സീറോ മലങ്കര ജൂലൈ 23 ലൂക്കാ 13: 31-35 ദൈവരാജ്യം

ഫാ. ചാക്കോ മേലേടത്ത്

ഒരു പറ്റം ഫരിസേയർ യേശുക്രിസ്തുവിന്റെ യാത്രയെ തടസ്സപ്പെടുത്തിക്കൊണ്ട് സംസാരിക്കുന്ന ഒരു വചനഭാഗം. റോമാക്കാർ പിന്തുണയ്ക്കുന്ന ഹേറോദേസ് ക്രിസ്തുവിന് ഭീഷണി ഉയർത്തുന്നു. ദൈവരാജ്യവ്യാപനത്തെ തടസ്സപ്പെടുത്തുന്ന വ്യക്തികളോ, വാക്കുകളോ, രാജ്യങ്ങളോ ആരു തന്നെ ആയാലും ക്രിസ്തു അതിനെ തൃണവത്കരിക്കുന്നതായാണ് കാണുന്നത്. “എന്നേക്കാളധികം പിതാവിനെയോ, മാതാവിനെയോ സ്‌നേഹിക്കുന്നവന്‍ എനിക്കു യോഗ്യനല്ല; എന്നേക്കാളധികം പുത്രനെയോ, പുത്രിയെയോ സ്‌നേഹിക്കുന്നവനും എനിക്കു യോഗ്യനല്ല” (മത്തായി 10:37). ദൈവരാജ്യവും അതിന്റെ പ്രവൃത്തികളുമാണ് ക്രിസ്തുവിന് വലുത്. എല്ലാ മാനുഷിക വ്യാപാരങ്ങൾക്കുമുപരി ദൈവരാജ്യത്തിന് വില കൽപിക്കുന്ന യേശുക്രിസ്തു. എന്നാൽ ദൈവരാജ്യത്തിന് ഒരു വിലയും കല്പിക്കാത്ത ഒരു ജനസമൂഹത്തോട് ശക്തമായി പ്രതികരിക്കുന്ന ക്രിസ്തു.

തന്റെ പീഡാനുഭവത്തിന് ഒരുക്കമായി യൂദായുടെ പ്രാന്തപ്രദേശങ്ങളിലൂടെ ചുറ്റിസഞ്ചരിച്ച് ജറുസലേമിലേക്ക് യാത്ര ചെയ്തുകൊണ്ടിരിക്കുന്ന ക്രിസ്തു ദൈവജനം തന്റെ വാക്കുകൾക്ക് വില കൽപിക്കാത്തതിൽ തനിക്കുള്ള ആശാഭംഗം വെളിപ്പെടുത്തുകയാണ് ഇന്നത്തെ വചനഭാഗത്തിലൂടെ. ശത്രുവിന്റെ ആക്രമണമുണ്ടാകുമ്പോൾ ഒരു പിടക്കോഴി തന്റെ കുഞ്ഞുങ്ങളെ എങ്ങനെ ചിറകിന്റെ കീഴിൽ സംരക്ഷിക്കുന്നുവോ അതുപോലെ തന്റെ ജനത്തെ കാത്തുപരിപാലിക്കാൻ ആഗ്രഹിക്കുന്ന ദൈവത്തിന്റെ മനസ് വെളിപ്പെടുത്തുകയാണ് ക്രിസ്തു. ദൈവത്തിന്റെ പരിപാലന രുചിച്ചറിഞ്ഞ സങ്കീർത്തകൻ, ആ ചിറകിൻ കീഴിൽ അഭയം തേടുന്നതിനെപ്പറ്റി നിരവധി തവണ പ്രാർത്ഥനകളിലൂടെ വിവരിക്കുന്നുണ്ട്.

‘കണ്ണിന്റെ കൃഷ്‌ണമണി പോലെഎന്നെ കാത്തുകൊള്ളണമേ! അങ്ങയുടെ ചിറകിന്റെ നിഴലില്‍എന്നെ മറച്ചുകൊള്ളണമേ!’ (സങ്കീ. 17:8).

തന്റെ തൂവലുകള്‍ കൊണ്ട്‌ അവിടുന്നു നിന്നെ മറച്ചുകൊള്ളും; അവിടുത്തെ ചിറകുകളുടെ കീഴില്‍ നിനക്ക്‌ അഭയം ലഭിക്കും; അവിടുത്തെ വിശ്വസ്‌തത നിനക്ക്  കവചവും പരിചയും ആയിരിക്കും (സങ്കീ. 91:4).

ദൈവരാജ്യവും ദൈവപരിപാലനയുമാണ് എല്ലാറ്റിലും വലുത്. ദൈവപരിപാലനയിൽ വിശ്വസിക്കുന്നവർക്ക് ഒന്നിനെയും ഭയക്കേണ്ട ആവശ്യമില്ല.

ഫാ. ചാക്കോ മേലേടത്ത്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.