സീറോ മലങ്കര ജൂലൈ 25 ലൂക്കാ 13: 31-35 ദൈവരാജ്യം

ഒരു പറ്റം ഫരിസേയർ യേശുക്രിസ്തുവിന്റെ യാത്രയെ തടസ്സപ്പെടുത്തിക്കൊണ്ട് സംസാരിക്കുന്ന ഒരു വചനഭാഗം. റോമാക്കാർ പിന്തുണയ്ക്കുന്ന ഹേറോദേസ് ക്രിസ്തുവിന് ഭീഷണിയുയർത്തുന്നു. ദൈവരാജ്യവ്യാപനത്തെ തടസപ്പെടുത്തുന്ന വ്യക്തികളോ, വാക്കുകളോ, രാജ്യങ്ങളോ ആരുതന്നെ ആയാലും ക്രിസ്തു അതിനെ തൃണവത്ക്കരിക്കുന്നതായാണ് കാണുന്നത്. “എന്നേക്കാളധികം പിതാവിനെയോ, മാതാവിനെയോ സ്‌നേഹിക്കുന്നവന്‍ എനിക്കു യോഗ്യനല്ല; എന്നേക്കാളധികം പുത്രനെയോ, പുത്രിയെയോ സ്‌നേഹിക്കുന്നവനും എനിക്കു യോഗ്യനല്ല” (മത്തായി 10:37). ദൈവരാജ്യവും അതിന്റെ പ്രവൃത്തികളുമാണ് ക്രിസ്തുവിന് വലുത്. എല്ലാ മാനുഷികവ്യാപാരങ്ങൾക്കുമുപരി ദൈവരാജ്യത്തിന് വിലകല്പിപിക്കുന്ന യേശുക്രിസ്തു. എന്നാൽ ദൈവരാജ്യത്തിന് ഒരു വിലയും കല്പിക്കാത്ത ഒരു ജനസമൂഹത്തോട് ശക്തമായി പ്രതികരിക്കുന്ന ക്രിസ്തു.

തന്റെ പീഡാനുഭവത്തിന് ഒരുക്കമായി യൂദായുടെ പ്രാന്തപ്രദേശങ്ങളിലൂടെ ചുറ്റിസഞ്ചരിച്ച് ജറുസലേമിലേക്ക് യാത്രചെയ്തുകൊണ്ടിരിക്കുന്ന ക്രിസ്തു ദൈവജനം തന്റെ വാക്കുകൾക്ക് വിലകല്പിക്കാത്തതിൽ തനിക്കുള്ള ആശാഭംഗം വെളിപ്പെടുത്തുകയാണ് ഇന്നത്തെ വചനഭാഗത്തിലൂടെ. ശത്രുവിന്റെ ആക്രമണമുണ്ടാകുമ്പോൾ, ഒരു പിടക്കോഴി തന്റെ കുഞ്ഞുങ്ങളെ എങ്ങനെ ചിറകിൻകീഴിൽ സംരക്ഷിക്കുന്നുവോ അതുപോലെ തന്റെ ജനത്തെ കാത്തുപരിപാലിക്കാൻ ആഗ്രഹിക്കുന്ന ദൈവത്തിന്റെ മനസ്സ്  വെളിപ്പെടുത്തുകയാണ് ക്രിസ്തു.

ദൈവത്തിന്റെ പരിപാലന രുചിച്ചറിഞ്ഞ സങ്കീർത്തകൻ, ആ ചിറകിൻകീഴിൽ അഭയം തേടുന്നതിനെപ്പറ്റി നിരവധി തവണ പ്രാർഥനകളിലൂടെ വിവരിക്കുന്നുണ്ട്. ‘കണ്ണിന്റെ കൃഷ്‌ണമണിപോലെഎന്നെ കാത്തുകൊള്ളണമേ! അങ്ങയുടെ ചിറകിൻനിഴലില്‍ എന്നെ മറച്ചുകൊള്ളണമേ!’ (സങ്കീ. 17:8). തന്റെ തൂവലുകള്‍ കൊണ്ട്‌ അവിടുന്നു നിന്നെ മറച്ചുകൊള്ളും; അവിടുത്തെ ചിറകുകളുടെ കീഴില്‍ നിനക്ക്‌ അഭയം ലഭിക്കും; അവിടുത്തെ വിശ്വസ്‌തത നിനക്ക് കവചവും പരിചയുമായിരിക്കും (സങ്കീ. 91:4). ദൈവരാജ്യവും ദൈവപരിപാലനയുമാണ് എല്ലാറ്റിലും വലുത്. ദൈവപരിപാലനയിൽ വിശ്വസിക്കുന്നവർക്ക് ഒന്നിനെയും ഭയക്കേണ്ട ആവശ്യമില്ല.

ഫാ. ചാക്കോ മേലേടത്ത്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.