സീറോ മലങ്കര ഒക്ടോബർ 24 മർക്കോ. 16: 14-18 ഉത്തരവാദിത്വം

ലോകമെങ്ങുമുള്ള എല്ലാ മിഷനറിമാർക്കു വേണ്ടിയും പ്രത്യേകമായി പ്രാർത്ഥിക്കുന്ന ഞായറാഴ്ചയാണ് മിഷൻ ഞായർ. ഇന്ന് നമ്മൾ വായിക്കുന്ന വേദഭാഗം മർക്കോസിന്റെ സുവിശേഷം 16 -ആം അദ്ധ്യായം 14 മുതൽ 18 വരെയുള്ള തിരുവചനങ്ങളാണ്. ശിഷ്യന്മാർക്കു നൽകപ്പെടുന്ന പ്രേഷിത ദൗത്യമാണ്. കർത്താവിന്റെ ഉത്ഥാനത്തിനു ശേഷം ഉയിർത്തെഴുന്നേറ്റ കർത്താവ് ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെടുന്നു. ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെടുമ്പോൾ അവർക്ക് ദൈവീകമായ ഒരു ഉത്തരവാദിത്വം നൽകപ്പെടുകയാണ്. മാമ്മോദീസയിലൂടെ എല്ലാ വിശ്വാസികൾക്കും നല്കപ്പെടുന്നതും ഈ ഒരു ഉത്തരവാദിത്വമാണ്.

ആദ്യത്തെ വചനം പ്രത്യേകത നിറഞ്ഞ ഒരു വചനമാണ്. അവർ പതിനൊന്നു പേര് ഭക്ഷണത്തിന് ഇരിക്കുമ്പോൾ അവൻ അവര്‍ക്ക്യ പ്രത്യക്ഷപ്പെട്ടു. ഭക്ഷണം വിശുദ്ധ ഗ്രന്ഥത്തിൽ പ്രത്യേകമായി ഒരു ദൈവീക വിരുന്ന്, പരിശുദ്ധ കുർബാന അതുമായി ബന്ധപ്പെട്ടു നാം ചിന്തിക്കുകയാണെങ്കിൽ പന്ത്രണ്ടു പേരായിരുന്നു ശരിക്കും അവിടെ കാണേണ്ടത്. പക്ഷെ ഇപ്പോൾ പതിനൊന്നു പേർ മാത്രമേ ഉള്ളൂ. ഒരാൾ യൂദാസാണ്. അവൻ യേശുവിനെ ഒറ്റിക്കൊടുത്തു. അവൻ ആത്മഹത്യ ചെയ്തു. അങ്ങനെ യൂദാസ് ഈ കൂട്ടത്തിലില്ല. വിശുദ്ധ കുർബാനയുടെ ഒരു വേളയിലാണ് അവൻ അപ്പം സ്വീകരിച്ച ഉടൻ തന്നെ പുറത്തു പോകുന്നത്. അവൻ നാശത്തിലേക്കു പോവുകയും ചെയ്തു. പിന്നീട് പതിനൊന്നു പേര്‍ മറ്റൊരു ബലിപീഠത്തിനു ചുറ്റും ഒരു വിരുന്നിനു ഇരിക്കുമ്പോൾ കർത്താവ് അവർക്കു പ്രത്യക്ഷപ്പെട്ടു. ഇവിടെ വിരുന്ന വിശുദ്ധ കുര്‍ബാനയുമായി ബന്ധപ്പെട്ടു നാം ചിന്തിച്ചാൽ ഈ വിശുദ്ധ കുർബാനയിൽ ചേർന്ന് നിൽക്കുന്ന വളരെ പ്രത്യേകത നിറഞ്ഞ ഒരു ദൗത്യമാണ് പ്രേഷിത ദൗത്യം.

രണ്ടാമത്തെ കാര്യം, കർത്താവ് കണ്ട ഉടൻ തന്നെ അവരെ കുറ്റപ്പെടുത്തുകയാണ്. ശരിക്കും ഈശോക്ക് ഒരാളെ കുറ്റപ്പെടുത്താൻ സാധിക്കുമോ? അവിടുന്ന് ആരെയും കുറ്റപ്പെടുത്താറില്ല. പക്ഷെ, ഇവിടെ കർത്താവ് കുറ്റപ്പെടുത്തി എന്ന് തന്നെയാണ് മാർക്കോസ് പറയുന്നത്. എന്തിനാണ് കുറ്റപ്പെടുത്തിയിരിക്കുന്നത്. അവരവരുടെ വിശ്വാസരാഹിത്യത്തെ. അതായത് ഉയിർപ്പിക്കപ്പെട്ടതിനു ശേഷവും തന്നെ കണ്ടവരെ വിശ്വസിക്കാത്തതു നിമിത്തം. പലരും പറഞ്ഞു കർത്താവിനെ ഞങ്ങൾ കണ്ടു എന്ന് പറയുമ്പോഴും ശിഷ്യന്മാര്‍ അത് വിശ്വസിച്ചിട്ടില്ല. ആ വിശ്വസിക്കാത്തവനെ കര്‍ത്താവ് കുറ്റപ്പെടുത്തുകയാണ്. അതുകൊണ്ട് പ്രേഷിതനായി രണഭൂമിയിലേക്ക് ഇറങ്ങുന്ന ഒരു വ്യക്തി വിശ്വാസത്തിൽ അടിയുറച്ചവൻ ആയിരിക്കണം. കാരണം ഈ പ്രേഷിതയാത്രയിൽ പല വിധത്തിലുള്ള ബുദ്ധിമുട്ടുകൾ ഒരാളെ കാത്തിരിക്കുന്നുണ്ട്. സുഗമമായ ഒരു വഴിയല്ല പ്രേഷിത പ്രവർത്തനം. അത് രക്തസാക്ഷിത്വത്തിലേക്കുള്ള ഒരു വഴിയാണ്. അവിടെ കർത്താവിലുള്ള വിശ്വാസം, നിത്യജീവിതത്തിലുള്ള വിശ്വാസമില്ലെങ്കിൽ തീര്‍ച്ചയായും നാം പതറിപ്പോകാനും ഇടറി വീഴാനും സാധ്യതയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.