സീറോ മലങ്കര ആഗസ്റ്റ് 26 മത്തായി 14: 22-33 നീ സത്യമായും ദൈവപുത്രനാണ്

ഫാ. സാമുവേൽ തൊണ്ടുപറമ്പിൽ

വി. മത്തായിയുടെ സുവിശേഷം 14 -ആം അദ്ധ്യായം 22 മുതൽ 33 വരെയുള്ള തിരുവചനങ്ങളാണ് ഇന്നത്തെ നമ്മുടെ വിചിന്തനത്തിനായി തിരുസഭാ മാതാവ് നൽകിയിരിക്കുന്നത്. വിശുദ്ധ ബൈബിളിലെ ഏറ്റവും മനോഹരമായ ദൃശ്യമാണ് നാം ഇവിടെ ദർശിക്കുന്നത്. ജനക്കൂട്ടത്തെ തൃപ്തരാക്കി ശിഷ്യന്മാരെ മറുകരയിലേക്ക് പറഞ്ഞുവിട്ടതിനു ശേഷം ദൈവവുമായി സംസാരിക്കാനായി നിശബ്ദതയുടെ മലയിലേക്കു കയറിപ്പോകുന്ന യേശു. തന്റെ പ്രാർത്ഥനക്കു ശേഷം രാത്രിയുടെ നാലാം യാമത്തിൽ കാറ്റ് പ്രതികൂലമായിരുന്നതിനാൽ തിരമാലകൾക്കിടയിൽപ്പെട്ട ശിഷ്യന്മാരുടെ സമീപത്ത് എത്തുന്നു. എന്നാൽ അവർക്ക് ഈശോയെ തിരിച്ചറിയാൻ സാധിച്ചില്ല. പരിഭ്രാന്തരായ ശിഷ്യർ, ‘ഇതാ ഭൂതം’ എന്നുപറഞ്ഞു നിലവിളിച്ചപ്പോൾ ശിഷ്യന്മാരോട് യേശു, ‘ധൈര്യമായിരിക്കുവിൻ. ഞാനാണ്. ഭയപ്പെടേണ്ട’ എന്നുപറഞ്ഞു ആശ്വസിപ്പിക്കുകയും പടകിൽ കയറിയ ഈശോ കാറ്റിനെ ശാന്തമാക്കുകയും ചെയ്തു. ഈ സംഭവം, ‘നീ സത്യമായും ദൈവപുത്രനാണ്’ എന്ന ഈശോയെക്കുറിച്ചുള്ള തിരിച്ചറിവിലേക്ക് ശിഷ്യന്മാരെ ആനയിക്കുന്നു.

പ്രിയമുള്ളവരേ, ഈശോ ഇന്ന് നമ്മോടും പറയുന്നത് ഇതു തന്നെയാണ്. പ്രതികൂല സാഹചര്യങ്ങളിൽ ക്രിസ്തുശിഷ്യന്റെ മനം തകരരുത്. ഒരുപക്ഷേ തകർന്നാൽ ഒന്നേയുള്ളൂ മാർഗ്ഗം, പത്രോസ് പ്രാർത്ഥിച്ചതുപോലെ കർത്താവേ, എന്നെ രക്ഷിക്കേണമേ എന്ന മനം നൊന്തുള്ള പ്രാർത്ഥന. കർത്താവിനെ ആശ്രയിക്കുന്നവർ ഒരിക്കലും ലജ്ജിക്കേണ്ടി വരികയില്ല. അവൻ നമ്മുടെ ജീവനാകുന്ന പടകിൽ പ്രവേശിക്കുമ്പോൾ പ്രതികൂല സാഹചര്യമാകുന്ന കൊടുങ്കാറ്റുകൾ നിലക്കും.

പത്രോസിനെപ്പോലെ കർത്താവിന്റെ കല്പനകൾക്കു കാത്തുനിന്ന് നമ്മുടെ ആഗ്രഹം ദൈവത്തിൽ സമർപ്പിച്ച് അവന്റെ അനുവാദത്തിനായി നമുക്കും കാത്തിരിക്കാം, വരിക എന്ന അനുകൂലമായ മറുപടിക്കായി. വീണുപോകാം; മനം നൊന്ത് നിലവിളിക്കുക. അവൻ പ്രതികൂലങ്ങളെ അനുകൂലമാകും. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

ഫാ. സാമുവേൽ തൊണ്ടുപറമ്പിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.