സീറോ മലങ്കര ഒക്ടോബർ 19 ലൂക്കാ 16: 11-18 സമ്പത്തിന്റെ വിനിയോഗം

ഫാ. ജിനോ ആറ്റുമാലില്‍

സമ്പത്ത് എങ്ങനെ വിനിയോഗിക്കാം എന്നതാണ് ഈശോ ഈ അദ്ധ്യായത്തിൽ വ്യാഖ്യാനിക്കുക. ഈ അദ്ധ്യായത്തിനു മുമ്പ്, സമ്പത്ത് ധൂർത്തടിച്ച ഒരു പുത്രന്റെ അവസ്ഥ വ്യക്തമാക്കുന്നു. ഈയൊരു ഉപമയ്ക്കു ശേഷമാണ് ഈശോ ഈ ഭാഗത്തെക്കുറിച്ച് സംസാരിക്കുക. നിത്യകൂടാരത്തിൽ ഇടം ലഭിക്കാൻ അധാർമ്മിക സമ്പത്ത് ഉപയോഗിച്ച ഒരു കാര്യസ്ഥനെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ഈശോ 16-ആം അദ്ധ്യായം ആരംഭിക്കുന്നത്. ഈ അദ്ധ്യായം അവസാനിക്കുന്നത് അധാർമ്മിക സമ്പത്ത് മൂലം നിത്യകൂടാരം നഷ്ടപ്പെടുത്തിയ ഒരു ധനവാനെക്കുറിച്ച്  പറഞ്ഞുകൊണ്ടുമാണ്.

16/ 13 -ൽ, ദൈവത്തെയും മാമോനെയും ഒന്നിച്ച് സ്നേഹിക്കാൻ നിങ്ങൾക്ക് കഴിയില്ല. ഇവിടെ ഈശോ പറയുന്ന മാമോൻ എന്നത് സമ്പത്താണ്. ഇവിടെ, ഉപമയിൽ കാര്യസ്ഥന് സമ്പത്ത് നൽകുന്നത് ദൈവമാണ്. ഇവിടെ ഈശോ പറയുന്നത്, അധാർമ്മിക സമ്പത്തിന്റെ കാര്യത്തിൽ വിശ്വാസതരല്ലെങ്കിൽ യഥാർത്ഥ ധനം ആര് നിങ്ങളെ ഏൽപ്പിക്കും എന്നാണ്. അതായത്, നമ്മൾ പരിശ്രമിക്കേണ്ടത് യഥാർത്ഥ ധനം നേടാനാണ്. യഥാർത്ഥ ധനം നമുക്ക് നൽകുന്നത് ക്രിസ്തുവാണ്. ഭൗമികസമ്പത്ത് നൽകിയിരിക്കുന്നത് യഥാർത്ഥ സമ്പത്തായ ക്രിസ്തുവിനെ സ്വന്തമാക്കാനാണ്. സമ്പത്ത് നൽകിയിരിക്കുന്നത് ദൈവമഹത്വത്തിനായാണ്; പങ്കുവയ്ക്കാനാണ്.

അന്ത്യവിധിയുടെ പ്രധാന ചോദ്യം ഇതു തന്നെയാണ്. ‘നിന്റെ എളിയ സഹോദരന് നീ ഇത് ചെയ്തുകൊടുത്തോ?’ ഹൃദയങ്ങൾ അറിയുന്നവനാണ് നമ്മുടെ ദൈവം. ലൂക്കാ 16/ 15 -ൽ, ഇവിടെ നികൃഷ്ടം എന്ന വാക്ക് പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നത് വിഗ്രഹാരാധനയുമായി ബന്ധപ്പെട്ടാണ്. അതായത്, ബാഹ്യമായി ദൈവത്തോട് അടുത്തിരിക്കുന്നുവെന്ന് കാണിക്കുമെങ്കിലും അവരുടെ ഹൃദയം സമ്പത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. അവരുടെ വിഗ്രഹം എന്നത് സമ്പത്താണ്. അതിനാലാണ് നികൃഷ്ടം എന്ന പദം ഇവിടെ ഉപയോഗിച്ചിരിക്കുക. യഥാർത്ഥ സമ്പത്തിനെ നാം കണ്ടെത്തുക എന്നതാണ് നമ്മുടെ ഉത്തരവാദിത്വം എന്ന് ഈശോ പഠിപ്പിക്കുന്നു. രണ്ടാമതായി, വിധവയുടെ ചില്ലിക്കാശ് കണ്ട കർത്താവ് നമ്മുടെ ഹൃദയമാണ് നോക്കുന്നത്. എളിമപ്പെട്ട്‌ ദൈവത്തോട് ചേർന്നിരിക്കാം.

ഫാ. ജിനോ ആറ്റുമാലില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.