സീറോ മലങ്കര നവംബര്‍ 08 മത്തായി 18: 10-14 വഴി തെറ്റിയ ആടിന്റെ ഉപമ

ആരാണീ ചെറിയവര്‍? സ്വര്‍ഗ്ഗരാജ്യത്തില്‍ വലിയവരാകുന്നതിനുവേണ്ടി ഭൂമിയില്‍ ചെറിയവരായ യേശുവിന്റെ യഥാര്‍ത്ഥ ശിഷ്യരാണിവര്‍. ദൈവത്തിന്റെ മുഖം നിരന്തരം ദര്‍ശിക്കുന്ന മാലാഖമാരുടെ കരുതലും കാവലും, ദൈവം ഭൂയിലുള്ള തന്റെ ‘ചെറിയവരുടെ’ സംരക്ഷണത്തിനായി നല്‍കിയിരിക്കുന്നു. കാണാതെപോയ ചെറിയ ഒരു ആടിനെപ്പോലും തേടി അലയുന്ന ഇടയാനാണ് നമ്മുടെ യേശു.

യേശുവിന്റെ ശ്രോതാക്കള്‍ക്ക് നമ്മുടെ കാലത്തേക്കാള്‍, ആടുകളുടെയും ഇടയന്റെയും ഉപമ പരിചിതമാണ്. പഴയനിയമത്തിലെ മോശയും ദാവീദും വലിയ നേതാക്കളാകുന്നതിനു മുമ്പ് ചെറിയ ഇടയന്മാരായിരുന്നു. നല്ല ഇടയന്‍ ആടുകളെ അവയുടെ പേര് ചൊല്ലി വിളിക്കുകയും സ്‌നേഹപൂര്‍വ്വം പരിപാലിക്കുകയും ചെയ്യും. ആടുകള്‍ക്ക് ഇടയനുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. എല്ലാ രാത്രിയും ആലയിലേയ്ക്കു അവയെ കൊണ്ടുവരികയും, അതിനെ സംരക്ഷിക്കുന്നതിനു വേണ്ടി ആലയുടെ വാതിലില്‍ കിടന്നുറങ്ങുകയും ചെയ്യുമായിരുന്നു.

ആടുകളെ തേടി ഇറങ്ങുന്ന നല്ല ഇടയന്റെ ഈ മനോഹരമായ ചിത്രം ദൈവവുമായുള്ള നമ്മുടെ യഥാര്‍ത്ഥ ബന്ധത്തെ വെളിപ്പെടുത്തുന്നു. നമ്മുടെ ഇടയനായ യേശുക്രിസ്തുവുമായി നമുക്ക് വ്യക്തിപരമായ ചങ്ങാത്തമുണ്ട്. അത് നമ്മുടെ ജീവിതത്തിന് പൂര്‍ണ്ണമായ അര്‍ത്ഥം നല്‍കുന്നു. യേശു, തന്റെ ആടുകള്‍ക്കായി സ്വന്തം ജീവന്‍ നല്‍കുന്നു. അവരിലോരോരുത്തരെയും പേര് ചൊല്ലി വിളിക്കുന്നു. എന്നെ യേശുവിന് നന്നായി അറിയാമെന്നതും അവന്റെ ഹൃദയത്തില്‍ എനിക്ക് ഒരു പ്രത്യേക സ്ഥാനം ഉണ്ടെന്നുള്ളതും എത്ര മഹത്തരമായ കാര്യമാണ്.

പലപ്പോഴും കാണാതെപോയ എന്നെ, വീട്ടിലെത്തുന്നതുവരെ ചുമലിലേറ്റി നടക്കാന്‍ യേശു തയ്യാറാണ്. നാം ഇന്ന് ഇടയനോട് ഒട്ടിച്ചേര്‍ന്നു നടക്കുന്ന ആടുകളാണോ? നമ്മുടെ നിരവധി അലഞ്ഞുതിരിയലുകളില്‍ ശരീരത്തിലും ആത്മാവിലും പരിക്കുകള്‍ ഉണ്ടായിട്ടുണ്ടോ? ശത്രുക്കളാല്‍ ആക്രമിക്കപ്പെടുകയും, ‘അപകടകരമായ പ്രദേശങ്ങളിലൂടെ’ നടക്കുകയും ചെയ്തിട്ടുണ്ടോ? അങ്ങനെയാണെങ്കില്‍, യേശു ഇന്ന് നമ്മെ തിരയുന്നുവെന്ന് ദയവായി അറിയുക. എല്ലാ മുറിവുകളില്‍ നിന്നും നമ്മെ സുഖപ്പെടുത്താന്‍ യേശുവിന് കഴിയും. യേശുവിന്റെ ഹൃദയം എന്നോടുള്ള സ്‌നേഹത്താല്‍ നിറഞ്ഞിരിക്കുന്നു. യേശുവില്‍ നിന്ന് അകന്നുപോകുന്ന എല്ലാവര്‍ക്കുമായി നമുക്ക് പ്രാര്‍ത്ഥിക്കാം. അവര്‍ യേശുവിന്റെ ആശ്വാസപ്രദമായ ആനന്ദസാന്നിധ്യത്തിലേയ്ക്ക് എത്രയും വേഗം തിരികെ വരട്ടെ.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.