സീറോ മലങ്കര ജൂലൈ 25 ലൂക്കാ 14: 7-11 മാതൃക

ഫാ. നിര്‍മ്മലാനന്ദന്‍

അതിഥിയും ആതിഥേയനും കൊടുക്കുന്ന ഉപദേശത്തിലൂടെ ക്രിസ്തുവിന്റെ ജീവിതത്തിന്റെ തുറന്നെഴുത്താണ് ഇന്നത്തെ സുവിശേഷഭാഗത്ത് വരച്ചിടുന്നത്. എളിമയുടെ പുണ്യം നെഞ്ചോട്‌ ചേര്‍ത്തുവയ്ക്കുന്നവനു മാത്രം മനസിലാവുന്ന ദൈവരാജ്യ സങ്കല്‍പം. ദൈവമായിരുന്നവന്‍ ദരിദ്രരില്‍ ദരിദ്രനായി വന്ന പുണ്യം. തന്റെ ശിഷ്യരുടെ മുമ്പില്‍ അടിമയെപ്പോലെ കാല്‍ കഴുകുവാനായി നിന്ന മാതൃക. തന്റെ ജീവിതകാലമത്രയും അവസാനപന്തിയില്‍ മാത്രം ഇരുന്നവന്‍. ആ ക്രിസ്തുവാണ്‌ തന്റെ ജീവിതത്തിന്റെ തുറന്നെഴുത്ത് നടത്തുന്നത്.

ക്രിസ്തുശിഷ്യനുള്ള വിളിയും അതാണ്‌. ‘ശുശ്രൂഷിക്കപ്പെടുവാനല്ല ശുശ്രൂഷിക്കുവാനും സ്വന്തം ജീവന്‍ അനേകര്‍ക്കു വേണ്ടി മോചനദ്രവ്യമായി നല്‍കുവാനുമാത്രേ’ (മര്‍ക്കോ. 10:45). നമ്മുടെ മനസിലെ ക്രിസ്തുവിന്റെ സങ്കല്പങ്ങള്‍ തകര്‍ത്തെറിയുന്നുണ്ട് ഇന്നത്തെ സുവിശേഷം. ഒട്ടിയ വയറും പാറിപ്പറന്ന മുടിയുമായി മണ്ണില്‍ ചവിട്ടിനില്‍ക്കുന്ന ക്രിസ്തു ദൈവമാണെന്ന് മനസിലാക്കുകയാണ് കാലഘട്ടത്തിന്റെ ആവശ്യം. പത്രോസിനോട് അതാണ്‌ ക്രിസ്തു പറയുന്നത്, ‘എന്റെ പിതാവ് മനസിലാക്കിത്തന്നതു കൊണ്ടാണ് നിനക്ക് ജീവനുള്ള ദൈവത്തിന്റെ പുത്രനെ മനസിലായത്.’

ഇന്നത്തെ സുവിശേഷം എന്നെ ക്ഷണിക്കുകയാണ്, അവസാന പന്തിയിലേക്ക് മാറ്റിനിര്‍ത്തപ്പെട്ടവരുടെ കാവല്‍ക്കാരനാവാന്‍. താമസിക്കുവാന്‍ ഭവനമില്ലാതെ, കഴിക്കാന്‍ ഭക്ഷണമില്ലാതെ, മരുന്ന് വാങ്ങാന്‍ കാശില്ലാതെ, കൊറോണയുടെ കാലത്ത് പഠിക്കുവാനുള്ള സംവിധാനങ്ങളില്ലാതെ മാറ്റിനിര്‍ത്തപ്പെട്ടവരുടെ ശുശ്രൂഷകനാകാന്‍. ദൈവം നമ്മെ ധാരാളമായി അനുഗ്രഹിക്കട്ടെ.

ഫാ. നിര്‍മ്മലാനന്ദന്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.