സീറോ മലങ്കര നവംബര്‍ 03 മത്തായി 16: 13-23 കൂദോശ് ഈത്തോ ഞായര്‍ (സഭയുടെ വിശുദ്ധീകരണം)

റോമന്‍ ചക്രവര്‍ത്തിയായിരുന്ന സീസര്‍ അഗസ്റ്റസിന്റെയും റോമന്‍ ഭരണത്തിലായിരുന്ന യൂദയായുടെ രാജാവായിരുന്ന ഹേറോദേസിന്റെ മകന്‍ ഫിലിപ്പിന്റെയും പേരുകള്‍ ചേര്‍ന്നതാണ് കേസറീയ ഫിലിപ്പി (Caesarea Philippi). രണ്ടു രാജാക്കന്മാരുടെ ഓര്‍മ്മകള്‍ ഉറങ്ങുന്ന ഈ പട്ടണം ഗ്രീക്ക് കാലഘട്ടം മുതല്‍ തന്നെ പുറജാതികളുടെ വിഗ്രഹങ്ങളാല്‍ നിറഞ്ഞ അമ്പലങ്ങളുടെ കേന്ദ്രമായിരുന്നു. റോമന്‍ ചക്രവര്‍ത്തിയുടെ തന്നെ പ്രതിമകള്‍ സ്ഥാപിച്ച് ദൈവമായി ആരാധിക്കുന്നതും ഇവിടെ പതിവായിരുന്നു. ഈ പ്രതിമകളുടെയൊക്കെ ഇടയില്‍ നിന്നുകൊണ്ട് യേശു തന്റെ ശിഷ്യന്മാരോട് ചോദിക്കുന്ന പ്രസക്തമായ ഒരു ചോദ്യമാണ്: “ഞാന്‍ ആരെന്നാണ് ജനങ്ങള്‍ പറയുന്നത്?.” കാരണം, പലര്‍ക്കും ഒരുപാട് ദൈവങ്ങള്‍ക്കിടയില്‍ കാണപ്പെടുന്ന ഒരു ദൈവം മാത്രമാണ് യേശു.

പത്രോസിന്റെ ഉത്തരം: “നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്” എന്നത് വ്യക്തിപരമായ അനുഭവവും, ഒരു ദൈവീക വെളിപ്പെടുത്തലുമായിരുന്നു. ജീവനില്ലാത്ത ഒരുപാട് ദൈവങ്ങളുള്ള ഈ സ്ഥലത്തെ, ജീവിക്കുന്ന ഒരേയൊരു ദൈവം നീ ആകുന്നു എന്നതാണ് ഉത്തരം. ഈ അറിവ് ദൈവം നല്‍കുന്ന തിരിച്ചറിവാണ്.

യേശു ലോകത്തിന് മുഴുവനുമായിട്ടുള്ള സദ്വാര്‍ത്തയാണ് (Evangelion). യേശു വെറും നല്ല വാര്‍ത്ത മാത്രമല്ല, പിന്നെയോ വ്യക്തിയുമാണ്. ഈ വ്യക്തിയുമായിട്ടുള്ള ബന്ധമാണ് ക്രിസ്തീയജീവിതത്തിന്റെ അടിസ്ഥാനം. ബെനഡിക്ട് 16-ാമന്‍ മാര്‍പാപ്പ പറയുന്നു: “…ക്രിസ്ത്യാനിയായിരിക്കുക എന്നത് ധാര്‍മ്മികമായ ഒരു തിരഞ്ഞെടുപ്പിന്റെയോ ഉന്നതമായ ആശയത്തിന്റെയോ ഫലമല്ല. മറിച്ച്, ഒരു സംഭവവുമായിട്ടുള്ള/ വ്യക്തിയുമായിട്ടുളള സമാഗമമാണ്. ഇത് ജീവിതത്തിന് ഒരു പുതിയ ചക്രവാളവും നിര്‍ണ്ണായക ദിശയും നല്‍കുന്നു” (Deus Caritas Est 1).

യേശുവിന്റെ വലിയ സ്‌നേഹത്താല്‍ കീഴടക്കപ്പെട്ടവരാണ് നമ്മള്‍. നമ്മുടെ ക്രിസ്തീയജീവിതം ഈ സ്‌നേഹത്തിനുള്ള പ്രത്യുത്തരമാണ്. യേശുവുമായുള്ള വ്യക്തിബന്ധമാണ് നമ്മുടെ ജീവിതത്തിന് ആഴവും അര്‍ത്ഥവും നല്‍കുന്നത്. പൗലോസ് ശ്ലീഹാ പറയുന്നു: “ഇനിമേല്‍ ഞാനല്ല ജീവിക്കുന്നത്, ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നത്” (ഗലാ. 2:20). സഭ വിശുദ്ധീകരിക്കപ്പെടുന്നത് നാമോരോരുത്തരും നമ്മുടെ ജീവിതത്തിനന്റെ ഉടമസ്ഥത സഭയുടെ ശിരസ്സായ ക്രിസ്തുവിനെ ഭരമേല്‍പിക്കുമ്പോഴാണ്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.