

വി. മർക്കോസിന്റെ സുവിശേഷം ആറാം അദ്ധ്യായം 30 മുതൽ 44 വരെയുള്ള തിരുവചനങ്ങളാണ് ഇന്നത്തെ വിചിന്തനവിഷയം. അഞ്ച് അപ്പവും രണ്ടു മീനും കൊണ്ട് അയ്യായിരം പേരെ തൃപ്തിപ്പെടുത്തുന്ന ഈശോയുടെ ചിത്രമാണ് നാം ഇവിടെ ദർശിക്കുന്നത്.
യേശുവും ശിഷ്യന്മാരും വിശ്രമിക്കാനായി ഒരു വിജനപ്രദേശത്തേക്ക് പിൻവാങ്ങിയതോടെ അനേകം ആളുകൾ അവരെ അനുഗമിക്കുന്നതായി കാണുന്നു. ഈ ജനക്കൂട്ടത്തോടാണ് ഈശോയ്ക്ക് അനുകമ്പ തോന്നിയത്. സുവിശേഷകന്മാർ ഒരുപോലെ പ്രതിപാദിക്കുന്ന സംഭവമാണിത്. ഈ സംഭവം അനേകം പഴയനിയമസൂചകങ്ങളെ സൂചിപ്പിക്കുന്നുണ്ട്. ഒന്നാമതായി, ‘ഇടയാനില്ലാത്ത ആടുകളെപ്പോലെ’ എന്നത്, ഇസ്രായേലിൽ ആത്മീയനേതൃത്വത്തിന്റെ അഭാവത്തിൽ തന്റെ ആടുകളുടെ ഇടയനായി മിശിഹായിലൂടെ അവരെ നയിക്കുമെന്ന് ദൈവം വാഗ്ദാനം ചെയ്തതിനെയും മരുഭൂമിയിൽ വച്ച് ഇസ്രായേലിനു മന്നാ പൊഴിക്കുന്നതും എലീഷാ അപ്പം വർദ്ധിപ്പിക്കുന്നതും മിച്ചമുള്ളത് കുട്ടയിൽ ശേഖരിക്കുന്നതും കൂടാതെ കുർബാനസ്ഥാപനത്തെയും ഈ സംഭവം സൂചിപ്പിക്കുന്നു.
പ്രിയമുള്ളവരേ, ഇന്ന് ഈശോ നമ്മോടും ആവശ്യപ്പെടുന്നത് ശിഷ്യരോട് പറഞ്ഞ അതേ വാക്കുകളാണ്. “നിങ്ങൾ തന്നെ ഭക്ഷിക്കാൻ കൊടുക്കുവിൻ.” യാത്രയ്ക്ക് ഒന്നും കരുതരുതെന്ന് ശിഷ്യരോട് നിർദ്ദേശിച്ച ശേഷം ജനത്തിന് ഭക്ഷണം കൊടുക്കാൻ പറയുന്നതിലൂടെ ശിഷ്യരോടും നമ്മോടും പറയുന്നത്, ദൈവത്തിൽ പൂർണ്ണമായി ആശ്രയിക്കാനാണ്. ദൈവത്തിൽ ആശ്രയിച്ച ശിഷ്യന്മാരുടെ കയ്യിലെ ശുഷ്കമായ വിഭവങ്ങളിലൂടെ ദൈവം അത്ഭുതം പ്രവർത്തിക്കുന്നു. കൊടുക്കാൻ കല്പിച്ചവൻ തന്നെ കൈ നിറയെ നൽകുന്നു. ദൈവത്തിൽ പൂർണ്ണമായി ആശ്രയിക്കുമ്പോൾ നിന്റെ പരിമിതികളിൽ സ്വർഗ്ഗത്തിന്റെ ഇടപെടലുകൾ ഉണ്ടാകും. ദൈവത്തിൽ ആശ്രയിക്കുവാൻ തക്കവണ്ണം ക്രിസ്തുശിഷ്യരിലുണ്ടായ വിശ്വാസം എന്നിലും നൽകണമേ എന്ന് പ്രാർത്ഥിക്കാം.
ഫാ. സാമുവേൽ തൊണ്ടുപറമ്പിൽ