സീറോ മലങ്കര ജൂലൈ 21 മത്തായി 24: 1-14 സുവിശേഷം പ്രഘോഷിക്കുക

ഫാ. ചാക്കോ മേലേടത്ത്

25 ആം അധ്യായം വരെ ന്യായവിധിയുടെ മാനങ്ങളാണ് സുവിശേഷത്തിൽ കാണുന്നത്. അന്ത്യവിധിക്ക് മുമ്പ് ലോകമെങ്ങും സുവിശേഷം പ്രഘോഷിക്കപ്പെടേണ്ടിയിരിക്കുന്നു. സുവിശേഷപ്രഘോഷകർക്കുള്ള ഒരു മുന്നറിയിപ്പാണ് ഇന്നത്തെ സുവിശേഷം.

ശിഷ്യന്മാരെ ബലപ്പെടുത്താൻ വേണ്ടി യേശുക്രിസ്തു അവർ സഹിക്കാനിരിക്കുന്ന പീഡനങ്ങളെക്കുറിച്ച് അവരോട് വിവരിക്കുകയാണ്. എങ്കിലും ലോകം മുഴുവൻ സുവിശേഷം പ്രഘോഷിക്കപ്പെടുന്നതു വരെ ലോകാവസാനം ഉണ്ടാവുകയില്ല എന്ന ഒരു ധ്വനി കൂടിയുണ്ട് ഈ വചനഭാഗത്ത്. ആപത്തോ പട്ടിണിയോ നഗ്നതയോ വാളോ ഒന്നും ക്രിസ്തുവിനോടുള്ള സ്നേഹത്തിൽ നിന്ന് ഞങ്ങളെ തടയില്ല എന്ന് വി. പൗലോസ് ശ്ലീഹ. “ക്രിസ്‌തുവിന്റെ സ്‌നേഹത്തില്‍നിന്ന്‌ ആരു നമ്മെ വേര്‍പെടുത്തും? ക്ലേശമോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?” (റോമാ 8:35). അതിനുള്ള ധൈര്യം സംഭവിക്കേണ്ടതിനും പ്രാർത്ഥിച്ചു ഒരുങ്ങുന്നതിനും ശിഷ്യർക്കുള്ള സന്ദേശം. ദോഷങ്ങളും ദുരിതങ്ങളും ഉണ്ടാകുമ്പോൾ എന്തോ പുതിയവ സംഭവിച്ചതുപോലെ നോക്കികാണാതിരിക്കാൻ വേണ്ടിയുള്ള ഒരു ആഹ്വാനമാണ് ഈ വചനഭാഗം.

വ്യാജപ്രവാചകന്മാരെ സൂക്ഷിക്കുവിൻ എന്നുള്ള ഒരു മാനം കൂടിയുണ്ട് ഈ വചനഭാഗത്തിൽ. സമൃദ്ധിയുടെ, സമ്പത്തിന്റെ സുവിശേഷപ്രഘോഷകർ ഇന്ന് സമൂഹത്തിൽ കൂടിവരുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അന്ത്യോഖ്യൻ ആരാധനക്രമത്തിലുള്ള പ്രാർത്ഥനകൾ ശ്രദ്ധിച്ചാലും പിതാക്കന്മാരുടെ പഠിപ്പിക്കലുകളിലും മനസ്സിലാക്കാൻ പറ്റുന്ന കാര്യം സഹനങ്ങളും ജീവിതത്തിന്റെ ഭാഗമാണ് അത്ഭുതങ്ങളും ജീവിതത്തിന്റെ ഭാഗമാണ്. ഒന്നിലും കൂടുതൽ സന്തോഷിക്കുകയും ദുഃഖിക്കുകയോ ചെയ്യേണ്ട കാര്യമില്ല. പരിശുദ്ധാത്മാവ് നമ്മളെ സഹായിക്കും. ന്യായാധിപ സംഘങ്ങളുടെ മുൻപിൽ നിൽക്കുമ്പോൾ എങ്ങനെ പറയണമെന്നും എന്തു പറയണമെന്നും പരിശുദ്ധാത്മാവ് സഹായിക്കുമെന്ന് ക്രിസ്തു.

ഫാ. ചാക്കോ മേലേടത്ത്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.