സീറോ മലങ്കര ആഗസ്റ്റ് 27 ലൂക്കാ 7: 11-17 കരുണയുടെ മുഖം

ഫാ. സാമുവേൽ തൊണ്ടുപറമ്പിൽ

വി. ലൂക്കായുടെ സുവിശേഷം 7 -ആം അദ്ധ്യായം 11 മുതൽ 17 വരെയുള്ള തിരുവചനഭാഗങ്ങളാണ് ഇന്നത്തെ നമ്മുടെ വിചിന്തനവിഷയം. അമ്മമാരുടെ മദ്ധ്യസ്ഥയായ വി. മോനിക്കാ പുണ്യവതിയുടെ തിരുനാളായ ഇന്ന് ഒരു അമ്മയുടെ കണ്ണീർ കണ്ട് അനുകമ്പ തോന്നുന്ന ഈശോയുടെ ചിത്രമാണ് ലൂക്കാ സുവിശേഷകൻ വരച്ചുകാട്ടുന്നത്.

നായിനിലെ വിധവയുടെ മകനെ പുനർജ്ജീവിപ്പിക്കുന്നതിലൂടെ ഈശോയുടെ കരുണയുടെ മുഖമാണ് നാം ഇവിടെ ദർശിക്കുന്നത്. വിധവയായ അമ്മയുടെ ഏകപുത്രൻ ഈ ലോകത്തോട് യാത്ര പറയുമ്പോൾ, ആ അമ്മയുടെ കരളലിയലിൽ അനുകമ്പ തോന്നി ജീവൻ നഷ്ടപ്പെട്ടവന് ജീവന്റെ ദാതാവ് ജീവൻ തിരിച്ചു നൽകി ജീവന്റെയും മരണത്തിന്റെയും മേലുള്ള തന്റെ അധികാരം കാണിക്കുന്നു.

പ്രിയമുള്ളവരേ, മനം തകർന്നവർക്ക്, ആശയറ്റവർക്ക് ആശ്വാസം നൽകുന്ന ഈശോ. നീ കരയണ്ട എന്ന് കരുണാപൂർവ്വം കല്പിച്ച ഈശോയുടെ കരുതൽ. തന്നോട് ആവശ്യപ്പെടാതെ തന്നെ തന്റെ കരുണ നിമിത്തം ജീവൻ നൽകുന്ന ഈശോ എന്നീ ദൃശ്യങ്ങളാണ് നാം ഈ വചനഭാഗങ്ങളിൽ ദർശിക്കുന്നത്. ഒന്നോർക്കുക, മോനിക്കാ പുണ്യവതിയുടെ കണ്ണുനീർ നിറഞ്ഞ പ്രാർത്ഥനയിലൂടെ പാപത്തിന്റെ പടുകുഴിയിൽ വീണുപോയ അഗസ്റ്റിൻ വിശുദ്ധിയുടെ കൊടുമുടിയിലെത്തി വി. അഗസ്റ്റിനായി മാറിയത് ഒരു അമ്മയുടെ കണ്ണുനീരിന് ദൈവം വില നൽകിയതു കൊണ്ടാണ്. മാർത്ത-മറിയത്തിനും, മഗ്ദലന മറിയത്തിനും യെരുശലേം പുത്രിമാരുടെ നിലവിളിക്കും ഈശോയുടെ ആശ്വാസവാക്ക് കേൾക്കാൻ സാധിച്ചു.

പ്രിയമുള്ളവരേ, ഒരു അമ്മയുടെ കണ്ണുനീരിന് ദൈവം ജീവന്റെ വില നൽകുന്നു. പ്രാർത്ഥിക്കട്ടെ; ഓരോ അമ്മമാരും നിലവിളിക്കട്ടെ. നിന്റെ ദൈവം കരുണയോടെ നിനക്ക് ഉത്തരം തരാൻ കാത്തിരിക്കുന്നു. ദൈവം നമ്മെ ധാരാളമായി അനുഗ്രഹിക്കട്ടെ.

ഫാ. സാമുവേൽ തൊണ്ടുപറമ്പിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.