സീറോ മലങ്കര ആഗസ്റ്റ് 22 ലൂക്കാ 18: 9-14 ദൈവകൃപ

ഫാ. സാമുവേൽ തൊണ്ടുപറമ്പിൽ

നമ്മുടെ കർത്താവിന്റെ തേജസ്കരണ തിരുനാളിനു ശേഷം വരുന്ന മൂന്നാമത്തെ ഞായറാഴ്ച്ചയാണ് ഇന്ന്. വി. ലൂക്കായുടെ സുവിശേഷം 18 -ാം അദ്ധ്യായം 9 മുതൽ 14 വരെയുള്ള വചനഭാഗങ്ങളാണ് ഇന്നത്തെ നമ്മുടെ വിചിന്തന വിഷയം.

വി. ലൂക്കയുടെ സുവിശേഷത്തിൽ മാത്രം കാണുന്ന ഉപമയാണ്, പ്രാർത്ഥിക്കാനായി ദേവാലയത്തിലേക്ക് വരുന്ന ഫരിസേയന്റെയും ചുങ്കക്കാരന്റെയും ഉപമ. തങ്ങൾ നീതിമാന്മാരാണെന്ന് സ്വയം പ്രശംസിക്കുകയും, തങ്ങളുടെ ആത്മരക്ഷ സ്വന്തം കഴിവ് കൊണ്ട് നേടാനാകുമെന്ന് അഹങ്കരിക്കുകയും, മറ്റുള്ളവരെ പുച്ഛിക്കുകയും, നിസാരമായി കാണുകയും, ഒരുവന്റെ ആത്മസ്ഥിതിക്ക് വിലയിടുകയും ചെയ്ത ഫരിസേയനെയും, യഥാർത്ഥ രക്ഷ കൈവരിക്കണമെങ്കിൽ ദൈവത്തിന്റെ സന്നിധിയിൽ ഞാൻ ആരാണ്, എന്റെ അവസ്ഥ എന്താണ് എന്ന് മനസിലാക്കി തന്നെത്തന്നെ പൂർണ്ണമായി അംഗീകരിച്ച ചുങ്കക്കാരന്റെ വിനീതഭാവവും കാട്ടി ചുങ്കക്കാരനെപ്പോലെ നീതീകരിക്കപ്പെട്ടവനായിത്തീരാന്‍ ആഹ്വാനം ചെയ്യുന്നു.

പ്രിയമുള്ളവരേ, ഈ സുവിശേഷഭാഗത്തിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ ജീവിതത്തെ ഒന്ന് വിശകലനം ചെയ്യാം. ദൈവസന്നിധിയില്‍ ഫരിസേയന്‍ പ്രാര്‍ത്ഥിക്കുവാന്‍ നിന്നെങ്കിലും ദൈവത്തോട് പ്രാര്‍ത്ഥിക്കാന്‍ മറന്നുപോയി. അവന്റെ സ്വയം പുകഴ്ത്തല്‍ ദൈവനീതി അവനിലേക്ക് പ്രവേശിക്കാന്‍ തടസമായി നില്‍ക്കുന്നു. ഈ അവസ്ഥയാണോ എന്നില്‍ നിഴലിച്ചുനില്‍ക്കുന്നതെന്ന് ചിന്തിക്കൂ. അതോ തന്റെ അവസ്ഥ ഒരു തുറന്ന പുസ്തകം പോലെ ദൈവസന്നിധിയില്‍ തുറന്നുവച്ച ചുങ്കക്കാരന്റെ തുറവിയുള്ള പ്രാര്‍ത്ഥനയാണോ എന്റെ ജീവിതം. ദൈവകൃപ നമ്മുടെ ജീവിതത്തില്‍ നിറയണമെങ്കില്‍ എളിമയുള്ള ഹൃദയത്തോടെ ദൈവസന്നിധിയില്‍ ആയിരിക്കണം. ചുങ്കക്കാരനെപ്പോലെ എളിമയുടെ പുണ്യം ജീവിതത്തില്‍ അനുവര്‍ത്തിക്കാം. ദൈവം നമ്മെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ഫാ. സാമുവേൽ തൊണ്ടുപറമ്പിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.