സീറോ മലങ്കര ജൂണ്‍ 19 യോഹ. 14: 20-24 മാർ യൂദാ തദ്ദേവൂസിന്റെ തിരുനാൾ

ഫാ. വർഗ്ഗീസ് പുത്തൻവീട്ടിൽ മാത്യു (മനു) ഓ. ഐ. സി.

പശ്ചാത്തലം 

യോഹന്നാന്റെ സുവിശേഷം പത്താം അദ്ധ്യായത്തിൽ ത്രിത്വരഹസ്യത്തിന്റെ രഹസ്യങ്ങൾ വീണ്ടും അനാവരണം ചെയ്യപ്പെടുന്നു. പിതാവും പുത്രനും തമ്മിലുള്ള അദേദ്യമായ ബന്ധം മാത്രമല്ല, പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളും അധികാരവും കർത്താവ് ശിഷ്യന്മാരെ അറിയിക്കുന്നു.

പ്രമേയം 

ക്രിസ്തുവിനെ സ്നേഹിക്കുന്നവൻ പിതാവിനെ സ്നേഹിക്കുന്നു. ക്രിസ്തുവിനെ കണ്ടെത്തുന്നവൻ പിതാവിനെ കണ്ടെത്തുന്നു. അങ്ങനെയുള്ളവരോടൊപ്പം ദൈവം വസിക്കുന്നു. അതിന്റെ അടയാളം പരിശുദ്ധാത്മാവിനെ അറിയുകയും സ്വീകരിക്കുകയും എന്നുള്ളതും അവന്റെ പ്രവർത്തനങ്ങളിൽ ആയിത്തീരുകയും ചെയ്യുന്നു.

വിചിന്തനം 

പിതാവിനെ അറിയുക: സ്നേഹിക്കുക, കൽപന പാലിക്കുക – പിതാവ് തന്നെ അയച്ചുതന്നു എന്ന് വ്യക്തമായി വിശ്വസിക്കുന്നതിന് ശിഷ്യന്മാരെ കർത്താവ് ഒരുക്കുന്നു. പിതാവിനെ അറിയുന്നതിനു വേണ്ടി പുത്രൻതമ്പുരാൻ ആകുന്ന സ്നേഹത്തെ മനസ്സിലാക്കുകയും ആ സ്നേഹത്തിൽ ജീവിക്കുകയും അവിടുന്ന് നൽകിയിട്ടുള്ള കൽപനകൾ പാലിക്കുകയും വേണം. പുത്രൻതമ്പുരാൻ പിതാവിന്റെ കരുണയുടെ മുഖമാണെന്ന് പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട് (Miseridordiae vultus).

സ്നേഹത്തിന്റെ ഭാവങ്ങളിലൂടെ മാത്രമേ പിതാവിനെ നാം സ്വന്തമാക്കുകയുള്ളൂ എന്ന് കർത്താവ് പഠിപ്പിക്കുകയാണ്. കർത്താവ് സ്നേഹമാണെന്ന് രുചിച്ചറിഞ്ഞ ശിഷ്യന്മാർ തങ്ങളുടെ ജീവിതത്തിൽ പിതാവാം ദൈവത്തെ സ്വീകരിച്ചത് സ്നേഹത്തിലൂടെയാണ് (സ്‌നേഹിക്കാത്തവന്‍ ദൈവത്തെ അറിഞ്ഞിട്ടില്ല. കാരണം, ദൈവം സ്‌നേഹമാണ്‌. 1 യോഹ. 4:8). അതിന് അവരെ സഹായിച്ചത് പരിശുദ്ധാത്മാവാണ്. ശിഷ്യന്മാരുടെ പിൽക്കാലജീവിതം ചരിത്രത്തിനു സാക്ഷിയാണ് (അപ്പസ്‌തോലന്മാര്‍, കര്‍ത്താവായ യേശുവിന്റെ പുനരുത്ഥാനത്തിന് വലിയ ശക്തിയോടെ സാക്ഷ്യം നല്‍കി. അവര്‍ എല്ലാവരുടെയും മേല്‍ കൃപാവരം സമൃദ്ധമായി ഉണ്ടായിരുന്നു. അപ്പ. പ്രവ. 4:33).

കർത്താവിൽ നിന്ന് നമുക്ക് ലഭിച്ചിട്ടുള്ള സ്നേഹം ശരിയാംവണ്ണം സ്വീകരിക്കുകയും അതിന് സാക്ഷികളാകുകയും ചെയ്യുമ്പോൾ പിതാവിനെ നാം സ്വീകരിക്കുന്നു. ആ സ്നേഹത്തിൽ ജീവിക്കുന്നവൻ കർത്താവിന്റെ കല്പനകൾ പാലിക്കുന്നു. അങ്ങനെയുള്ളവരുടെ അടുത്തേക്കാണ് കർത്താവ് വരുന്നതും വെളിപ്പെടുന്നതും. അവിടെയാണ് കർത്താവ് വസിക്കുന്നത്. അതിനു വേണ്ടി പൂർണ്ണമായും നമ്മുടെ ഹൃദയങ്ങളെ ഒരുക്കുകയും നമ്മുടെ ജീവിതങ്ങളെ പരിവർത്തനം ചെയ്യുകയും ചെയ്യാം. അവിടെയാണ് പരിശുദ്ധാത്മാവ് ആവസിക്കുന്നത്. അവിടെയാണ് ഓരോരുത്തരും പരിശുദ്ധാത്മാവിനെ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നത്.

ഈ അദ്ധ്യായത്തിന്റെ അവസാനഭാഗത്ത് ക്രിസ്തു അവരുടെ അടുക്കൽ വരുന്ന ആശ്വാസകന്റെ ദാനത്തിന്റെ ദിവസത്തെക്കുറിച്ചുള്ള സൂചന നൽകുന്നു (പെന്തെക്കൊസ്ത് ദിനം എന്നാണ് അർത്ഥം). ആ ആത്മാവിനെ സ്വീകരിക്കുന്നതിനു വേണ്ട  മുൻകരുതലുകളാണ് കർത്താവ് സൂചിപ്പിച്ചത്. അപ്പോൾ ദൈവസ്നേഹത്തിൽ ആയിരിക്കുന്നതിനും കല്പനകൾ  പാലിക്കുന്നതിലൂടെ ദൈവത്തെ സ്വന്തമാക്കുന്നതിനും പരിശുദ്ധാത്മാവിനാൽ ആയിരിക്കുന്നതിനും നമുക്ക് പരിശ്രമിക്കാം.

ഫാ. വർഗ്ഗിസ് പുത്തൻവീട്ടിൽ  മാത്യു (മനു) ഓ. ഐ. സി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.