സീറോ മലങ്കര ആഗസ്റ്റ് 19 മർക്കോ. 5: 35-43 പ്രത്യാശയും വിശ്വാസവും

ഫാ. ഓസ്റ്റിൻ ജോൺ തെക്കേതിൽ

പന്ത്രണ്ടു വയസുള്ള ബാലികയെ യേശു മരണത്തിൽ നിന്നും ഉയിർപ്പിക്കുന്നതാണ് ഇന്നത്തെ വിചിന്തനഭാഗം. മരണാസന്നയായ തന്റെ മകളെ രക്ഷിക്കണമെന്ന സിനഗോഗ് അധികാരിയുടെ അഭ്യർത്ഥനപ്രകാരം യേശു അവനോടൊപ്പം പോകുന്നു. എന്നാൽ പോകുംവഴി ആ മകൾ മരിച്ചു എന്ന വാർത്തയുമായി സേവകന്മാർ വരുന്നു. യേശു സിനഗോഗ് അധികാരിയോട് പറയുന്നു: “ഭയപ്പെടേണ്ട; വിശ്വസിക്കുക മാത്രം ചെയ്യുക.” ഈ സിനഗോഗ് അധികാരിക്ക് യേശുവിലുള്ള വിശ്വാസവും പ്രത്യാശയുമാണ് ഈ അത്ഭുതം പ്രവർത്തിക്കുന്നതിലേക്ക് യേശുവിനെ നയിക്കുന്നത്. മരണപ്പെട്ട തന്റെ മകളുടെ മൃതശരീരത്തിനു മുമ്പിൽ നിൽക്കുമ്പോൾ പോലും യേശുവിലുള്ള വിശ്വാസത്തിനും പ്രത്യാശയ്ക്കും ഒരു കുറവും സംഭവിക്കുന്നില്ല.

പ്രിയമുള്ളവരേ, ഈ സിനഗോഗ് അധികാരിയുടെ യേശുവിലുള്ള വിശ്വാസവും പ്രത്യാശയും നമ്മെ ഓരോരുത്തരെയും ചിന്തിപ്പിക്കേണ്ട ഒന്നാണ്. നമ്മുടെയൊക്കെ ജീവിതത്തിന്റെ ഇരുണ്ട അദ്ധ്യായങ്ങളെ നാം അഭിമുഖീകരിക്കുമ്പോൾ, സർവ്വവും തകർന്ന് പ്രത്യാശയറ്റു നിൽക്കുമ്പോൾ ഈ സിനഗോഗ് അധികാരിയെപ്പോലെ യേശുവിൽ പ്രത്യാശ വയ്ക്കുവാനും വിശ്വസിക്കുവാനും നമുക്ക് സാധിക്കാറുണ്ടോ? പ്രത്യേകിച്ച് കൊറോണ പോലുള്ള മഹാമാരിയുടെ മുമ്പിൽ ഇനി എന്ത്, എങ്ങനെ എന്നുള്ള ചോദ്യങ്ങളുമായി നിൽക്കുമ്പോൾ ഭയപ്പെടേണ്ട; വിശ്വസിക്കുക മാത്രം ചെയ്യുക എന്നുള്ള ക്രിസ്തുവചനത്തിൽ മുറുകെ പിടിക്കുവാൻ സാധിക്കുന്നുണ്ടോ?

ഈ വചനത്തിൽ ആ സിനഗോഗ് അധികാരി വിശ്വാസം മുറുകെപ്പിടിച്ചതിന്റെ ഫലമായിട്ടാണ് മരണത്തിൽ നിന്നും ആ ബാലിക ജീവനിലേക്ക് തിരികെ നടക്കുന്നത്. ഏതു ഭയാനകരമായ ജീവിതാവസ്ഥയിൽ നിന്നും ഒരു വാക്ക് കൊണ്ട് നമ്മെ രക്ഷിക്കാൻ യേശുവിനു സാധിക്കും എന്ന അടിയുറച്ച വിശ്വാസവും പ്രത്യാശയും നമുക്കുണ്ടാകണം. ഒരു വേദനകളുടെ മുൻപിലും പ്രത്യാശ നഷ്ടപ്പെട്ടു പോകേണ്ട ഒരു ജനസമൂഹമല്ല നാം. മരിച്ചവരെ ഉയിർപ്പിച്ച് സ്വയം മരണത്തെ ജയിച്ച യേശുവാണ് നമ്മുടെ പ്രത്യാശ. അവനിലുള്ള പ്രത്യാശയിലും വിശ്വാസത്തിലും നമുക്ക് ഉറപ്പിച്ചു നിൽക്കാം. വളരാം.

ഫാ. ഓസ്റ്റിൻ ജോൺ തെക്കേതിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.