സീറോ മലങ്കര ജൂലൈ 14 മര്‍ക്കോ. 9: 30-37 സ്വര്‍ഗ്ഗരാജ്യത്തിലെ വലിയവന്‍

ആരാണ് വലിയവന്‍ എന്നതാണ് ശിഷ്യരുടെ തര്‍ക്കം (9:34). എല്ലാ തര്‍ക്കങ്ങളുടെയും ഹൃദയം ഇതാണ് – ഞാനാണ് വലിയവന്‍ എന്ന ചിന്ത; ഞാനാണ് ശരി എന്ന വാദം. പോരാ, മറ്റുളളവരെല്ലാം തെറ്റാണെന്ന ബോധ്യവും. വഴിയില്‍ വച്ചുളള തര്‍ക്കം (9:34) കാരണം ശിഷ്യര്‍ക്ക് നഷ്ടപ്പെട്ടത് എന്താണ്..? യേശുവിന്റെ പഠനത്തിന്റെ ഹൃദയം തന്നെ (9:31) – യേശുവിന്റെ തിരുവചനം തന്നെ.

നിന്റെ സ്‌നേഹബന്ധങ്ങളിലും നിന്റെ വീട്ടിലും വഴക്കുണ്ടാകുന്നതിന്റെ മൂലകാരണമിതാണ്. ഞാനാണ് വലിയവനെന്ന ചിന്ത. എങ്കില്‍ സമാധാനവും സ്‌നേഹവും ഉണ്ടാകാനുളള മാര്‍ഗ്ഗം എന്താണ്..? അല്‍പം താഴാനും ശുശ്രൂഷിക്കാനുമുളള മനസ്സ് (9:35). നിന്റെ ബന്ധങ്ങളില്‍ തര്‍ക്കങ്ങളുയരുമ്പോള്‍ നിനക്ക് നഷ്ടമാകുന്നത് ദൈവസ്വരം തന്നെയാണ്. നിന്റെ ബന്ധങ്ങളില്‍ അഹങ്കാരത്തിന്റെ ആധിപത്യത്തിനു പകരം ശുശ്രൂഷയുടെ എളിമ നിറയുമ്പോഴാണ് ദൈവസ്വരം തിരിച്ചറിയാന്‍ നിനക്കാവുന്നത്.