സീറോ മലങ്കര സെപ്റ്റംബർ 20 യോഹ. 17: 17-23 വിശുദ്ധീകരണം

ഫാ. ഗീവർഗ്ഗീസ് കൈതവന

ഈശോയുടെ പുരോഹിത പ്രാര്‍ത്ഥനയിലെ പ്രസക്തമായ രണ്ടു ചിന്തകളാണ് നാം ഇന്ന് ധ്യാനിക്കുന്നത്. ഒന്നാമതായി, ഈശോ പ്രാര്‍ത്ഥിക്കുന്നത് ശിഷ്യരുടെ വിശുദ്ധീകരണത്തിനു വേണ്ടിയാണ് (17-19). ‘ഇതാ ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്’ (യോഹ. 1:29) എന്ന വാക്യത്തിലൂടെ സുവിശേഷകന്‍ വ്യക്തമാക്കുന്നു, യേശു ലോകത്തിലേക്ക് വന്നത് ലോകത്തെ രക്ഷിച്ച് വിശുദ്ധീകരിക്കുന്നതിനാണ്.

യേശു പ്രാര്‍ത്ഥിക്കുന്നത് തന്റെ തെരഞ്ഞെടുക്കപ്പെട്ടവരെ സത്യത്തില്‍ വിശുദ്ധീകരിക്കണമേ എന്നാണ്. അവിടുത്തെ വചനത്താല്‍ വിശുദ്ധീകരിക്കണമേ എന്നാണ്. ദൈവത്തിന്റെ പ്രവര്‍ത്തനമാണ് വിശുദ്ധീകരണം എന്ന പ്രക്രിയ. അതിന്റെ ആദ്യപടിയായിരുന്നു യേശുവിന്റെ ബലിയര്‍പ്പണം. ‘യേശുവിന്റെ പ്രാര്‍ത്ഥനയുടെ അവസാനഭാഗം ശിഷ്യര്‍ക്കു വേണ്ടി മാത്രമുള്ളതല്ല. അവനില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ് (20-26).

യേശുവില്‍ വിശ്വസിക്കുന്നവരുടെ കൂട്ടായ്മയാണല്ലോ സഭ. അങ്ങനെ ചിന്തിക്കുമ്പോള്‍, തന്റെ രണ്ടാമത്തെ ആഗമനം വരെ നിലനില്‍ക്കേണ്ട സഭയെക്കുറിച്ചുള്ള സ്വപ്നമാണ് യേശു തന്റെ പ്രാര്‍ത്ഥനയിലൂടെ പിതാവിനു സമര്‍പ്പിക്കുന്നത്. പിതാവും പുത്രനും പരിതമ്മിലുള്ള ഐക്യം എപ്രകാരമോ, അപ്രകാരമുള്ള ഐക്യമാണ് സഭയിലുണ്ടാകേണ്ടത് എന്നു സാരം. കാരണം, സഭാകൂട്ടായ്മ ദൈവിക കൂട്ടായ്മയാണ്. അതിനാല്‍, ഐക്യം വെറും മാനുഷികമായ ഐക്യമല്ല. ദൈവിക ഐക്യമാണ്. പിതാവിന്റെയും പുത്രന്റെയും ഐക്യം സഭാംഗങ്ങളുടെ ഐക്യത്തിന് മാതൃകയും ഉറവിടവുമാണ്. അതിനാല്‍ത്തന്നെ ദൈവപുത്രനായ മിശിഹായുടെ പുത്രത്വത്തില്‍ പങ്കുചേര്‍ന്ന് ദൈവപിതാവുമായി പിതൃപുത്രബന്ധത്തില്‍ ഒന്നായിരിക്കുന്ന സമൂഹമായ സഭ ഐക്യത്തിന്റെ സാക്ഷ്യമായിരിക്കണം. വിഭജനത്തിന്റെ അടയാളമാകരുത്.

ഫാ. ഗീവർഗ്ഗീസ് കൈതവന 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.