സീറോ മലങ്കര സെപ്റ്റംബർ 25 ലൂക്കാ 6: 27-36 സുവര്‍ണ്ണനിയമം

ഫാ. ഗീവർഗ്ഗീസ് കൈതവന

മത്തായിയുടെ സുവിശേഷത്തിലെ മലയിലെ പ്രസംഗത്തിനു സമാന്തരമായി ലൂക്കാ അവതരിപ്പിക്കുന്നതാണ് സമതല പ്രസംഗം. മലയില്‍ നിന്നിറങ്ങി ലോകം മുഴുവനോടും യേശു നേരിട്ടു സംസാരിക്കുന്ന വാക്കുകളാണ് ഇവ. സുദീര്‍ഘമായ ഈ പ്രസംഗത്തിലെ അസാധാരണമായ ചില കാര്യങ്ങളാണ് ഇന്നത്തെ സുവിശേഷത്തില്‍ നമ്മുടെ വിചിന്തനത്തിന് സഭ നല്‍കിയിരിക്കുന്നത്.

ശത്രുവിനെ വെറുക്കുക, അവനെ നശിപ്പിക്കുക എന്നത് ക്രിസ്തുവിന്റെ കാലത്തില്‍ മാത്രമല്ല ഇന്നും ലോകത്തില്‍ നിലനില്‍ക്കുന്ന അംഗീകൃത നയമാണ്. എന്നാല്‍ ശത്രുവിനെ സ്‌നേഹിക്കുക, അവര്‍ക്കു നന്മ ചെയ്യുക, അവരെ അനുഗ്രഹിക്കുക, അവര്‍ക്കായി പ്രാര്‍ത്ഥിക്കുക എന്നിങ്ങനെ ലോകത്തിന് അസ്വീകാര്യമായ നാലു കാര്യങ്ങള്‍ യേശു ശിഷ്യര്‍ക്കു മുമ്പില്‍ നാല് ഉദാഹരണങ്ങളോടെ അവതരിപ്പിക്കുന്നു. ഉദാഹരണങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ നിറവേറ്റുക എന്നല്ല, ഉപദ്രവിക്കുന്നവരോടും ശത്രുക്കളോടും പ്രതികാരത്തിനു മുതിരാതെ അവരെയും ദൈവസ്‌നേഹത്തിലേക്ക് ഉയര്‍ത്താവുന്നവിധം പെരുമാറുകയും സ്‌നേഹം കൊണ്ട് അവരെ കീഴടക്കുകയും അവരോടു ക്ഷമിക്കുകയും അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തുകൊണ്ട് പകരത്തിനു പകരം എന്നതല്ലാതെ സ്‌നേഹിച്ചുകൊണ്ട്, നന്മ ചെയ്തുകൊണ്ട്, അനുഗ്രഹിച്ചുകൊണ്ട്, പ്രാര്‍ത്ഥിച്ചുകൊണ്ട് ഉത്തമശിഷ്യരാകാന്‍ പരിശ്രമിക്കുക എന്നതാണ് സുവിശേഷസന്ദേശം.

അതിന് ക്രിസ്തുശിഷ്യനെ സഹായിക്കുന്ന സുവര്‍ണ്ണനിയമത്തെ യേശു മുന്നോട്ടുവയ്ക്കുന്നു. “മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അങ്ങനെ തന്നെ അവരോടും പെരുമാറുവിന്‍.” ഈ സുവര്‍ണ്ണനിയമത്തിന്റെ അടിസ്ഥാനത്തില്‍ ശത്രുവിനെ സ്‌നേഹിക്കാനും അവര്‍ക്ക് നന്മ ചെയ്യാനും അവരെ അനുഗ്രഹിക്കാനും അവര്‍ക്കായി പ്രാര്‍ത്ഥിക്കാനും ദൈവം നമ്മെ സഹായിക്കട്ടെ.

ഫാ. ഗീവര്‍ഗ്ഗീസ് കൈതവന

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.