സീറോ മലങ്കര നവംബര്‍ 06 മര്‍ക്കോ. 3: 24-30 യേശുവും ബേത്‌സെബൂലും

ദൈവസാന്നിധ്യത്തിന്റെ അടയാളങ്ങളാണ് അത്ഭുതങ്ങള്‍. യേശുവിന്റെ അത്ഭുതങ്ങള്‍ അനേകരെ വിശ്വാസത്തിലേയ്ക്ക് നയിക്കുന്നതായി സുവിശേഷം സാക്ഷിക്കുന്നു. യേശുവിനെ അംഗീകരിക്കാന്‍ വൈമനസ്യമുണ്ടായിരുന്ന യഹൂദപ്രമാണിമാര്‍ക്ക് ഈ അത്ഭുതങ്ങള്‍ പിശാചിന്റെ പ്രവര്‍ത്തനമാണെന്ന് സ്ഥാപിക്കേണ്ടിയിരുന്നു.

പിശാചുക്കളെ യേശു പുറത്താക്കുന്നത്, പിശാചുക്കളുടെ തന്നെ ശക്തി കൊണ്ടാണെന്ന വാദം അതിന്റെ യുക്തിസഹമായ അസംബന്ധത്താല്‍ നിരാകരിക്കപ്പെടുന്നുവെന്ന് യേശു പറയുന്നു. സാത്താന്, സാത്താനെ എങ്ങനെ പുറത്താക്കാനാകും? ഏത് ഭരണാധികാരിയാണ് സ്വന്തം ഭരണത്തിനെതിരെ കലാപത്തിന് പ്രേരിപ്പിക്കുന്നത്? ഒരു രാജ്യത്തിലെ ആഭ്യന്തരയുദ്ധമോ ഒരു വീട്ടിലെ കലഹമോ അവരുടെ തന്നെ നാശത്തിനു കാരണമാകുമെന്ന് എല്ലാവര്‍ക്കുമറിയാം. സാത്താന്‍, ദൈവത്തിനും മനുഷ്യനും എതിരായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് അവര്‍ പരസ്പരം പോരടിച്ച് തങ്ങളുടെ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കുകയുമില്ല. ദൈവത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് മനുഷ്യനെ പിശാചിന്റെ ആധിപത്യത്തില്‍ നിന്നും നിത്യമായി മോചിപ്പിക്കുക എന്നതാണ്. “കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിന്നോടു പോരാടുന്നവരോട് ഞാന്‍ പോരാടുകയും നിന്റെ മക്കളെ രക്ഷിക്കുകയും ചെയ്യും” (ഏശ. 49:25).

ദൈവം ഒരുക്കിയിരിക്കുന്ന നിത്യരക്ഷ നിരസിക്കുന്നത് പരിശുദ്ധാത്മാവിനെതിരായ വലിയ പാപമാണ്. ‘ദൈവത്തിന്റെ കാരുണ്യത്തിന് പരിധികളില്ല. എന്നാല്‍, അനുതപിച്ച് ദൈവകരുണ സ്വീകരിക്കാന്‍ മനഃപൂര്‍വ്വം വിസമ്മതിക്കുന്ന ഏതൊരാളും തന്റെ തന്നെ പാപമോചനവും പരിശുദ്ധാത്മാവ് നല്‍കുന്ന രക്ഷയും നിരസിക്കുന്നു’ (Catechism of the Catholic Church # 1864). പണ്ഡിതനായ വി. തോമസ് അക്വിനാസ് പരിശുദ്ധാത്മാവിനെതിരായ ആറ് പാപങ്ങള്‍ ഇവയെന്ന് പറയുന്നു: നിരാശ, ഔദ്ധത്യം, അറിയപ്പെടുന്ന സത്യത്തോടുള്ള ചെറുത്തുനില്‍പ്പ്, മറ്റുള്ളവരുടെ ആത്മീയോന്നതിയിലുള്ള അസൂയ, പശ്ചാത്താപമില്ലായ്മ, മര്‍ക്കടമുഷ്ടി. നമ്മെ അടിമത്വത്തിലേയ്ക്കും, പൈശാചികബന്ധനത്തിലേയ്ക്കും നയിക്കുന്ന എല്ലാ തിന്മകളില്‍ നിന്നും മോചിപ്പിക്കുന്നതിനും ദൈവമക്കള്‍ എന്നുള്ള നിലയില്‍ കൃപാവരത്തോടെ ജീവിക്കുന്നതിനും വേണ്ട എല്ലാ അനുഗ്രഹങ്ങളും നല്‍കണേയെന്ന് കര്‍ത്താവിനോട് ഇന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.