സീറോ മലങ്കര നവംബർ 28 ലൂക്കാ 1: 39-45 എലിസബത്ത് മറിയത്തെ സ്തുതിക്കുന്നു

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

മാതാവിന്റെ ശുശ്രൂഷാമനോഭാവത്തിന്റെ വൈശിഷ്ട്യം വെളിപ്പെടുത്തുന്ന ഒരു വേദഭാഗമാണിത്. ഇന്നത്തെപ്പോലെയുള്ള വർത്താവിനിമയ സംവിധാനങ്ങളൊന്നും നിലവിലില്ലെങ്കിലും, സന്ദേശം ദൈവദൂതന്മാർ വഴിയാകുമ്പോൾ അതിന് വേഗത കൂടുതലാണ്. മാത്രമല്ല, ദൈവദൂതൻ വെളിപ്പെടുത്തുന്ന സത്യങ്ങൾ വിശ്വസിക്കാനുള്ള നിഷ്ക്കളങ്കഹൃദയവും മാതാവിനുണ്ട്. തന്റെ ബന്ധുവായ എലിസബത്തിന്റെ വാർദ്ധക്യത്തിലെ ഗർഭധാരണം തന്റെ സാമീപ്യവും സഹായവും അനിവാര്യമാക്കുന്നു എന്ന ചിന്തയാണ് ഒരു ചെറുപ്പക്കാരിയായ സ്ത്രീക്ക് അക്കാലത്തു അസാധ്യമെന്നു തോന്നാവുന്ന ഒരു സാഹസികയാത്രയ്ക്ക് മുതിരാൻ മാതാവിനെ പ്രേരിപ്പിക്കുന്നത്. ദൈവപുത്രന് ഈ ഭൂമിയിൽ അവതരിക്കാനുള്ള ഉപകരണമായി തന്നെ തിരഞ്ഞെടുത്തിരിക്കുന്നതിനാൽ എല്ലാവരുടെയും പരിചരണവും ശ്രദ്ധയും തന്നിലാവണം എന്ന ചിന്തയൊന്നും മാതാവിന്റെ മനോമുകുരത്തിലുണ്ടായിരുന്നില്ല. മറിയത്തിന്റെ ഈ തുറവി കാരണം യേശുവും യോഹന്നാനും അമ്മമാരുടെ ഉദരത്തിൽ വച്ചുതന്നെ ആദ്യസമാഗമം നടത്തുന്നു.

ഇന്ന് ഏറ്റവുമധികം ഉരുവിടുന്ന പ്രാർത്ഥകളിലൊന്നാണ് “കൃപ നിറഞ്ഞ മറിയമേ” എന്നാരംഭിക്കുന്ന മരിയസ്തുതി. ഈ പ്രാർത്ഥനയുടെ ആദ്യഭാഗം ഗബ്രിയേൽ മാലാഖയുടെ അഭിവാദനത്തിൽ നിന്നും വരുന്നതാണ്. രണ്ടാം ഭാഗം ഇന്നത്തെ വായനയിൽ നിന്നും മറിയത്തിന്റെ സന്ദർശനവേളയിൽ എലിസബത്തിന്റെ അധരത്തിൽ നിന്നും ഉരുവായതാണ്. പരിശുദ്ധാത്മാവിന്റെ നിറവിൽ ഉരുവിട്ട, എളിയവരെ വലിയവരാക്കുന്നതെങ്ങനെയെന്നു പ്രഘോഷിക്കുന്ന പ്രാർത്ഥന. ഇതിന്റെ ഉറവിടം വിശുദ്ധ ഗ്രന്ഥം തന്നെയെങ്കിലും “കൃപ നിറഞ്ഞ മറിയമേ” ഇന്നത്തെ രൂപത്തിലായിട്ട് ആയിരം വർഷമായി എന്ന് കത്തോലിക്കാ വിശ്വവിജ്ഞാനകോശം പറയുന്നു. ത്രെന്തോസ് സുന്നഹദോസിനുശേഷമാണ് (1545-1563) ഇത് പ്രാർത്ഥനാപുസ്തകങ്ങളിൽ ഔദ്യോഗികമായി ഇടംപിടിക്കുന്നത്. എന്നാൽ മാതാവിന്റെ മാദ്ധ്യസ്ഥ്യം അപേക്ഷിച്ച് ജപമാല ചൊല്ലുന്ന രീതി അതിനും നൂറ്റാണ്ടുകൾക്കു മുമ്പേ നിലനിന്നിരുന്നു.

വലിയ മാതൃകയാണ് ക്രിസ്തീയവിശ്വാസികൾക്ക് ഇന്നത്തെ സുവിശേഷത്തിലെ വായനയിൽ മാതാവ് നൽകുന്നത്. മറിയത്തെപ്പോലെ ദൈവത്തിന്റെ അനുഗ്രഹം മറ്റുള്ളവർക്ക് നന്മ ചെയ്യുന്നതിനായി നാം ഉപയോഗിക്കണം. നമ്മുടെ ആവശ്യങ്ങൾക്കുപരിയായി മറ്റുള്ളവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ സമയം കണ്ടെത്തുമ്പോൾ നാം കൂടുതൽ അനുഗ്രഹീതരായിത്തീരും. ദൈവപുത്രന്റെ അമ്മയ്ക്ക് ഇങ്ങനെ ശുശ്രൂഷകയാകാമെങ്കിൽ നമുക്കെന്തുകൊണ്ട് ആയിക്കൂടാ! ഓരോ പ്രവശ്യവും പ്രാർത്ഥനയിലൂടെ, മറിയം കൃപ നിറഞ്ഞവൾ എന്ന് നാം പറയുമ്പോൾ ആ കൃപ ലഭിക്കുവാനായി അവൾ അവലംബിച്ച മാർഗ്ഗത്തെ അനുധാവനം ചെയ്യാനുള്ള വിളിയും ദൈവം നമുക്ക് നൽകപ്പെട്ടിരിക്കുന്നുവെന്ന് തിരിച്ചറിയുക.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.