സീറോ മലങ്കര നവംബർ 27 മർക്കോ. 4: 30-34 കടുകുമണിയുടെ ഉപമ

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

സ്വർഗ്ഗരാജ്യത്തിന്റെ അവസ്ഥാവിശേഷങ്ങൾ പൂർണ്ണമായും അറിയാവുന്നത് യേശുവിനു മാത്രമാണ്. മാനുഷീക അറിവിനെ അതിലംഘിക്കുന്ന ദിവ്യമായ അനുഭവമായതുകൊണ്ട് നമുക്ക് മനസ്സിലാകുന്ന ഭാഷയിൽ ഉപമകളിലൂടെ അത് പറഞ്ഞുതരാനാണ് യേശു പരിശ്രമിക്കുന്നത്. ഈ ഉപമകൾ തന്നെ ആഴത്തിൽ ചിന്തിച്ച് അർത്ഥം ഗ്രഹിക്കേണ്ടവയാണ്. അങ്ങനെ ഒരു വലിയ കാര്യത്തെ വിശദമാക്കാൻ യേശു ഒരു ചെറിയ വിത്തിനെ ഉപയോഗപ്പെടുത്തുന്നു. ഇതിന്റെ “ചെറുതായിരിക്കുന്ന” ഇന്നത്തെ അവസ്ഥയിൽ അതിന്റെ “വലിപ്പം” ഉൾക്കൊണ്ടിട്ടുണ്ട്. വിത്തുകളിൽ ഏറ്റവും ചെറുതെന്നതും വളരുമ്പോൾ ഏറ്റവും വലുതെന്നതും ആശയം പകർന്നു നൽകുന്നതിനുള്ള ഓരു ഭാഷാപ്രയോഗമായി കണ്ടാൽ മതിയാകും.

ചെറിയ ഈ വിത്ത് ഒരുപാട് ശാഖകളുള്ള വലിയ ചെടിയായി വളരുന്നത് ഭാവിയിൽ സംഭവിക്കാൻ പോകുന്ന ദൈവരാജ്യ വളർച്ചയെ കാണിക്കുന്നു. യേശുവിന്റെ കാലത്ത് പലസ്തീനായിലെ ചില പ്രദേശങ്ങളിൽ മാത്രം ഒതുങ്ങിനിന്ന ഈ ദൈവരാജ്യ വളർച്ച ഇന്ന് എത്ര വലുതാണെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ആ ചെറിയ കടുകുമണി വളർന്ന് ലോകത്തിന്റെ എല്ലാ കോണിലും അതിന്റെ ശാഖകൾ എത്തപ്പെട്ടിരിക്കുന്നു. ഇത് കേവലം മനുഷ്യന്റെ പ്രയത്നം കൊണ്ടു മാത്രം സംഭവിക്കുന്നതല്ല. പിന്നെയോ, ദൈവീക ഇടപെടലിന്റെ തെളിവ് കൂടിയാണ്. ഉപമകളാൽ ജനങ്ങളോട് സംസാരിച്ച യേശു അതിന്റെ അർത്ഥം തന്റെ ശിഷ്യന്മാർക്ക് പിന്നീട് മിക്കപ്പോഴും വിവരിച്ചു കൊടുക്കുന്നു.

യേശുവിന്റെ പ്രസംഗം കേട്ടതുകൊണ്ടു മാത്രം അതിന്റെ അർത്ഥം കേൾവിക്കാരന് പൂർണ്ണമായും മനസ്സിലായിക്കൊള്ളണമെന്നില്ല. ശിഷ്യന്മാരെപ്പോലെ, പലപ്പോഴും അവിടുത്തെ അടുത്തിരുത്തി അതിന്റെ അർത്ഥം വെളിപ്പെടുത്തി തരണേയെന്നു യേശുവിനോടു നാം പ്രാർത്ഥിക്കുകയും വേണം. പ്രാർത്ഥനാമനോഭാവത്തോടെ മാത്രമേ ദൈവവചനം വായിക്കാവൂ. എങ്കിലേ അതിന്റെ ആന്തരിക അർത്ഥം മനസ്സിലാവൂ. അതുകൊണ്ട് ഇന്ന് നമുക്ക് അഗ്രാഹ്യമായ വേദഭാഗങ്ങളുടെ അർത്ഥം മനസ്സിലാക്കുന്നതിന് യേശുസന്നിധിയിലിരുന്നു നാം പ്രാർത്ഥിച്ചു ധ്യാനിക്കണം. ഇങ്ങനെയാണ് സാധാരണക്കാരും അജ്ഞരെന്ന് കരുതിയവരുമായ ഒരുപാട് വിശുദ്ധർ വലിയ ദൈവീകരഹസ്യങ്ങൾ മനസ്സിലാക്കിയതും മറ്റുള്ളവർക്ക് അതിന്റെ അർത്ഥം പകർന്നു നൽകിയതും. കസേരയിൽ ഇരുന്നു വായിച്ച് വ്യാഖാനം എഴുതുന്നതിനേക്കാൾ പ്രധാനപ്പെട്ടതാണ് മുട്ടുകുത്തി നിന്ന് ദൈവവചനം പ്രാർത്ഥിച്ചു ധ്യാനിക്കുന്നത്.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.