സീറോ മലങ്കര ഒക്ടോബർ 22 ലൂക്കാ 12: 35-40 ജാഗരൂകരായിരിക്കുവിൻ

ഫാ. ജിനോ ആറ്റുമാലില്‍

മനുഷ്യപുത്രന്റെ ആഗമനത്തിന്റെ ദിവസമോ, മണിക്കൂറോ എപ്പോഴെന്ന് അറിയാത്തതുകൊണ്ട് സദാ ശ്രദ്ധാലുക്കളും ജാഗരൂകരും ആയിരിക്കുവിൻ എന്ന താക്കീത് നൽകിക്കൊണ്ടാണ് ഇന്നത്തെ സുവിശേഷഭാഗം അവസാനിക്കുന്നത്.

ഒരു വീട്ടുടമസ്ഥൻ പുറത്തു പോയിക്കഴിയുമ്പോൾ അദ്ദേഹത്തിന്റെ തിരിച്ചുവരവിന്റെ സമയം അറിയാത്തതുകൊണ്ട് ഭൃത്യന്മാർ എപ്പോഴും ജാഗരൂകരായിരിക്കേണ്ടതിന്റെ ആവശ്യകതയെയാണ് ഈശോ ഈ വചനഭാഗത്ത് അവതരിപ്പിച്ചിരിക്കുന്നത്. കൃത്യനിർവ്വഹണമാണ് സ്വീകാര്യ-തിരസ്കരണങ്ങളുടെ മാനദണ്ഡം. ഏല്പിച്ച ഉത്തരവാദിത്വത്തിന്റെ നിർവ്വഹണത്തിൽ വിശ്വസ്തരോ, അവിശ്വസ്തരോ എന്നാണ് പരീക്ഷണം. ഇവിടെ യജമാനൻ, ഉത്ഥിതനായ ഈശോയുടെ പ്രതീകമാണ്. അവരാണ് ഏൽപിക്കപ്പെട്ട ഉത്തരവാദിത്വം നൽകപ്പെട്ട സമയത്തിനുള്ളിൽ വിശ്വസ്തതയോടെ ചെയ്യേണ്ടവർ.

മനുഷ്യമനസ്സിന്റെ സർവ്വസാധാരണമായ പ്രതികരണമാണിത്. ചിലപ്പോൾ യജമാനനെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിൽ വീഴ്ച വരുത്തും. അതിനെതിരെ നാം കരുതലുള്ളവരായിരിക്കണം. ആ കരുതലും സന്നദ്ധതയും നാളേയ്ക്ക് മാറ്റിവയ്ക്കുന്നത് ആത്മഹത്യാപരമാകും. സമയം ഇനിയുമുണ്ട് എന്ന് കരുതിയിരിക്കരുത്. അപ്രതീക്ഷിത നിമിഷത്തിൽ വന്നാലേ യജമാനന് കാര്യസ്ഥന്റെ യഥാർത്ഥ സ്വാഭാവം പിടികിട്ടൂ. മുൻകൂട്ടി അറിയിച്ചു വന്നാൽ ആരാണ് ഒരുങ്ങിയിരിക്കാത്തത്. വിധി യജമാനന്റെ സാന്നിധ്യനിമിഷങ്ങളെക്കുറിച്ചു മാത്രമല്ല, ഉത്തരവാദിത്വത്തിന്റെ എല്ലാ നാളുകളെയും കുറിച്ചാണ്. ആരെയെങ്കിലും കാണിക്കാനോ, ബോധ്യപ്പെടുത്താനോ വേണ്ടി നമ്മുടെ ജീവിതവും പ്രവർത്തിയും നാം മാറ്റിവയ്ക്കരുത്. അങ്ങനെ ആയാൽ അവരുടെ കൺവെട്ടത്തിൽ മാത്രം ശ്രദ്ധയും മറ്റ് അവസരത്തിൽ അശ്രദ്ധയുമാകും.

എല്ലാം കണ്ടും എല്ലാത്തിനും സാക്ഷിയായും ദൈവം നമ്മിൽ വസിക്കുന്നു. അവിടുത്തെ സ്വരമാണ് മനഃസാക്ഷിയിൽ നാം തെളിഞ്ഞുകേൾക്കേണ്ടത്. നമ്മുടെ ഓരോ ചലനത്തിനും പ്രവർത്തികൾക്കും അതിന്റെ അധികാരമുണ്ടാകണം. അതായിരിക്കണം ജീവിതത്തെ നയിക്കുന്ന പ്രേരണ.

ഫാ. ജിനോ ആറ്റുമാലിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.