സീറോ മലങ്കര ജൂലൈ 18 മര്‍ക്കോ. 4: 1-20 ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ

ഫാ. ചാക്കോ മേലേടത്ത്

നമുക്കെല്ലാം സുപരിചിതമായ വചനഭാഗം. പല ആക്ഷൻ സോങ്ങ് ഉൾപ്പെടെ നമ്മൾ ചെറുപ്പത്തിൽ ചെയ്തതും ഇപ്പോൾ നമ്മുടെ ദേവാലയങ്ങളിലെ കുട്ടികളും ചെയ്തുകൊണ്ടിരിക്കുന്നതും ആയ ഒരു വചനഭാഗം. ക്രിസ്തു തന്നെ വചനത്തിന്റെ വ്യാഖ്യാനം പറഞ്ഞിരിക്കുന്നു. കാര്യം വേഗം ഗ്രഹിക്കുന്നതിന് ഉപമകൾ വഴിയാണ് അവിടുന്ന് സംസാരിച്ചത് . നാലു തരം ഹൃദയങ്ങളെ പറ്റിയാണ് പറയുക. ഒന്ന് വഴിവക്കായ ഹൃദയം, രണ്ട് പാറപ്പുറം ആയ ഹൃദയം, മൂന്ന് മുള്ള് നിറഞ്ഞ ഹൃദയം, നല്ല ഹൃദയം. “ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ അവർ ദൈവത്തെ കാണും” (മത്തായി 5:8).

ഹൃദയം എന്ന് ശാസ്ത്രീയമായി പറഞ്ഞാലും ക്രിസ്തു ഉദ്ദേശിച്ചതും മനുഷ്യന്റെ ചിന്താമണ്ഡലത്തെക്കുറിച്ചാണ്. മനുഷ്യനെ മൃഗങ്ങളിൽ നിന്ന് വ്യത്യസ്തനാക്കുന്നതും ചിന്തകളാണ്. ഹൃദയത്തിന്റെ നിറവിൽ നിന്നാണ് അധരം സംസാരിക്കുന്നത്. ക്രിസ്തു ഏറ്റവും കൂടുതൽ വെറുത്തതും ഫരീസേയരുടെയും ചുങ്കക്കാരുടെയും കപടതയാണ്.
ജീവിതസാഹചര്യങ്ങളാണ് ഓരോ ഹൃദയങ്ങളെയും വഴിവക്കും പാറപ്പുറവും മുള്ളിനിടയും ആക്കിത്തീർത്തത്. ഓരോരുത്തരും വളർന്നുവന്ന സാഹചര്യങ്ങൾ അവരെ സ്വാധീനിച്ചിട്ടുണ്ടാകും. നല്ല നിലങ്ങൾ (നല്ല ചിന്തകൾ ഉള്ളവർ) ആയിത്തീരുക എന്നുള്ളതാണ് ഓരോ ക്രൈസ്തവനും ലക്ഷ്യം.

ഈ പെന്തക്കോസ്തിയിൽ നാം തിരിച്ചറിയുന്നത് പരിശുദ്ധാത്മാവ് വന്നുകഴിയുമ്പോൾ നിലങ്ങൾ രൂപാന്തരം പ്രാപിക്കും. ഏത് നിലം ആണെങ്കിലും ദൈവകരങ്ങളിലേക്ക് വച്ചുകൊടുക്കുക. ദാവീദ് ചെറിയ കല്ല് ദൈവകരങ്ങളിൽ വച്ചുകൊടുത്തപ്പോൾ ദൈവജനത്തെ നിന്ദിച്ചവനുള്ള ആയുധമായി. മോശ വിക്ക് ദൈവകരങ്ങളിൽ വച്ചപ്പോൾ ഇസ്രായേൽ ജനത്തെ നയിക്കാൻ പ്രാപ്തിയുള്ള നാവായി. ഈ പെന്തക്കോസ്ത് കാലഘട്ടത്തിൽ ദൈവാത്മാവ് നമ്മിൽ നിറയട്ടെ. ചിന്തകൾ രൂപാന്തരം പ്രാപിക്കട്ടെ…

ഫാ. ചാക്കോ മേലേടത്ത്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.