സീറോ മലങ്കര ആഗസ്റ്റ് 21 യോഹ. 21: 18-19 ദൗത്യം

ഫാ. ഓസ്റ്റിൻ ജോൺ തെക്കേതിൽ

യേശു പത്രോസ് ശ്ലീഹായെ ദൗത്യം ഏല്പിക്കുന്നതാണ് ഇന്നത്തെ നമ്മുടെ വിചിന്തനഭാഗം. മൂന്നു പ്രാവശ്യം, നീ എന്നെ സ്നേഹിക്കുന്നുവോ എന്ന് ചോദിച്ചുറച്ച് യേശു പത്രോസിനെ ദൗത്യം ഏല്പിക്കുന്നു. ക്രിസ്തുവിനെ എല്ലാറ്റിനേക്കാളും അധികമായി സ്നേഹിച്ച പത്രോസിനെയാണ് തന്റെ ആടുകളെ മേയ്ക്കുവാൻ അവിടുന്ന് ഏൽപ്പിക്കുന്നത്. ദൗത്യം ഏല്പിച്ചശേഷം പത്രോസ് എപ്രകാരമുള്ള മരണത്താൽ ദൈവത്തെ മഹത്വപ്പെടുത്തുമെന്ന് വെളിപ്പെടുത്തിയതിനു ശേഷം തന്നെ അനുഗമിക്കാൻ അവിടുന്ന് ആവശ്യപ്പെടുന്നു.

പ്രിയമുള്ളവരേ, ക്രിസ്തുവിനെ അനുഗമിക്കാനുള്ള ഒരു അളവുകോൽ കർത്താവ് ഇവിടെ പറഞ്ഞുവയ്ക്കുന്നുണ്ട്. എല്ലാറ്റിനുമുപരിയായി അവനെ സ്നേഹിക്കുക. എല്ലാറ്റിനുമുപരിയായി കർത്താവിനെ സ്നേഹിക്കുക എന്നുള്ളതിൽ, നമ്മുടെയൊക്കെ ജീവിതത്തിൽ സ്നേഹത്തിന്റെ മുൻഗണനാക്രമത്തിൽ ക്രിസ്തു എവിടെ നിൽക്കുന്നുവെന്ന് ഇടയ്ക്കൊക്കെ നമുക്ക് പരിശോധിക്കാം.

ആവശ്യങ്ങൾ സാധിച്ചെടുക്കാൻ ക്രിസ്തുവിലേക്കു തിരിയുകയും അതിനു ശേഷം സ്നേഹത്തിന്റെ പട്ടികയിൽ നിന്ന് അവനെ പിന്നോക്കം മാറ്റുകയും ചെയ്യുന്നത് നമ്മുടെ പതിവ് ശീലങ്ങളല്ലേ. ക്രിസ്ത്യാനി എന്ന വിളി കൊണ്ട് ആരും ക്രിസ്ത്യാനിയാകുന്നില്ല. പ്രത്യുത, അവനെ സ്നേഹിച്ച് അനുഗമിക്കുന്നതിൽ നിന്നുമാണ് ഒരു യഥാർത്ഥ ക്രിസ്ത്യാനി ജനിക്കുന്നത്.

ഒരു യഥാർത്ഥ ക്രിസ്ത്യാനിയായി ഈ ലോകത്തിൽ ജീവിക്കുവാൻ നമുക്ക് പരിശ്രമിക്കാം. എല്ലാറ്റിനുമുപരിയായി ക്രിസ്തുവിന് നമ്മുടെ ജീവിതങ്ങളിൽ ഇടം കൊടുക്കാം. കറകളില്ലാതെ, കളങ്കമില്ലാതെ, ക്രിസ്തുവിനെ സ്നേഹിക്കാനും അതുവഴി ഒരു യഥാർത്ഥ ക്രിസ്ത്യാനിയായി ജീവിക്കുവാനും നമുക്ക് പരിശ്രമിക്കാം. പത്രോസിനെപ്പോലെ നമുക്കും കർത്താവിനോടു പറയാം, ‘ഉവ്വ് കർത്താവേ, ഞാൻ നിന്നെ സ്നേഹിക്കുന്നു.’

ഫാ. ഓസ്റ്റിൻ ജോൺ തെക്കേതിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.