സീറോ മലങ്കര നവംബര്‍ 04 മത്തായി 24: 45-51 വിശ്വസ്തനായ ഭൃത്യനും, അവിശ്വസ്തനായ ഭൃത്യനും

ഒരു വിശ്വസ്തനായ സേവകനേയും, അവിശ്വസ്തനായ സേവകനേയും എങ്ങനെ തിരിച്ചറിയാന്‍ സാധിക്കും? യജമാനന്റെ അസാന്നിധ്യത്തിലും, ഏല്‍പിച്ച കാര്യങ്ങള്‍ കൃത്യമായും ഭംഗിയായും ചെയ്യുന്നവനാണ് വിശ്വസ്തന്‍; അങ്ങനെ ചെയ്യാത്തവന്‍ അവിശ്വസ്തനും. ഈ സേവകന്റെ ഏറ്റവും പ്രധാന കര്‍ത്തവ്യം വീട്ടിലുള്ളവര്‍ക്ക് ഭക്ഷണം കൃത്യസമയത്ത് നല്‍കുക എന്നതാണ്. അവന്‍ വിശ്വസ്തനായിരിക്കണം, വിവേകിയായിരിക്കണം, യജമാനന്‍ ഏല്‍പിച്ച ജോലിയില്‍ പൂര്‍ണ്ണമായും വ്യാപൃതനായിരിക്കണം.

ഒന്നാമതായി, നാം ദൈവത്തോട് വിശ്വസ്തരായിരിക്കണം. ഇസ്രായേല്‍ ജനവും ദൈവവുമായി ചെയ്ത ഉടമ്പടിയിലൂടെ ലഭിക്കുന്ന എല്ലാ അനുഗ്രഹങ്ങളുടെയും അടിസ്ഥാനം ദൈവജനത്തിന്റെ വിശ്വസ്തയായിരുന്നു. രണ്ടാമതായി, നമ്മോടു തന്നെ നാം വിശ്വസ്തരായിരിക്കണം. ഇങ്ങനെ ആയിരിക്കുമ്പോഴാണ് നമുക്ക് ഒന്നിനെയും ഭയപ്പെടാതെ മുമ്പോട്ടു പോകുവാന്‍ സാധിക്കുന്നത്. മൂന്നാമതായി, മറ്റുള്ളവരോട് നാം വിശ്വസ്തതയോടെ പെരുമാറണം. ഇത്, നാം ജീവിക്കുന്ന സമൂഹത്തിന്റെ മുമ്പില്‍ നമ്മെ വിലയുള്ളവരാക്കിത്തീര്‍ക്കും. വിവേകമെന്ന പുണ്യമുള്ള സേവകന് സാഹചര്യങ്ങള്‍ക്കനുസരിച്ച് കാര്യങ്ങള്‍ നോക്കിക്കണ്ട് ചെയ്യാനും, ശരിയായ തീരുമാനങ്ങള്‍ എടുക്കാനും സാധിക്കുന്നു.

ഭൗതികഭക്ഷണം കൊടുക്കുന്നതിനെക്കുറിച്ചുള്ള ഒരു ഉദാഹരണമല്ല യേശു ഇവിടെ പറയുന്നത്. ദൈവജനത്തിന് ആത്മീയഭക്ഷണം ആവശ്യാനുസരണം വിളമ്പാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന തന്റെ ശിഷ്യന്മാരെ ഉദ്ദേശിച്ചുള്ളതാണ് ഈ ഉപമ. നിത്യവും കര്‍ത്താവിന്റെ അള്‍ത്താരയില്‍ വിശ്വസ്തതയോടും വിവേകത്തോടും കൂടി വിശുദ്ധ ബലിയര്‍പ്പിച്ച് ദൈവജനത്തെ ആത്മീയമായി പരിപോഷിപ്പിക്കുന്ന പുരോഹിതന്മാരെക്കുറിച്ചും, ദൈവവചനം വ്യാഖ്യാനിച്ചു വിളമ്പുന്ന സുവിശേഷ പ്രഘോഷകരെക്കുറിച്ചുമുള്ളതാണ് ഈ ഉപമ.

ദൈവം ജെറമിയ പ്രവാചകനിലൂടെ അരുളിച്ചെയ്തു: “എനിക്ക് ഇഷ്ടപ്പെട്ട ഇടയന്മാരെ ഞാന്‍ നിങ്ങള്‍ക്കു തരും; അവര്‍ ജ്ഞാനത്തോടും വിവേകത്തോടും കൂടെ നിങ്ങളെ പാലിക്കും” (ജെറ. 3:15). നാം ജീവിക്കുന്ന ഈ കാലഘട്ടത്തിലെ ആത്മീയ വെല്ലുവിളികളെ നേരിടാന്‍ കഴിവുള്ള വിശ്വസ്തരും വിവേകികളുമായ അനേകം അജപാലകരെ നമുക്ക് നല്‍കണേയെന്നു പ്രാര്‍ത്ഥിക്കാം.

ഫാ. മാത്യു ചാർത്താക്കുഴിയിൽ