണമാണ്. അവിടുത്തെ അനുഗമിക്കലാണ്. ദൈവത്തില്‍ വസിക്കുന്നതിനുള്ള ക്ഷണമാണ്. സമ്പൂര്‍ണ്ണ സമര്‍പ്പണമാണ്. ദൈവത്തെ സ്വന്തമാക്കാനും പങ്കുവയ്ക്കാനുമുള്ള വിളി. ആ വിളിക്ക് അനുയോജ്യമായ ജീവിതം വിശ്വസ്തതയോടെ നിര്‍വ്വഹിക്കുവാന്‍ നമുക്കോരോരുത്തര്‍ക്കും സാധിക്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു.

ഫാ. ജോയ്സ് പുതുപ്പറമ്പില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.