സീറോ മലങ്കര ആഗസ്റ്റ് 27 ലൂക്കാ 18: 9-14 ദൈവകൃപ

നമ്മുടെ കർത്താവിന്റെ തേജസ്കരണ തിരുനാളിനുശേഷം വരുന്ന മൂന്നാമത്തെ ഞായറാഴ്ച്ചയാണ് ഇന്ന്. വി. ലൂക്കായുടെ സുവിശേഷം 18-ാം അധ്യായം 9 മുതൽ 14 വരെയുള്ള വചനഭാഗങ്ങളാണ് ഇന്നത്തെ നമ്മുടെ വിചിന്തനവിഷയം.

വി. ലൂക്കയുടെ സുവിശേഷത്തിൽമാത്രം കാണുന്ന ഉപമയാണ്, പ്രാർഥിക്കാനായി ദേവാലയത്തിലേക്കുവരുന്ന ഫരിസേയന്റെയും ചുങ്കക്കാരന്റെയും ഉപമ. തങ്ങൾ നീതിമാന്മാരാണെന്ന് സ്വയം പ്രശംസിക്കുകയും, തങ്ങളുടെ ആത്മരക്ഷ സ്വന്തം കഴിവുകൊണ്ട് നേടാനാകുമെന്ന് അഹങ്കരിക്കുകയും, മറ്റുള്ളവരെ പുച്ഛിക്കുകയും, നിസ്സാരമായി കാണുകയും, ഒരുവന്റെ ആത്മസ്ഥിതിക്ക് വിലയിടുകയും ചെയ്ത ഫരിസേയനെയും, യഥാർഥരക്ഷ കൈവരിക്കണമെങ്കിൽ ദൈവത്തിന്റെ സന്നിധിയിൽ ഞാൻ ആരാണ്, എന്റെ അവസ്ഥ എന്താണെന്നു മനസ്സിലാക്കി തന്നെത്തന്നെ പൂർണ്ണമായി അംഗീകരിച്ച ചുങ്കക്കാരന്റെ വിനീതഭാവവും കാട്ടി ചുങ്കക്കാരനെപ്പോലെ നീതീകരിക്കപ്പെട്ടവനായിത്തീരാന്‍ ആഹ്വാനം ചെയ്യുന്നു.

പ്രിയമുള്ളവരേ, ഈ സുവിശേഷഭാഗത്തിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ ജീവിതത്തെ ഒന്ന് വിശകലനം ചെയ്യാം. ദൈവസന്നിധിയില്‍ ഫരിസേയന്‍ പ്രാര്‍ഥക്കാന്‍ നിന്നെങ്കിലും ദൈവത്തോട് പ്രാര്‍ഥിക്കാന്‍ മറന്നുപോയി. അവന്റെ സ്വയംപുകഴ്ത്തല്‍ ദൈവനീതി അവനിലേക്ക് പ്രവേശിക്കാന്‍ തടസ്സമായി നില്‍ക്കുന്നു. ഈ അവസ്ഥയാണോ എന്നില്‍ നിഴലിച്ചുനില്‍ക്കുന്നതെന്ന് ചിന്തിക്കൂ. അതോ തന്റെ അവസ്ഥ ഒരു തുറന്ന പുസ്തകംപോലെ ദൈവസന്നിധിയില്‍ തുറന്നുവച്ച ചുങ്കക്കാരന്റെ തുറവിയുള്ള പ്രാര്‍ഥനയാണോ എന്റെ ജീവിതം. ദൈവകൃപ നമ്മുടെ ജീവിതത്തില്‍ നിറയണമെങ്കില്‍ എളിമയുള്ള ഹൃദയത്തോടെ ദൈവസന്നിധിയിലായിരിക്കണം. ചുങ്കക്കാരനെപ്പോലെ എളിമയുടെ പുണ്യം ജീവിതത്തില്‍ അനുവര്‍ത്തിക്കാം. ദൈവം നമ്മെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ഫാ. സാമുവേൽ തൊണ്ടുപറമ്പിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.