സീറോ മലങ്കര ആഗസ്റ്റ് 18 മത്തായി 6: 22-24 പ്രകാശം

ഫാ. ഓസ്റ്റിൻ ജോൺ തെക്കേതിൽ

നിന്നിലെ പ്രകാശം അന്ധകാരമാകാതിരിക്കട്ടെ എന്നതാണ് ഇന്നത്തെ ഗുരുവചനം. ക്രിസ്തു എന്താണ് ഇതുകൊണ്ട് വിവക്ഷിക്കുന്നത്? എല്ലാ മനുഷ്യരിലും പ്രകാശമുണ്ട്. ഈ പ്രകാശം കെട്ടുപോയാൽ അവനിൽ നിന്നും മാനുഷികമൂല്യങ്ങൾ നഷ്ടപ്പെട്ടു പോകുന്നു. മനുഷ്യനിലെ പ്രകാശമാണ് മനുഷ്യനെ മനുഷ്യനാകുന്നത്.

പ്രിയ സഹോദരങ്ങളെ, ഇന്നത്തെ ലോകത്തിലേക്ക് നാം ഒന്ന് കണ്ണോടിച്ചാൽ ഈ പ്രകാശം ക്രമേണ നഷ്ടപ്പെട്ടു പോകുന്നത് നമുക്ക് കാണാൻ സാധിക്കും. ഇന്ന് പലപ്പോഴും മാനുഷികമൂല്യങ്ങൾ പ്രകാശം നഷ്ടപ്പെട്ട്‌ അന്ധകാരമയമാകുന്നുണ്ട്. പലപ്പോഴും മാനുഷികമൂല്യങ്ങൾക്കതീതമായി മറ്റെന്തിനോ വില കല്പിക്കപ്പെടുന്നുണ്ട്. മതത്തിന്റെയും വർഗ്ഗവർണ്ണങ്ങളുടെയും പേരിൽ നാം കലഹിക്കുമ്പോൾ ഈ പ്രകാശം നമ്മിൽ നിന്നും നഷ്ടപ്പെട്ടു പോകുന്നുണ്ട്.

മാനുഷികമൂല്യങ്ങളെ അതിലംഘിക്കുന്ന ക്രിസ്തുമൂല്യങ്ങളിലേക്ക് വിളിക്കപ്പെട്ടവരാണ് നാം. തന്നിലേക്ക് വന്നവർക്കെല്ലാം പ്രകാശം പകർന്നു നൽകിയ യേശുവിനെ അനുഗമിക്കുന്നവരായ നമുക്ക് ഒന്ന് വിചിന്തനം ചെയ്തു നോക്കാം, എന്നിലെ പ്രകാശം അന്ധകാരമാകുന്നുണ്ടോ? കുരിശിൽ കിടന്ന്, തന്നെ പീഡിപ്പിച്ചവർക്കു വേണ്ടി പോലും പ്രാർത്ഥിക്കുന്നതാണ് ക്രിസ്തുവിന്റെ പ്രകാശം. ഈ പ്രകാശത്തിൽ നിന്നും പ്രകാശം സ്വീകരിച്ച്‌ നാം നമ്മുടെ ജീവിതയാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കുമ്പോൾ പ്രകാശിക്കുവാൻ നമുക്ക് സാധിക്കുന്നുണ്ടോ?

പ്രിയമുള്ളവരേ, നമ്മിലെ പ്രകാശം കെട്ടുപോകാതിരിക്കാൻ നമുക്ക് പരിശ്രമിക്കാം. ഉറ പോയ ഉപ്പ് പോലെ തന്നെയാണ് പ്രകാശം നഷ്ടപ്പെട്ട മനുഷ്യനും. നമുക്ക് പ്രകാശിക്കാം, ലോകത്തെ പ്രകാശമയമാക്കാം, ദൈവം അനുഗ്രഹിക്കട്ടെ.

ഫാ. ഓസ്റ്റിൻ ജോൺ തെക്കേതിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.