സീറോ മലങ്കര ജൂണ്‍ 27 മത്തായി 24: 45-51 കൃത്യസമയം

ദൈവമഹത്വത്തിനായുളള നമ്മുടെ പ്രവര്‍ത്തനങ്ങളില്‍ നാം ശ്രദ്ധ ചെലുത്തേണ്ട ദൈവത്തോടുള്ള വിശ്വസ്തതയെക്കുറിച്ചാണ് വചനം നമ്മോട് പങ്കുവയ്ക്കുന്നത്. ഒരുവന്‍ വിശ്വസ്തനും വിവേകിയുമായിത്തീരുന്നത് യജമാനനായ ദൈവം എല്‍പ്പിക്കുന്ന ഉത്തരവാദിത്വങ്ങള്‍ കൃത്യസമയത്ത് നിര്‍വ്വഹിക്കുന്നതു മൂലമാണ്. കൃത്യസമയം പാലിക്കാത്ത ഭൃത്യനെക്കുറിച്ച് വചനം പറയുന്നത് ഇപ്രകാരമാണ്: ‘പ്രതീക്ഷിക്കാത്ത ദിവസത്തിലും അറിയാത്ത മണിക്കൂറിലും യജമാനന്‍ വന്ന് അവനെ ശിക്ഷിക്കുകയും കപടനാട്യക്കാരുടെ കൂട്ടത്തില്‍ തള്ളുകയും ചെയ്യും’ (24:51). കൃത്യസമയം പാലിക്കാത്തവന്‍ കപടനാട്യക്കാരനാണെന്നാണ് ഈശോ ഇവിടെ പറഞ്ഞുവയ്ക്കുന്നത്.

അനുദിന ജീവിതത്തില്‍ ദൈവം ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വങ്ങള്‍ കൃത്യസമയത്ത് നിര്‍വ്വഹിക്കുവാന്‍ നമുക്ക് പരിശ്രമിക്കാം. കൃത്യസമയം പാലിക്കാത്തവന്‍ വിശ്വസ്തതയില്ലാത്തവനും കപടനാട്യക്കാരനുമാണെന്ന് ഈശോ പറയുമ്പോള്‍ കൃത്യസമയം പാലിച്ച് വിശ്വസ്തരും വിവേകികളുമാകുവാന്‍ നമുക്ക് പരിശ്രമിക്കാം. ആമ്മേന്‍.

ഫാ. ഫിലിപ്പ് മാത്യു വെട്ടിക്കാട്ട്‌