സീറോ മലങ്കര ഒക്ടോബര്‍ 15 മത്തായി 11: 25-30 ആശ്വാസമേകുന്നവന്‍

വിയര്‍പ്പൊഴുക്കുന്നവര്‍ക്കും ചുമലിലേറ്റുന്ന ഭാരത്താല്‍ തളരുന്നവര്‍ക്കും ആശ്വാസം അവനാണ്. അവന്റെ അരികിലേയ്ക്ക് നടക്കുവാന്‍ പഠിക്കുക. വഹിക്കുവാന്‍ എളുപ്പമുള്ളതേ നിനക്കുള്ളൂ. ചുമടുകള്‍ ഭാരം കുറഞ്ഞതുമാണ്. പക്ഷെ, ദൈവത്തെ ഉപേക്ഷിച്ച് വഹിക്കുന്ന നുകം എളുപ്പമാകില്ല. ചുമലിലേറ്റുന്ന ഭാരം നിനക്ക് താങ്ങാനുമാകില്ല. ദൈവത്തെ നഷ്ടപ്പെടുത്തി ജീവിതം, എടുക്കുവാന്‍ പറ്റാത്ത ഭാരമാക്കി മാറ്റാതിരിക്കാന്‍ നിന്റെ ഹൃദയത്തില്‍ ദൈവിക കാര്യങ്ങള്‍ വെളിപ്പെടുത്തപ്പെടട്ടെ. നിന്റെ അദ്ധ്വാനത്തിന്, വഹിക്കുന്ന ഭാരത്തിന് ആശ്വാസം ദൈവം തന്നെയാകട്ടെ.

അദ്ധ്വാനം ഏറുമ്പോഴും, ഭാരം കൂടുമ്പോഴും യേശുവിന്റെ അടുത്തേക്കു ചെല്ലുക. എന്നാല്‍, യേശു നിന്റെ അടുത്തു തന്നെ ഉണ്ടെന്നതാണ് സത്യം. അവനിലേയ്ക്ക് നിന്റെ മനസ്സും ഹൃദയവും തിരിച്ചാല്‍ മാത്രം മതി. നീ അവന്റെ അടുത്താകും. ക്ലേശവും അദ്ധ്വാനവും കൂടുമ്പോള്‍ യേശുവിലേക്ക് തിരിയുന്നത് നീ ശീലമാക്കുക. നിന്റെ ജീവിതത്തിലാകമാനം ആശ്വാസം നിറയുന്നത് അനുഭവിക്കാന്‍ നിനക്കാകും. മറ്റുള്ളവര്‍ക്ക് ആശ്വാസം കൊടുക്കാനാവണമെങ്കില്‍ ശാന്തതയും വിനയവും സ്വന്തമായിട്ടുണ്ടായിരിക്കണം (11:28-29). ഹൃദയശാന്തത അനുഭവിക്കുന്നവനു മാത്രമേ മറ്റുള്ളവര്‍ക്ക് ആശ്വാസം പകരാനാവൂ.