സീറോ മലങ്കര നവംബര്‍ 07 യോഹ. 12: 20-26 ഗ്രീക്കുകാര്‍ യേശുവിനെ തേടുന്നു

ജെറുസലേം ദേവാലയത്തില്‍ ആരാധനയ്ക്കായി എത്തിയ യേശുവിനെ തിരുനാളിനു വന്ന ഗ്രീക്കുകാര്‍ അന്വേഷിക്കുന്നു. ഇത് യഥാര്‍ത്ഥത്തില്‍ രക്ഷയുടെ സുവിശേഷം പുറംലോകത്തേയ്ക്ക് കൊണ്ടുപോകേണ്ട സമയമായിരിക്കുന്നു എന്നതിന്റെ അടയാളമാണ്. ഗ്രീക്കുകാരുടെ ഈ അന്വേഷണത്തില്‍ ഓരോ വ്യക്തിയുടെയും, ക്രിസ്തുവിനെ കാണാനും അറിയാനുമുള്ള ഹൃദയദാഹം നമുക്ക് കാണാന്‍ സാധിക്കും. അതുകൊണ്ടാണ് യേശു പറയുന്നത്: “മനുഷ്യപുത്രന്‍ മഹത്വപ്പെടാനുള്ള സമയം ആയിരിക്കുന്നു.” ഈ “മഹത്വീകരണത്തിന്” വലിയ വിലയാണ് നല്‍കേണ്ടി വന്നിരിക്കുന്നത്. നിലത്തു വീഴുകയും സ്വയം ഇല്ലാതാവുകയും അതിനുശേഷം ധാരാളം ഫലം കായ്ക്കുകയും ചെയ്യുന്ന ഗോതമ്പിന്റെ ധാന്യം പോലെയാണിത്.

യേശുവിന്റെ മരണമാണ് യഥാര്‍ത്ഥത്തില്‍ നമ്മുടെ ജീവന്റെ അടിസ്ഥാനം. കാരണം, തന്റെ പുനരുത്ഥാനത്തിലൂടെ അവന്‍ മരണത്തെ പരാജയപ്പെടുത്തി. നമ്മുടെ സഭാചരിത്ര പുസ്തകങ്ങളുടെ പേജുകള്‍ “ജീവന്‍ നേടാനായി ജീവന്‍ നഷ്ടപ്പെടുത്താന്‍” തയ്യാറായ അനേക വിശുദ്ധരുടെ ജീവിതകഥകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. “ലോകത്തില്‍ തന്റെ ജീവനെ ദ്വേഷിക്കുന്നവര്‍ നിത്യജീവനിലേയ്ക്ക് അതിനെ കാത്തുസൂക്ഷിക്കുന്നത്” ലോകത്തെ സംബന്ധിച്ച് ഒരു വിരോധാഭാസമാണ്. എന്നാല്‍, ക്രിസ്തുവിനെ അനുഗമിക്കുന്നവര്‍ക്ക് ഇത് ജീവിതത്തിലെ ഏറ്റവും വിലയുള്ളതും അര്‍ത്ഥപൂര്‍ണ്ണവുമായ യാഥാര്‍ത്ഥ്യമാണ്. ഇവിടെ നഷ്ടപ്പെടുന്നത് നശ്വരവും, നേടിയെടുക്കുന്നത് അനശ്വരവുമായതാണ്. ക്രിസ്തുവിനും ദൈവജനത്തിനും വേണ്ടി സ്വയം നല്‍കുന്നതിനേക്കാള്‍ സന്തോഷകരമായി ജീവിതത്തില്‍ ഒന്നും തന്നെയില്ല.

യേശുവിന്റെ ഈ വാക്കുകള്‍ നമ്മുടെ ജീവിതത്തില്‍ എന്തെങ്കിലും സ്വാധീനമുണ്ടാക്കിയോ എന്ന് സ്വയം ചോദിക്കേണ്ട സമയമാണിത്. “പുത്രനെ സ്വന്തമാക്കിയവന്‍ ജീവനെ സ്വന്തമാക്കിയിരിക്കുന്നു. ദൈവപുത്രനെ സ്വന്തമാക്കാത്തവന് ജീവന്‍ ഇല്ല” (1 യോഹ. 5:12). നിത്യജീവന്‍ ലക്ഷ്യമാക്കി നമ്മുടെ ആത്മീയജീവിതം പടുത്തുയര്‍ത്താനുള്ള പരിശ്രമത്തിലായിരിക്കണം നാം എപ്പോഴും. നമുക്കു മുമ്പേ നടന്നുപോയ അനേക വിശുദ്ധരുടെ പാവനമായ കാല്‍പാടുകള്‍ നമുക്കും പിന്തുടരാം. ദൈവീകജീവന്‍ സമൃദ്ധമായി ലഭിക്കുന്നതിനു വേണ്ടി നമ്മുടെ ജീവിതം പൂര്‍ണ്ണമായും ദൈവത്തിനു സമര്‍പ്പിക്കാം. നശ്വരമായതിനെ നഷ്ടപ്പെടുത്തി അനശ്വരമായതിനെ നേടിയെടുക്കാം.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.