

വി. യോഹന്നാൻ ശ്ലീഹാ എഴുതിയ സുവിശേഷം നാലാം അദ്ധ്യായം 43 മുതൽ 54 വരെയുള്ള തിരുവചനഭാഗങ്ങളാണ് ഇന്നത്തെ നമ്മുടെ വിചിന്തനവിഷയം. ഹേറോദേസിന്റെ രാജസേവകരിൽ ഒരാളുടെ ആസന്നമരണനായ മകനെ സുഖപ്പെടുത്തുന്ന ഭാഗമാണ് നാം ഇവിടെ ദർശിക്കുന്നത്.
സമൂഹം, വലിയവനെന്നു കരുതിയ രാജാവിന്റെ സന്നിധിയിൽ നിന്നും ചെറിയവനെന്നും തച്ചനെന്നും കരുതിയ ക്രിസ്തുവിന്റെ സന്നിധിയിലേക്ക് വരുന്ന രാജസേവകൻ. ജനമദ്ധ്യത്തിലുണ്ടാകാവുന്ന വിമർശനങ്ങൾ വകവയ്ക്കാതെ കർത്താവിൽ നിന്ന് അനുഭവം ഉൾക്കൊള്ളാൻ വേണ്ടി തന്റെ സ്ഥാനവും അന്തസ്സും നിഗളവും മാറ്റിവച്ച ഭൃത്യൻ. ഈ ഭൃത്യൻ ഈശോയുടെ സന്നിധിയിൽ തന്റെ അപേക്ഷയുമായി എത്തുമ്പോൾ, അപേക്ഷയ്ക്ക് ഉത്തരം നൽകാതെ അടയാളങ്ങളും അത്ഭുതങ്ങളും കാണാതെ വീശ്വസിക്കുകയില്ലല്ലോ എന്നു ചോദിക്കുന്ന യേശുവിനെ നമുക്കിടിവിടെ കാണാൻ സാധിക്കും. എന്നാൽ ഈ രാജസേവകൻ പരിശുദ്ധ മറിയവും സീറോ-ഫിനിഷ്യൻ സ്ത്രീയും വിട്ടുകൊടുക്കാൻ വിസമ്മതിച്ചതു പോലെ തന്റെ ആവശ്യം ആവർത്തിക്കുന്നു.
ക്രിസ്തുവിൽ നിന്നുള്ള ഇടപെടലുകൾക്ക് വിശ്വാസപൂർവ്വമായ കാത്തിരിപ്പ് ആവശ്യമാണെന്ന് അറിയുന്നവനായിരുന്ന ഈ രാജസേവകന്റെ ‘എന്റെ മകൻ മരിക്കും മുൻപ് വരണമേ’ എന്ന ആവശ്യത്തിന്, ഈശോയുടെ ‘നീ പൊയ്ക്കൊള്ളുക’ എന്ന ഒറ്റവാക്ക് മറുപടിയിൽ വിശ്വസിച്ച് തിരികെ നടക്കുമ്പോൾ യേശു ജീവദാതാവാണെന്നും കല്പിച്ചത് നടക്കുമെന്നും അയാൾ വിശ്വസിച്ചു. ആ വിശ്വാസത്തിൽ അവൻ കർത്താവിന്റെ ഇടപെടലുകൾ കണ്ടു. അങ്ങനെ അദ്ദേഹത്തിനെ മകൻ സുഖപ്പെടുകയും ചെയ്തു.
പ്രിയമുള്ളവരേ, ഈ രാജസേവകനാകുവാൻ നിനക്ക് സാധിക്കുമോ? ക്രിസ്ത്വാനുഭവത്തിനു തടസമായി നിൽക്കുന്നവയെ ഉപേക്ഷിക്കുവാൻ സാധിക്കുമോ? ക്രിസ്തുവിന്റെ ഇടപെടലിന് വിശ്വാസപൂർവ്വം കാത്തിരിക്കുവാൻ സാധിക്കുമോ? ക്രിസ്തുവിന്റെ വചനത്തിൽ വിശ്വസിച്ച് ദൈവമഹത്വം ദർശിക്കുവാൻ നിനക്ക് സാധിക്കുമോ? ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ഫാ. സാമുവേൽ തൊണ്ടുപറമ്പിൽ